അമേരിക്കൻ താരിഫുകളോട് പ്രതികരിച്ചുകൊണ്ട് ജനറൽ മോട്ടോഴ്സ് കമ്പനി അതിന്റെ ഒഷാവ അസംബ്ലി പ്ലാന്റിൽ ഉത്പാദനം കുറയ്ക്കുന്നു. ഈ Autumn മുതൽ മൂന്ന് ഷിഫ്റ്റ് സമ്പ്രദായത്തിൽ നിന്ന് രണ്ട് ഷിഫ്റ്റിലേക്ക് മാറുന്ന ഈ തീരുമാനം ഏകദേശം 750 തൊഴിലാളികളുടെ ജോലി നഷ്ടത്തിന് കാരണമാകും. കാനഡയിൽ നിർമ്മിക്കുന്ന വാഹനങ്ങൾക്ക് അമേരിക്ക ഏർപ്പെടുത്തിയ താരിഫുകളും വിപണിയിലെ ഡിമാൻഡ് കുറവുമാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് കമ്പനി അറിയിച്ചു. ഷെവ്റോലെ സിൽവറാഡോ പിക്കപ്പ് ട്രക്കുകൾ നിർമ്മിക്കുന്ന പ്ലാന്റ് ഇനി മുതൽ കാനഡിയൻ വിപണിയിൽ മാത്രം ഉൽപ്പന്നങ്ങൾ വിതരണം ചെയ്യാനൊരുങ്ങുകയാണ്
.
പിരിച്ചുവിടലിനെതിരെ യൂണിഫോർ യൂണിയൻ ശക്തമായ പ്രതിരോധവുമായി രംഗത്തുള്ളതായി യൂണിയൻ പ്രസിഡന്റ് ലാന പെയ്ൻ ഈ തീരുമാനത്തെ “അവിവേകപൂർണ്ണം” എന്ന് വിശേഷിപ്പിച്ചു. പ്ലാന്റ് പുനരാരംഭിക്കുന്നതിനായി ഫെഡറൽ, പ്രവിശ്യാ സർക്കാരുകൾ നൽകിയ പ്രധാന നിക്ഷേപങ്ങളെ അനാദരിക്കുന്നതാണ് ഈ തീരുമാനമെന്ന് യൂണിയൻ വിമർശിച്ചു. സർക്കാരുകളും കമ്പനിയും തമ്മിലുള്ള പ്രതിബദ്ധതകൾ ആ തീരുമാനം പൊളിച്ചെഴുതുന്നതായും യൂണിയൻ ആരോപിച്ചു.
പരിഷ്കരിച്ച വ്യാപാരസാഹചര്യങ്ങളിൽ സുസ്ഥിരമായ ഉത്പാദനം നിലനിർത്തുന്നതിന് ആവശ്യമായ നീക്കമാണിതെന്ന് ജിഎം ന്യായീകരിച്ചു. തൊഴിൽ പിരിച്ചുവിടലിനെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച ഒന്റാരിയോ പ്രീമിയർ ഡഗ് ഫോർഡ് ബാധിതരായ കുടുംബങ്ങളോട് സഹതാപം പ്രകടിപ്പിച്ചു. പ്രതിസന്ധിയെ അതിജീവിക്കാൻ ഓട്ടോമൊബൈൽ വ്യവസായത്തെ സഹായിക്കുമെന്നും ഒന്റാരിയോയിൽ തൊഴിലവസരങ്ങൾ സംരക്ഷിക്കുകയും പുതിയവ സൃഷ്ടിക്കുകയും ചെയ്യാൻ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം ഉറപ്പ് നൽകി. കാനഡ-അമേരിക്ക വ്യാപാര ബന്ധങ്ങളിലെ പിരിമുറുക്കത്തിന്റെ നേരിട്ടുള്ള ഫലമാണ് തൊഴിൽ നഷ്ടമെന്ന് ഒഷാവ തൊഴിലാളി സമൂഹം കാണുന്നു.



