യു.എസിന്റെ ഗോൾഡൻ ഡോം പദ്ധതിയിൽ കാനഡ പങ്കാളിയാകരുതെന്ന അഭിപ്രായത്തിൽ ഭൂരിഭാഗം കാനേഡിയന്മാരും. നാനോസ് റിസർച്ചിന്റെ പുതിയ സർവേയിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. ഈ മാസം ആദ്യം 1,120 കനേഡിയൻ മുതിർന്നവരിൽ നടത്തിയ റാൻഡമൈസ്ഡ് സർവേയിൽ 63 ശതമാനം പേരും കാനഡ അമേരിക്കൻ ഗോൾഡൻ ഡോമിന്റെ ഭാഗമാകരുതെന്ന് അഭിപ്രായപ്പെട്ടു, പകരം കനേഡിയൻ സായുധ സേന ശക്തിപ്പെടുത്തുന്നതിന് മുൻഗണന നൽകണമെന്ന് ആളുകൾ അഭിപ്രായപ്പെടുന്നു. പ്രതികരിച്ചവരിൽ ഏകദേശം 17 ശതമാനം പേർ ഗോൾഡൻ ഡോമിൽ ചേരുന്നതിന് ആവശ്യമായ ചെലവുകൾ നൽകുന്നതിനെ പിന്തുണച്ചു, 20 ശതമാനം പേർ തങ്ങൾക്ക് പദ്ധതിയെക്കുറിച്ച് വ്യക്തമായ ധാരണയില്ലെന്ന് പറഞ്ഞു.
35-54 വയസ്സ് പ്രായമുള്ളവർ പ്രതിരോധ കരാറിൽ ചേരുന്നതിന് പിന്തുണ പ്രകടിപ്പിക്കാനുള്ള സാധ്യത നേരിയ തോതിൽ കൂടുതലാണ് (19.8 ശതമാനം), പുരുഷന്മാർ സ്ത്രീകളേക്കാൾ ഏകദേശം ഇരട്ടി സാധ്യതയുള്ളവരാണ് (യഥാക്രമം 22.6 ഉം 11.6 ഉം ശതമാനം). പ്രാദേശികമായി, ഗോൾഡൻ ഡോം പിന്തുണ നോക്കിയാൽ പ്രൈറീസ് (20.3 ശതമാനം), ബ്രിട്ടീഷ് കൊളംബിയ (19.9 ശതമാനം), ക്യൂബെക്ക് (19.6 ശതമാനം) എന്നിവിടങ്ങളിൽ കൂടുതലാണ്, അറ്റ്ലാന്റിക് കാനഡ (12 ശതമാനം), ഒന്റാറിയോ (13.6 ശതമാനം) എന്നിവിടങ്ങളിൽ ഏറ്റവും കുറവും.
കഴിഞ്ഞ മാസമാണ്, ട്രംപ് ഗോൾഡൻ ഡോം നിർമ്മിക്കാനുള്ള തന്റെ പദ്ധതി ലോകത്തോട് വിളിച്ചുപറഞ്ഞത്. വിശാലമായ, ബഹുതല പ്രതിരോധ ഗ്രിഡാണിത്. ലോകമെമ്പാടും നിന്ന് , ബഹിരാകാശത്ത് നിന്ന് പോലും വിക്ഷേപിക്കപ്പെടുന്ന മിസൈലുകളെ തടയാൻ ഇതിന് കഴിയുമെന്നാണ് ട്രംപിന്റെ അവകാശവാദം. 175 ബില്യൺ ഡോളറാണ് പദ്ധതിയുടെ ചിലവ്. മാത്രമല്ല, പദ്ധതി പ്രാവർത്തികമാക്കാൻ വർഷങ്ങളെടുക്കും എന്നാണ് കരുതുന്നത്. നിലവിൽ ജനുവരി 2029ന് മുൻപാകെ പദ്ധതി നടപ്പിലാക്കാമെന്നാണ് കരുതുന്നത്. എന്നാൽ കമ്പനികളെ എങ്ങനെ തിരഞ്ഞെടുക്കുമെന്നത് സംബന്ധിച്ചുള്ള അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്. എങ്കിലും പെന്റഗൺ പദ്ധതിക്കായുള്ള മിസൈലുകൾ, സെൻസറുകൾ, സാറ്റ്ലൈറ്റുകൾ എന്നിവയെല്ലാം നിർമിക്കാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിക്കഴിഞ്ഞു.



