ഒട്ടാവ: കാനഡയുടെ പാർലമെന്റ് ചരിത്രത്തിൽ ആദ്യമായി 2000-ത്തിന് ശേഷം ജനിച്ച ഈ നാല് യുവപ്രതിനിധികളാണ് ഇപ്പോൾ ഹൗസ് ഓഫ് കോമൺസിലെ താരങ്ങൾ. കഴിഞ്ഞ ഫെഡറൽ തിരഞ്ഞെടുപ്പിൽ വിജയിച്ച ഫാരെസ് അൽ സൗദ്, അമൻദീപ് സോധി, ജേക്ക് സവാറ്റ്‌സ്കി, ടാറ്റിയാന അഗസ്റ്റെ എന്നീ ലിബറൽ പാർട്ടി അംഗങ്ങളാണ് തങ്ങളുടെ എട്ടുമാസത്തെ പ്രവർത്തനങ്ങളിലൂടെ രാജ്യത്തെ യുവതലമുറയുടെ ശബ്ദമായി മാറുന്നത്.
യുവജനങ്ങളുടെ പ്രശ്നങ്ങൾ സഭയിൽ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇവർ പ്രത്യേക ‘യൂത്ത് കോക്കസ്’ (Youth Caucus) രൂപീകരിച്ചു. യുവജനങ്ങളിലെ മാനസികാരോഗ്യം, തൊഴിലില്ലായ്മ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സൃഷ്ടിക്കുന്ന ആഘാതങ്ങൾ എന്നിവ പരിഹരിക്കാനാണ് ഈ കൂട്ടായ്മ മുൻഗണന നൽകുന്നത്. മുതിർന്ന രാഷ്ട്രീയക്കാരുടെ തീരുമാനങ്ങൾക്കപ്പുറം, യുവാക്കളുടെ കാഴ്ചപ്പാടുകൾ നയരൂപീകരണത്തിൽ ഉൾപ്പെടുത്തണമെന്നാണ് ഇവരുടെ വാദം.
ബാംപ്ടൺ സെന്ററിൽ നിന്നുള്ള എംപി അമൻദീപ് സോധി പതിനൊന്നാം വയസ്സു മുതൽ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ഭവനരഹിതർ നേരിടുന്ന പ്രതിസന്ധി, ജീവിതച്ചെലവിലെ വർധന, ക്രിമിനൽ കുറ്റകൃത്യങ്ങൾ എന്നിവ പരിഹരിക്കാനാണ് താൻ പ്രാധാന്യം നൽകുന്നതെന്ന് സോധി വ്യക്തമാക്കി. ടെറെബോണിൽ നിന്നുള്ള ടാറ്റിയാന അഗസ്റ്റെ കേവലം ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പാർലമെന്റിലെത്തിയത്. വെള്ളപ്പൊക്കവും വരൾച്ചയും തടയുന്നതിനുള്ള ദേശീയ തന്ത്രം മെനയുന്നതുമായി ബന്ധപ്പെട്ട സുപ്രധാന ബിൽ ടാറ്റിയാന ഇതിനകം അവതരിപ്പിച്ചു കഴിഞ്ഞു.
ന്യൂറോ സയൻസ് പശ്ചാത്തലമുള്ള ജേക്ക് സവാറ്റ്‌സ്കി അപ്രതീക്ഷിതമായാണ് രാഷ്ട്രീയത്തിലെത്തിയത്. ന്യൂ വെസ്റ്റ്മിൻസ്റ്റർ-ബർണബി-മൈലാർഡ്‌വില്ലെ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഇദ്ദേഹം മാനസികാരോഗ്യം, ലഹരിവിമോചനം എന്നിവയുമായി ബന്ധപ്പെട്ട നയരൂപീകരണത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. യുവാക്കൾ തന്നെ നേരിട്ട് തിരഞ്ഞെടുപ്പിൽ മത്സരിച്ചാൽ മാത്രമേ അവർക്ക് കൃത്യമായ പ്രാതിനിധ്യം ലഭിക്കൂ എന്ന് സവാറ്റ്‌സ്കി വിശ്വസിക്കുന്നു.
സർവകലാശാലാ പഠനകാലത്ത് രാഷ്ട്രീയത്തിൽ സജീവമായ ഫാരെസ് അൽ സൗദ്, മിസിസാഗ സെന്ററിൽ നിന്നാണ് ജനവിധി തേടിയത്. കാനഡയിലെ ജനസംഖ്യയിൽ വലിയൊരു വിഭാഗം യുവാക്കളാണെന്നും, അതിനാൽ തന്നെ പാർലമെന്റിലും അവരുടെ സാന്നിധ്യം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. പ്രായമേറിയ രാഷ്ട്രീയക്കാർ മാത്രം തീരുമാനമെടുക്കുന്ന രീതിക്ക് മാറ്റം വരുത്താൻ ഈ നാലംഗ സംഘം ഒറ്റക്കെട്ടായി നീങ്ങുകയാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
'Generation Z' is strong in the Canadian Parliament; These four young MPs made history



