ലണ്ടൻ, ഒൻ്റാറിയോ: ലണ്ടൻ ഡൗൺടൗൺ മേഖലയിൽ ഇന്ന് ഉച്ചയ്ക്ക് ശേഷം ഉണ്ടായ വാതക ചോർച്ച നഗരത്തെ മുൾമുനയിലാക്കിയിരിക്കുകയാണ് .സംഭവത്തെ തുടർന്ന് നഗരത്തിലെ എട്ടോളം ബ്ലോക്കുകളിൽ നിന്നും ആളുകളെ ഒഴിപ്പിച്ചു. ടാൽബോട്ട് സ്ട്രീറ്റിനും ഡഫറിൻ സ്ട്രീറ്റിനും സമീപമുള്ള ഒരു നിർമ്മാണ സ്ഥലത്ത് വാതക പൈപ്പ് ലൈൻ കേടായതിനെ തുടർന്നാണ് ഈ സംഭവം നടന്നത്.വിവരം ലഭിച്ചയുടൻ അടിയന്തര സേനാ വിഭാഗങ്ങൾ സ്ഥലത്തേക്ക് കുതിച്ചെത്തി.
നഗരത്തിൻ്റെ പടിഞ്ഞാറൻ ഡൗൺടൗൺ ഭാഗത്തെ വലിയൊരു പ്രദേശം പോലീസ് പൂർണ്ണമായി വളഞ്ഞിരിക്കുകയാണ്. ആൽബർട്ട് സ്ട്രീറ്റിനും ക്വീൻസ് അവന്യൂവിനും ഇടയിലുള്ള ഭാഗത്തും, റിച്ച്മണ്ട് സ്ട്രീറ്റ് മുതൽ റിഡൗട്ട് സ്ട്രീറ്റ് നോർത്ത് വരെയുള്ള മേഖലയിലും നിന്ന് മാറിനിൽക്കാൻ അധികൃതർ ജനങ്ങളോട് കർശനമായി നിർദ്ദേശിച്ചിട്ടുണ്ട്. സുരക്ഷാ മുൻകരുതലിൻ്റെ ഭാഗമായി ഇടവഴികളും കാൽനടപ്പാതകളും ഉൾപ്പെടെ ആളൊഴിഞ്ഞ നിലയിലാണ്.
പുതിയൊരു അപ്പാർട്ട്മെൻ്റ് കെട്ടിടത്തിന്റെ നിർമ്മാണം നടക്കുന്നിടത്താണ് ചോർച്ച സംഭവിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നത്. നിരവധി ഓഫീസ് സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന സമീപ പ്രദേശങ്ങളിൽ നിന്നുള്ള ജീവനക്കാരെ മുൻകരുതൽ നടപടിയായി ഒഴിപ്പിച്ചു. വാതക ചോർച്ച നിയന്ത്രിക്കാനും നാശനഷ്ടങ്ങൾ വിലയിരുത്താനുമുള്ള തീവ്ര ശ്രമത്തിലാണ് രക്ഷാപ്രവർത്തകർ.
അഗ്നിശമന സേനാംഗങ്ങൾ, പോലീസ്, വാതക വിതരണ കമ്പനിയിലെ സാങ്കേതിക വിദഗ്ധർ എന്നിവർ ഇപ്പോഴും സംഭവസ്ഥലത്ത് സജീവമായി നിലയുറപ്പിച്ചിട്ടുണ്ട്. ഇതുവരെ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല എന്നത് ആശ്വാസകരമാണ്. സ്ഥിതിഗതികൾ പൂർണ്ണമായി നിയന്ത്രണവിധേയമാകുന്നതുവരെ ഡൗൺടൗൺ മേഖലയിലേക്കുള്ള പ്രവേശനം ഒഴിവാക്കണമെന്ന് അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. അടിയന്തര സേനാ വിഭാഗങ്ങൾ നിരീക്ഷണം തുടരുന്ന സാഹചര്യത്തിൽ, കൂടുതൽ വിവരങ്ങൾ പിന്നീട് പുറത്തുവിടുമെന്നും അറിയിച്ചു.



