ഒട്ടാവ: മിഡിൽ ഈസ്റ്റിലെ യുദ്ധം മൂന്നാം ആഴ്ചയിലേക്ക് കടക്കുമ്പോൾ മേഖലയിൽ കുടുങ്ങിയ കാനഡക്കാരെ തിരികെയെത്തിക്കാനുള്ള നടപടികൾ ഊർജിതമാക്കിയതായി കാനഡ ഗ്ലോബൽ അഫയേഴ്സ്. വിമാനത്താവളങ്ങളും ആകാശപാതകളും അടച്ചതിനെത്തുടർന്ന് പാസ്‌പോർട്ട് വിതരണം തടസ്സപ്പെട്ടത് കാനഡക്കാർക്ക് മടക്കയാത്രയ്ക്ക് പ്രതിസന്ധിയുണ്ടാക്കിയിരുന്നു. എന്നാൽ വിമാന സർവീസുകൾ ക്രമേണ പുനരാരംഭിക്കുന്നതോടെ യാത്രാരേഖകൾ ലഭ്യമാക്കുന്നതിലെ തടസ്സങ്ങൾ നീങ്ങുമെന്നും സ്ഥിതിഗതികൾ മെച്ചപ്പെടുമെന്നും സർക്കാർ പ്രസ്താവനയിൽ അറിയിച്ചു.
നിലവിൽ ലെബനോണിലെ മനുഷ്യാവകാശ സാഹചര്യങ്ങൾ സർക്കാർ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ള കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേൽ ആക്രമണം തുടരുന്ന പശ്ചാത്തലത്തിൽ, ലെബനീസ് സർക്കാരിന്റെ അഭ്യർത്ഥനപ്രകാരം 37.7 മില്യൺ ഡോളറിന്റെ അടിയന്തര സഹായം കാനഡ പ്രഖ്യാപിച്ചു. ഭക്ഷണം, മരുന്ന്, ശുദ്ധജലം, താമസസൗകര്യം എന്നിവ ഉറപ്പാക്കുന്നതിനാണ് ഈ തുക വിനിയോഗിക്കുക. ഇരുപതിനായിരത്തോളം കാനഡക്കാരാണ് നിലവിൽ ലെബനോണിൽ മാത്രം രജിസ്റ്റർ ചെയ്തിട്ടുള്ളത്.
യുദ്ധം ആരംഭിച്ച ഫെബ്രുവരി 28 മുതൽ ഏകദേശം 8,500 കാനഡക്കാർ ഇതിനോടകം സ്വന്തം നാട്ടിലേക്ക് മടങ്ങിക്കഴിഞ്ഞു. ആയിരത്തിലധികം പേരെ സുരക്ഷിതമായ രാജ്യങ്ങളിലേക്ക് മാറ്റാനും സർക്കാരിന് സാധിച്ചു. എംബസികൾ വഴി നേരിട്ടുള്ള സേവനങ്ങൾ ഇപ്പോൾ പരിമിതമാണെങ്കിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന എമർജൻസി സെന്റർ വഴി സഹായം തുടരുന്നുണ്ട്. സംഘർഷം തുടങ്ങിയ ശേഷം ഇതുവരെ കാനഡക്കാർക്ക് ആർക്കും പരിക്കേൽക്കുകയോ മരണം സംഭവിക്കുകയോ ചെയ്തതായി റിപ്പോർട്ടുകളില്ലെന്നും അധികൃതർ വ്യക്തമാക്കി.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Travel restrictions lifted; Global Affairs announces relief for Canadians stranded in the Middle East



