സ്കാർബ്രോ: ടൊറന്റോയിലുള്ള മലയാളികൾക്കായി ആവേശം നിറയ്ക്കുന്ന ക്രിസ്മസ് ആഘോഷമൊരുങ്ങുന്നു. പ്രമുഖ കൂട്ടായ്മയായ ‘ടീം ഗരുഡൻസ്’ സംഘടിപ്പിക്കുന്ന ‘വിന്റർ ബെൽസ്’ രണ്ടാം സീസണിൽ ലെവിറ്റേറ്റ് എന്റർടെയ്ൻമെന്റ് അവതരിപ്പിക്കുന്ന ‘ദ് ബിഗ്ബോസ് ഷോ’ ആണ് പ്രധാന ആകർഷണം. ഡിസംബർ 27-ന് വൈകിട്ട് 5.30-ന് ചൈനീസ് കൾച്ചറൽ സെന്ററിൽ വെച്ചാണ് ഈ കലാവിരുന്ന് നടക്കുന്നത്.
ഫാൽക്കെ പുരസ്കാര നിറവിൽ നിൽക്കുന്ന മലയാളത്തിന്റെ മഹാനടൻ മോഹൻലാലിനുള്ള ആദരമായാണ് ഈ ഷോ സമർപ്പിക്കുന്നത്. രണ്ട് മണിക്കൂർ നീളുന്ന പരിപാടിയിൽ ലാലേട്ടൻ സിനിമകളിലെ ഹിറ്റ് ഗാനങ്ങൾ, നൃത്തങ്ങൾ, സ്കിറ്റുകൾ എന്നിവ കോർത്തിണക്കിയിട്ടുണ്ട്. അൻപതിലേറെ പ്രാദേശിക കലാകാരന്മാരാണ് ഈ മെഗാ ഷോയിൽ അണിനിരക്കുന്നത്. ‘അപ്പാപ്പനും മോനും’ ലൈവ് ഷോയിലൂടെ പ്രശസ്തനായ ജെഡിയാണ് പരിപാടിയുടെ സംവിധാനം നിർവഹിക്കുന്നത്. ലൈവ് ബാൻഡ്, മെന്റലിസം തുടങ്ങിയ വൈവിധ്യമാർന്ന കലാപരിപാടികളും ഇതിന്റെ ഭാഗമായി ഉണ്ടാകും.
വടക്കൻ അമേരിക്കയിലെ ഏറ്റവും വലിയ ഓണാഘോഷമായ ‘മഹാഓണം’ ഒരുക്കിയ അതേ സംഘമാണ് ഇതാദ്യമായി മറ്റൊരു സംഘടനയ്ക്ക് വേണ്ടി ഷോ തയ്യാറാക്കുന്നത് എന്നത് പരിപാടിയുടെ മാറ്റുകൂട്ടുന്നു. ലെവിറ്റേറ്റ് എന്റർടെയ്ൻമെന്റ് മുൻപ് നടത്തിയ ‘കട്ടനും പാട്ടും’ എന്ന പരിപാടിയുടെ വിജയത്തിന് പിന്നാലെയാണ് ഈ പുത്തൻ സംരംഭം എത്തുന്നത്.
വിജയ് തനിഗസലം എം.പി.പിയാണ് ടിക്കറ്റ് പ്രകാശനം നടത്തിയത്. റിയൽറ്റർ ജിയോ ജോസാണ് മെഗാ സ്പോൺസർ. കിളിക്കൂട് മീഡിയ വഴി 25 ഡോളറിന് ടിക്കറ്റുകൾ ലഭ്യമാണ്. കാനഡയിലെ മലയാളികൾക്ക് ക്രിസ്മസ് ആഘോഷിക്കാൻ ലഭിക്കുന്ന ഏറ്റവും മികച്ച വേദികളിലൊന്നായി ഈ ബിഗ് ബോസ് ഷോ മാറുമെന്ന് സംഘാടകരായ ജെറിൻ രാജും ജോഷിയും അറിയിച്ചു.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Garudanz The BigBoss Show Toronto



