ഡൗൺടൗൺ എഡ്മണ്ടണിൽ വിദ്യാർത്ഥികൾക്കായി കൂടുതൽ താങ്ങാനാവുന്ന വീടുകൾ ഒരുക്കുന്നതിനുള്ള പുതിയ പദ്ധതിയുമായി സിറ്റി കൗൺസിൽ. കാനഡയിലെ ഇത്തരം ആദ്യ പദ്ധതിക്ക് ഓഗസ്റ്റ് 13-ന് നടക്കുന്ന സിറ്റി കൗൺസിൽ യോഗം അംഗീകാരം നൽകിയാൽ, 500-ഓളം ഭവന യൂണിറ്റുകളുടെ നിർമ്മാണത്തിനുള്ള പെർമിറ്റുകൾ 2026 നവംബറോടെ നൽകാനായേക്കും. കാനഡ മോർട്ട്ഗേജ് ആൻഡ് ഹൗസിംഗ് കോർപ്പറേഷന്റെ ഹൗസിംഗ് ആക്സിലറേറ്റർ ഫണ്ടിൽ നിന്നാണ് പദ്ധതിക്കാവശ്യമായ ഫണ്ട് കണ്ടെത്തുക.
നിലവിൽ, എഡ്മണ്ടൺ നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് വിദ്യാർത്ഥികൾക്കുള്ള ഭവനക്ഷാമം. നഗരത്തിലെ റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാരുടെ കൂട്ടായ്മയായ BILD Edmonton Metro-യുടെ വൈസ് പ്രസിഡന്റ് ലിൻഡ്‌സെ ബട്ടർഫീൽഡ്, വിദ്യാർത്ഥികൾക്ക് കുറഞ്ഞ വരുമാനം മാത്രമുള്ളതിനാൽ താമസ സൗകര്യങ്ങൾ കണ്ടെത്താൻ അവർ ബുദ്ധിമുട്ടുന്നുവെന്ന് ചൂണ്ടിക്കാട്ടി. നഗരത്തിൽ നിരവധി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ടെന്നും അതിനാൽ, വിദ്യാർത്ഥികളുടെ എണ്ണവും കൂടുതലാണെന്നും അവർ കൂട്ടിച്ചേർത്തു.
വിദ്യാർത്ഥികൾ താമസിക്കുന്നതിലൂടെ നഗരത്തിന്റെ പുനരുജ്ജീവനവും റീട്ടെയ്ൽ മേഖലയുടെ വളർച്ചയും സാധ്യമാകും. വിദ്യാർത്ഥികളുടെ ഭവനപ്രശ്നങ്ങൾ പരിഹരിക്കുന്നത് ലക്ഷ്യമിട്ടാണ് ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. 2023-ലെ എഡ്മണ്ടൺ ഹൗസിംഗ് റിപ്പോർട്ടിലും വിദ്യാർത്ഥികൾ നേരിടുന്ന ഭവനപ്രശ്നങ്ങൾ വ്യക്തമാക്കിയിരുന്നു. പുതിയ പദ്ധതി പ്രകാരം, ഡെവലപ്പർമാർക്ക് ഒരു പുതിയ യൂണിറ്റിന് 30,000 ഡോളർ വരെ ഗ്രാന്റ് ലഭിക്കും.
ഈ പദ്ധതിയെ പിന്തുണച്ച് യൂണിവേഴ്സിറ്റി ഓഫ് ആൽബർട്ടയിലെ വിദ്യാർത്ഥി യൂണിയൻ വൈസ് പ്രസിഡന്റ് അബ്ദുൾ അബ്ബാസിയും രംഗത്തെത്തി. വീടിന്റെ വാടക വർധനവ് മൂലം ഭക്ഷണം പോലും ഉപേക്ഷിക്കേണ്ട അവസ്ഥയിലാണ് പല വിദ്യാർത്ഥികളുമെന്ന് അദ്ദേഹം പറഞ്ഞു. ഭവന നിർമ്മാണത്തിൽ ഡെവലപ്പർമാരുമായി ചേർന്ന് പ്രവർത്തിക്കാൻ തങ്ങൾ തയ്യാറാണെന്ന് മാക്ഇവാൻ യൂണിവേഴ്സിറ്റി പ്രസിഡന്റും വൈസ് ചാൻസലറുമായ അനെറ്റ് ട്രിംബി അറിയിച്ചു. വിദ്യാർത്ഥികളുടെ ഭവന ആവശ്യങ്ങൾ മനസ്സിലാക്കി, അവർക്ക് അനുയോജ്യമായ വീടുകൾ ഒരുക്കാൻ ഈ പദ്ധതി സഹായകമാകുമെന്നും അവർ കൂട്ടിച്ചേർത്തു.
Good news for students; affordable housing will now be available in Edmonton



