2025-ലെ വേനൽക്കാലത്ത് പെട്രോൾ-ഡീസൽ വിലയിൽ വലിയ ഭയം വേണ്ടെന്ന് “കനേഡിയൻസ് ഫോർ അഫോർഡബിൾ എനർജി” നേതാവ് ഡാൻ മക്റ്റീഗ് അറിയിച്ചു. അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ പ്രവർത്തനങ്ങൾ മുമ്പ് വിലയെ ബാധിച്ചിരുന്നെങ്കിലും, വിലയിൽ ഇപ്പോൾ പ്രധാന സ്വാധീനം ചെലുത്തുന്നത് ലോകത്തിലെ എണ്ണ ആവശ്യം, ഒപെക് രാജ്യങ്ങളുടെ തീരുമാനങ്ങൾ, കാനഡയുടെ എണ്ണ ഉത്പാദനം എന്നിവയാണ്.
GasBuddy റിപ്പോർട്ട് അനുസരിച്ച്, കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് ഇന്ധനത്തിന്റെ വില 8.6 സെന്റ് ആയി ഉയർന്നെങ്കിലും, ഇത് കഴിഞ്ഞ വർഷം ഇതേ സമയത്തേക്കാൾ 24 സെന്റ് കുറവാണ്. അമേരിക്കയിലെ മെമോറിയൽ ഡേ ആഘോഷങ്ങളോട് അനുബന്ധിച്ച് ഇന്ധനവില 5-6 സെന്റ് വരെ ഉയരാൻ സാധ്യതയുണ്ടെങ്കിലും, മേയ് അവസാനത്തോടെ വില സ്ഥിരപ്പെടുമെന്ന് മക്റ്റീഗ് വ്യക്തമാക്കി.
ജൂലൈ-ഓഗസ്റ്റ് മാസങ്ങളിൽ വില ഉയരാൻ സാധ്യതയുണ്ടെങ്കിലും, ഒരു ലിറ്റർ ഇന്ധനത്തിന് $2 എന്ന തുക എത്തില്ലെന്ന് വിദഗ്ധൻ ഉറപ്പു നൽകിയിട്ടുണ്ട്. വാങ്കൂവറിൽ ഇപ്പോൾത്തന്നെ ലിറ്ററിന് $1.80 എത്തിയിട്ടുണ്ട്. കാനഡയിൽ ശരാശരി വില പരമാവധി $1.45 വരെ മാത്രമേ പോകൂ എന്ന നിഗമനം കാർ ഉടമകൾക്കും മറ്റ് ഇന്ധന ഉപയോക്താക്കൾക്കും വലിയ ആശ്വാസം പകരും എന്നാണ് പ്രതീക്ഷ.



