ലോക ഫുട്ബോളിലെ ഒട്ടുമിക്ക കിരീടങ്ങളും സ്വന്തമാക്കിയിട്ടുണ്ടെങ്കിലും, തോമസ് മുള്ളറുടെ പോരാട്ടവീര്യത്തിന് ഒരു കുറവുമില്ല. 35-ാം വയസ്സിലും വിരമിക്കാൻ താൻ ഒരുക്കമല്ലെന്ന് പറയുന്ന ഈ ജർമൻ അറ്റാക്കിങ് മിഡ്ഫീൽഡർ, തന്റെ ശ്രദ്ധ മുഴുവൻ മേജർ ലീഗ് സോക്കറിലെ (MLS) പുതിയ ക്ലബ്ബായ വാൻകൂവർ വൈറ്റ്‌ക്യാപ്‌സിനൊപ്പം കിരീടങ്ങൾ നേടുന്നതിലാണ്. കഴിഞ്ഞ ദിവസം നടന്ന പത്രസമ്മേളനത്തിൽ മുള്ളർ ഈ കാര്യം തുറന്നുപറഞ്ഞു.
“തനിക്ക് ഇതൊരു പുതിയ സാഹസിക യാത്രയാണ്, പക്ഷേ കിരീടങ്ങൾ നേടാൻ സാധ്യതയുണ്ടെങ്കിൽ മാത്രമേ എനിക്ക് ഇത്തരം യാത്രകളിൽ താൽപ്പര്യമുള്ളൂ, “വൈറ്റ്‌ക്യാപ്‌സിന്റെ ഈ സീസണിലെ പ്രകടനവും കഴിഞ്ഞ കുറച്ച് വർഷങ്ങളിലെ വളർച്ചയും നോക്കിയാൽ, ഈ വർഷവും അടുത്ത വർഷവും കിരീടസാധ്യതയുണ്ടെന്ന് തനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ആഴ്ചയാണ് മുള്ളർ വൈറ്റ്‌ക്യാപ്‌സുമായി കരാർ ഒപ്പിട്ടത്. 2025 സീസൺ മുഴുവൻ ക്ലബ്ബിൽ കളിക്കുന്നതിനുള്ള കരാറാണ് ഇത്. കൂടാതെ 2026 സീസണിലേക്ക് ഒരു ഡെസിഗ്നേറ്റഡ് പ്ലെയർ ഓപ്ഷനും കരാറിലുണ്ട്. കഴിഞ്ഞ 17 വർഷം ജർമൻ ബുണ്ടസ്‌ലിഗയിലെ വമ്പന്മാരായ ബയേൺ മ്യൂണിക്കിനൊപ്പമായിരുന്നു മുള്ളർ. അവിടെ എല്ലാ മത്സരങ്ങളിൽ നിന്നുമായി 250 ഗോളുകൾ നേടി.
13 ലീഗ് കിരീടങ്ങളടക്കം ആകെ 33 ടൈറ്റിലുകൾ ബയേണിനൊപ്പം നേടിയിട്ടുണ്ട്. 2014-ൽ ജർമനിക്കൊപ്പം ലോകകപ്പും സ്വന്തമാക്കി. ആ ടൂർണമെന്റിൽ അഞ്ച് ഗോളുകളാണ് മുള്ളർ നേടിയത്. 2010 ലോകകപ്പിൽ അഞ്ച് ഗോളുകളും മൂന്ന് അസിസ്റ്റുകളുമായി ഗോൾഡൻ ബൂട്ടും അദ്ദേഹം നേടിയിരുന്നു. വിജയിക്കാനുള്ള തന്റെ ആഗ്രഹം ഒട്ടും കുറഞ്ഞിട്ടില്ലെന്ന് മുള്ളർ വ്യക്തമാക്കി. “ഇത് മുൻപ് നേടിയ കിരീടങ്ങളെക്കുറിച്ചല്ല, ഭാവിയിൽ നേടാൻ പോകുന്ന കിരീടങ്ങളെക്കുറിച്ചാണ്. അതാണ് എന്നെ പ്രചോദിപ്പിക്കുന്നത്,” അദ്ദേഹം പറഞ്ഞു.
“ഒരുപക്ഷേ, കിരീടങ്ങളല്ല, മത്സരങ്ങളോടുള്ള എന്റെ ഇഷ്ടമാണ് ഇതിനു പിന്നിൽ. ടീമിനൊപ്പമുള്ള മത്സരം, മറ്റു ടീമുകളോടുള്ള മത്സരം, സ്വയം മെച്ചപ്പെടാനുള്ള മത്സരം, ടീമിൽ സ്വന്തം സ്ഥാനം ഉറപ്പിക്കാനുള്ള മത്സരം – ഇതെല്ലാം എന്നെ ആവേശം കൊള്ളിക്കുന്നു. ജീവിതകാലം മുഴുവൻ ഒരു പോരാളിയായിരുന്നു ഞാൻ. ഫുട്ബോൾ കളിക്കുക എന്നതാണ് എന്റെ ഇഷ്ടം. ഈ പ്രായത്തിലും വിരമിക്കാൻ എന്റെ ശരീരം എന്നെ അനുവദിക്കുന്നില്ല.”
