കാനഡയിലെ പ്രധാന അടിസ്ഥാന സൗകര്യ പദ്ധതികൾക്ക് അനുമതി നൽകുന്ന നടപടികൾ വേഗത്തിലാക്കാനുള്ള സർക്കാർ പദ്ധതി ഫലപ്രദമല്ലെന്ന് കൺസർവേറ്റീവ് നേതാവ് പിയറി പൊയിലീവ്രെ അഭിപ്രായപ്പെട്ടു. ഇംപാക്റ്റ് അസെസ്മെന്റ് ആക്റ്റ് മറികടന്ന് പ്രധാന അടിസ്ഥാന സൗകര്യ പദ്ധതികൾ വേഗത്തിൽ നടപ്പാക്കാനുള്ള സർക്കാരിന്റെ നിർദേശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഒട്ടാവയിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിനിടെയാണ് പൊയിലീവ്രെയുടെ ഈ പ്രതികരണം.
സർക്കാർ അവതരിപ്പിക്കുന്ന “ദേശീയ താൽപര്യ ബിൽ” രാജ്യനിർമ്മാണ പദ്ധതികൾ വേഗത്തിൽ നടപ്പിലാക്കാനായി നിലവിലെ ഇംപാക്റ്റ് അസസ്മെന്റ് നിയമത്തിന് പകരം ഒരു ലളിതമായ അനുമതി വ്യവസ്ഥ കൊണ്ടുവരുകയാണ്. എന്നാൽ ഇത് ചില പദ്ധതികൾ മുന്നോട്ട് കൊണ്ടു പോകാൻ സഹായിച്ചേക്കാമെങ്കിലും, ആക്റ്റ് തന്നെ നിലനിൽക്കുന്നിടത്തോളം കാലം ഡസൻ കണക്കിന് മറ്റ് പദ്ധതികൾ മുന്നോട്ട് വരാൻ പോലും സാധ്യതയില്ലെന്ന് പൊയിലീവ്രെ വാദിച്ചു.
C-69 എന്നറിയപ്പെടുന്ന ഇംപാക്റ്റ് അസെസ്മെന്റ് ആക്റ്റിനെ “ലോകത്തിലെ തന്നെ ഏറ്റവും മോശം അനുമതി സംവിധാനം” എന്ന് വിശേഷിപ്പിക്കുന്ന പൊയിലീവ്രെ, തിരഞ്ഞെടുപ്പ് പ്രചാരണകാലത്ത് ഇതിനെ ഇടയ്ക്കിടെ വിമർശിച്ചിരുന്നു. എന്നാൽ പ്രധാനമന്ത്രി മാർക്ക് കാർനി വലിയ പദ്ധതികൾ വേഗത്തിൽ മുന്നോട്ട് കൊണ്ടു പോകാമെന്ന് വാഗ്ദാനം ചെയ്ത് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയിരുന്നു. കാനഡയുടെ സമ്പദ്‌വ്യവസ്ഥയെ അനിശ്ചിതത്വവും അവിശ്വാസ്യതയും വർധിച്ചുകൊണ്ടിരിക്കുന്ന അമേരിക്കയിൽ നിന്ന് വേർപെടുത്താൻ ശ്രമിക്കുന്ന സാഹചര്യത്തിലാണ് ഈ നടപടി.
ബിൽ വായിക്കാതെ തന്റെ പാർട്ടി അതിനെ പിന്തുണയ്ക്കുമോ എന്ന ചോദ്യത്തിന് പൊയിലീവ്രെ വ്യക്തമായ മറുപടി നൽകിയില്ല. ഇത് നയപരമായ ചർച്ചകളിൽ കൂടുതൽ സങ്കീർണതകൾ സൃഷ്ടിക്കാൻ സാധ്യതയുണ്ട്.



