ടൊറന്റോ: 2025 ഏപ്രിൽ 1ന് അർധരാത്രി മുതൽ ഗ്രേറ്റർ ടൊറന്റോ ഏരിയയിൽ (GTA) ഇന്ധന വിലയിൽ ലിറ്ററിന് 20 20 സെന്റ് കുറയും. ഫെഡറൽ ഉപഭോക്തൃ കാർബൺ നികുതി നിർത്തലാക്കിയതിനെ തുടർന്നാണ് ഈ വില കുറവ്. പ്രധാനമന്ത്രി മാർക്ക് കാർണി ഈ മാസം ആദ്യം നികുതി നിർത്തലാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു, ഇത് രാജ്യവ്യാപകമായി ഇന്ധന വിലയിൽ കുറവുണ്ടാക്കും.
ഗാസ്‌വിസാർഡ്.സിഎ യുടെ വിശകലന വിദഗ്ധനായ ഡാൻ മക്‌ടീഗ് പറയുന്നത് അനുസരിച്ച്, ജിടിഎയിൽ ഇന്ധന വില ലിറ്ററിന് 1.57 ഡോളറിൽ നിന്ന് 1.37 ഡോളറായി കുറയുമെന്ന് കണക്കാക്കപ്പെടുന്നു. ഗ്യാസോലിനിൽ ഏർപ്പെടുത്തിയിരുന്ന കാർബൺ നികുതി ലേവി (ലിറ്ററിന് 17.61 സെന്റ്) ഇനി ഈടാക്കില്ല. ഗ്യാസോലിന് മാത്രമല്ല, ഡീസൽ, വിമാന ഇന്ധനം, പ്രൊപ്പേൻ, പ്രകൃതി വാതകം എന്നിവയുടെ വിലയിലും ഇത് സ്വാധീനം ചെലുത്തും.
ഒന്റാരിയോ പ്രീമിയർ ഡഗ് ഫോർഡ് ഈ നീക്കത്തെ സ്വാഗതം ചെയ്തു. കാർബൺ നികുതി നിർത്തലാക്കുന്നത് സാധാരണ ജനങ്ങൾക്ക് സാമ്പത്തിക ആശ്വാസം നൽകുമെന്നും, ദൈനംദിന ജീവിത ചെലവുകൾ കുറയ്ക്കുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ പരിസ്ഥിതി പ്രവർത്തകർ ഈ തീരുമാനം ദീർഘകാല പാരിസ്ഥിതിക ലക്ഷ്യങ്ങളെ ബാധിക്കുമെന്ന ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്



