ഒട്ടാവ: കാനഡയിലെ ജനങ്ങൾ താമസസ്ഥലം മാറുന്നതിന്റെ പ്രധാന കാരണങ്ങൾ വെളിപ്പെടുത്തി സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ പുതിയ റിപ്പോർട്ട് പുറത്തുവന്നു. മികച്ച നിലവാരമുള്ളതും കൂടുതൽ സൗകര്യങ്ങളുള്ളതുമായ വലിയ വീടുകളിലേക്ക് മാറാനാണ് ഭൂരിഭാഗം ആളുകളും താല്പര്യപ്പെടുന്നത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ കാനഡയിലെ ഏകദേശം 33 ശതമാനം കുടുംബങ്ങളും താമസം മാറിയതായാണ് 2022-ലെ ഹൗസിംഗ് സർവേയെ ആസ്പദമാക്കിയുള്ള കണക്കുകൾ സൂചിപ്പിക്കുന്നത്. വീടുമാറിയവരിൽ 25.3 ശതമാനം പേരും മെച്ചപ്പെട്ട ജീവിതസാഹചര്യം തേടിയാണ് മാറിയത്. സ്വന്തമായി ഒരു വീട് വാങ്ങുക, മെച്ചപ്പെട്ട അയൽപക്കങ്ങളിലേക്ക് മാറുക, കുടുംബാംഗങ്ങളുടെ എണ്ണത്തിലുണ്ടാകുന്ന മാറ്റം എന്നിവയാണ് മറ്റ് പ്രധാന കാരണങ്ങൾ.
താമസം മാറുന്നവരിൽ ഭൂരിഭാഗം പേരും സ്വന്തം പ്രവിശ്യയ്ക്കുള്ളിൽ തന്നെയാണ് പുതിയ ഇടം കണ്ടെത്തുന്നത്. എന്നാൽ ഒരു പ്രവിശ്യയിൽ നിന്ന് മറ്റൊരു പ്രവിശ്യയിലേക്ക് കുടിയേറുന്നവർക്ക് പ്രധാനമായും തൊഴിൽപരമായ ലക്ഷ്യങ്ങളാണുള്ളത്. ഇത്തരത്തിൽ പ്രവിശ്യകൾ മാറി താമസിക്കുന്നവരിൽ 42.5 ശതമാനം പേരും മെച്ചപ്പെട്ട ജോലി തേടിയാണ് യാത്രയാകുന്നത്. 27.6 ശതമാനം പേർ കുടുംബത്തോടൊപ്പം താമസിക്കാനാണ് മുൻഗണന നൽകുന്നത്. അതേസമയം, ഓരോ പ്രായത്തിലുള്ളവർക്കും വീടുമാറുന്ന കാര്യത്തിൽ വ്യത്യസ്ത ലക്ഷ്യങ്ങളാണുള്ളതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. യുവതലമുറ പഠനത്തിനും ജോലിക്കുമായി യാത്ര ചെയ്യുമ്പോൾ, മിലനിയലുകൾ സ്വന്തമായി വീട് വാങ്ങുന്നതിനാണ് പ്രാധാന്യം നൽകുന്നത്. പ്രായമായവരാകട്ടെ, വീടിന്റെ ചെലവുകൾ കുറയ്ക്കാനും കുടുംബാംഗങ്ങൾ താമസിക്കുന്ന ഇടങ്ങളിൽ ഒരുമിച്ച് താമസിക്കാനുമാണ് ആഗ്രഹിക്കുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
From homeownership to work: What’s motivating Canadians to move