ഈ സീസണിൽ മികച്ച പ്രകടനം കാഴ്ചവച്ച വൈറ്റ്‌ക്യാപ്‌സ് ടീമിനൊപ്പമാണ് മുള്ളർ ചേരുന്നത്. ഈ സീസണിൽ എം.എൽ.എസ് സ്റ്റാൻഡിങ്‌സിൽ മുൻനിരയിലുള്ള അവർ നിലവിൽ വെസ്റ്റേൺ കോൺഫറൻസിൽ രണ്ടാം സ്ഥാനത്താണ്. 13 വിജയങ്ങളും 6 സമനിലകളും 6 തോൽവികളുമടക്കം മികച്ച റെക്കോർഡാണ് അവർക്കുള്ളത്. കോൺകാകാഫ് ചാമ്പ്യൻസ് കപ്പിൽ ഫൈനലിൽ എത്താനും അവർക്ക് കഴിഞ്ഞു. അടുപ്പിച്ച് നാലാം കനേഡിയൻ ചാമ്പ്യൻഷിപ്പ് കിരീടമാണ് ടീമിന്റെ ലക്ഷ്യം.
മുള്ളറുടെ വരവ് ടീമിലെ യുവതാരങ്ങൾക്ക് കൂടുതൽ പ്രചോദനമാകുമെന്ന് വൈറ്റ്‌ക്യാപ്‌സ് പരിശീലകൻ ജെസ്പർ സോറൻസെൻ പറഞ്ഞു. മുള്ളറുടെ കളിമികവും, ഫുട്ബോൾ IQ-വും ടീമിന് വലിയ മുതൽക്കൂട്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുള്ളറുടെ സൈനിങ് ക്ലബ്ബിന്റെ ആരാധകർക്കിടയിൽ വലിയ ആവേശമുണ്ടാക്കിയിട്ടുണ്ട്. സീസണിലെ അവസാന ആറ് ഹോം മത്സരങ്ങളുടെ ടിക്കറ്റ് വിൽപ്പന കുതിച്ചുയർന്നതായി വൈറ്റ്‌ക്യാപ്‌സ് സി.ഇ.ഒ. ആക്സൽ ഷൂസ്റ്റർ പറഞ്ഞു.
മുള്ളർ അരങ്ങേറ്റം കുറിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഞായറാഴ്ചത്തെ ഹ്യൂസ്റ്റൺ ഡൈനാമോസിനെതിരായ മത്സരത്തിന്റെ ടിക്കറ്റുകൾ പൂർണ്ണമായി വിറ്റുപോയെന്നും ക്ലബ്ബിന്റെ ഫാൻ ഷോപ്പിൽ റെക്കോർഡ് വിൽപ്പന നടന്നെന്നും അദ്ദേഹം അറിയിച്ചു. മുള്ളറിനെ ടീമിലെത്തിച്ചത് കേവലം ടീമിന് ചുറ്റും ഒരു തരംഗം സൃഷ്ടിക്കാൻ മാത്രമല്ലെന്നും, മികച്ച പ്രകടനം കാഴ്ചവെക്കുന്ന ടീമിന് ഈ ശ്രദ്ധ അർഹതപ്പെട്ടതാണെന്നും ഷൂസ്റ്റർ കൂട്ടിച്ചേർത്തു.
മുള്ളറിനും ഈ ആവേശം നേരിട്ടറിയാൻ കഴിഞ്ഞു. കഴിഞ്ഞ ബുധനാഴ്ച വാൻകൂവർ വിമാനത്താവളത്തിൽ വൻ സ്വീകരണമാണ് അദ്ദേഹത്തിന് ലഭിച്ചത്. തദ്ദേശീയ നേതാക്കൾ അദ്ദേഹത്തെ ഷാൾ അണിയിച്ച് സ്വീകരിച്ചു. തുടർന്ന് ആരാധകരുമായി ഫോട്ടോയെടുത്തും ഓട്ടോഗ്രാഫ് നൽകിയും അദ്ദേഹം സമയം ചെലവഴിച്ചു.
വൈറ്റ്‌ക്യാപ്‌സിന് വേണ്ടി വലിയ നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിഞ്ഞാൽ, വാൻകൂവറിലെ ജനങ്ങൾ അതിന് വലിയ പിന്തുണ നൽകുമെന്നും, ടീമിന്റെ ഈ യാത്രയിൽ ഒരു ഭാഗമാകാൻ കഴിഞ്ഞതിൽ താൻ അഭിമാനിക്കുന്നുവെന്നും മുള്ളർ പറഞ്ഞു. “ഇവിടെ എത്തിയതിൽ എനിക്ക് വളരെ സന്തോഷമുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു.
German football legend Thomas Muller joins Vancouver Whitecaps; aiming for trophies



