ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിലെ ഒരു നാഴികക്കല്ലായി ഹന്‍സല്‍ മേത്തയുടെ ‘ഗാന്ധി’ സീരിസിന്റെ ആദ്യ ഭാഗം ടൊറൻ്റോ രാജ്യാന്തര ചലച്ചിത്ര മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പ്രശസ്ത ചരിത്രകാരൻ രാമചന്ദ്ര ഗുഹയുടെ ‘Gandhi Before India’ , ‘Gandhi: The Years That Changed the World’ എന്നീ പുസ്തകങ്ങളെ അടിസ്ഥാനമാക്കി നിർമ്മിക്കുന്ന ഈ പരമ്പര മൂന്ന് ഭാഗങ്ങളിലായാണ് ഒരുങ്ങുന്നത്. മേളയുടെ പ്രൈം ടൈം വിഭാഗത്തിലാണ് ഇതിന്റെ ആഗോള പ്രീമിയർ നടക്കുക. അമ്പതു വർഷത്തെ മേളയുടെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു ഇന്ത്യൻ സീരീസ് ഇവിടെ പ്രദർശിപ്പിക്കപ്പെടുന്നത് എന്നത് ശ്രദ്ധേയമാണ്.
അപ്ലോസ് എന്‍റര്‍ടെയ്‌ന്‍മെന്‍റ് നിർമ്മിക്കുന്ന ഈ സീരിസിൽ മഹാത്മാഗാന്ധിയായി വേഷമിടുന്നത് നാടകരംഗത്തും സിനിമയിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രതീക് ഗാന്ധിയാണ്. ഇതിനു മുമ്പ് ‘മോഹന്‍ നോ മസാലോ’ എന്ന ഗുജറാത്തി നാടകത്തിൽ അദ്ദേഹം ഗാന്ധിജിയുടെ വേഷം അവതരിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ജീവിതപങ്കാളിയായ ഭാമിനി ഓസയാണ് കസ്തൂർബയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചരിത്രപരമായ കാര്യങ്ങളിൽ ഉപദേശം നൽകുന്നത് പ്രശസ്ത ടെലിവിഷൻ അവതാരകനും ക്വിസ് മാസ്റ്ററുമായ സിദ്ധാർത്ഥ് ബസുവാണ്.
ഗുജറാത്തി, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ നിർമ്മിക്കുന്ന ഈ സീരിസിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് വൈഭവ് വിശാൽ, ഹേമ ഗോപിനാഥൻ, സെഹാജ് മെയ്‌നി, കരണ്‍ വ്യാസ്, ഫെലിക്‌സ് വോണ്‍ സ്റ്റം, യശ്‌ന മല്‍ഹോത്ര എന്നിവർ ചേർന്നാണ്. പ്രഥം മേത്ത ഛായാഗ്രഹണവും എ.ആർ.റഹ്‌മാൻ സംഗീതവും നിർവ്വഹിക്കുന്നു. പരമ്പരയുടെ ആദ്യ ഭാഗത്തിൽ ഒരു മണിക്കൂർ ദൈർഘ്യമുള്ള എട്ട് എപ്പിസോഡുകളാണ് ഉള്ളത്. ഗാന്ധിജിയുടെ ജീവിതത്തിലെ ആദ്യത്തെ 45 വർഷങ്ങളാണ് ഇതിൽ ദൃശ്യവൽക്കരിക്കുന്നത്. ഒരു നിയമ വിദ്യാർത്ഥിയായി ഇംഗ്ലണ്ടിലും പിന്നീട് അഭിഭാഷകനും സാമൂഹ്യ പ്രവർത്തകനുമായി ദക്ഷിണാഫ്രിക്കയിലും അദ്ദേഹം ചെലവഴിച്ച കാലഘട്ടം ഈ ഭാഗം പറയുന്നു. അധികം ആരും കേട്ടിട്ടില്ലാത്ത ‘മോഹൻ’ എന്ന ഗാന്ധിജിയുടെ ആദ്യകാല ജീവിതമാണ് പരമ്പരയുടെ പ്രധാന ആകർഷണം. ഇംഗ്ലണ്ട്, ആഫ്രിക്ക, ഇന്ത്യ എന്നിവിടങ്ങളിൽ ചിത്രീകരിച്ച ഈ പരമ്പര ലോകശ്രദ്ധ നേടുമെന്നതിൽ സംശയമില്ല.



