ഫ്രെഡറിക്ടൺ: ഫ്രെഡറിക്ടണിൽ മയക്കുമരുന്ന് ഓവർഡോസ് കേസുകൾ ക്രമാതീതമായി വർധിക്കുന്നതായി പോലീസ് മുന്നറിയിപ്പ് നൽകി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 13 ഓളം കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. സെപ്റ്റംബർ മാസത്തിൽ മാത്രം 33 ഓവർഡോസ് കേസുകളാണ് നഗരത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇത് പോലീസിനും ആരോഗ്യപ്രവർത്തകർക്കും വലിയ തലവേദന സൃഷ്ടിച്ചിരിക്കുകയാണ്.
ഈ വർഷം ഇതുവരെ 113 കേസുകളിൽ പോലീസ് വൈദ്യസഹായം നൽകേണ്ടിവന്നു. കഴിഞ്ഞ വർഷം മുഴുവനുമുള്ള കേസുകളുടെ എണ്ണത്തെ (109) ഇത് മറികടന്നു. ഈ വർഷം ഇതുവരെ ആറ് പേർക്ക് ജീവൻ നഷ്ടമായതായും പോലീസ് വ്യക്തമാക്കി. “ഇതൊരു സാധാരണ സംഭവമായി മാറിയിരിക്കുന്നു. എല്ലാ ദിവസവും ഞങ്ങൾക്ക് ഓവർഡോസ് കേസുകൾ കൈകാര്യം ചെയ്യേണ്ടിവരുന്നു,” ഇൻസ്പെക്ടർ ഡേവിഡ് കൂപ്പർ പറഞ്ഞു.
മയക്കുമരുന്ന് ഉപയോഗിക്കുന്നവരിൽ ഭൂരിഭാഗവും ജീവിതത്തിൽ ദുരിതമനുഭവിക്കുന്നവരാണെന്നും, യാഥാർത്ഥ്യങ്ങളിൽ നിന്ന് രക്ഷപ്പെടാനാണ് ഇവർ മയക്കുമരുന്ന് ഉപയോഗിക്കുന്നതെന്നും കൂപ്പർ കൂട്ടിച്ചേർത്തു. അതീവ അപകടകാരിയായ ഫെന്റാനിൽ എന്ന മയക്കുമരുന്ന് മറ്റ് ദോഷകരമായ വസ്തുക്കളുമായി കലർത്തിയാണ് ഉപയോഗിക്കുന്നതെന്നും പോലീസ് മുന്നറിയിപ്പ് നൽകി.
ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ ഓപിയോയിഡ്‌സിന്റെ പ്രവർത്തനം തടയാൻ ഉപയോഗിക്കുന്ന നലോക്സോൺ എന്ന മരുന്ന് നൽകുന്നത് വെല്ലുവിളിയാണെന്ന് പോലീസ് പറയുന്നു. കാരണം, മയക്കുമരുന്നിൽ എന്തൊക്കെയാണ് കലർന്നിരിക്കുന്നതെന്ന് തിരിച്ചറിയാൻ സാധിക്കാതെ വരും. മയക്കുമരുന്ന് ഉപയോഗിക്കുന്നവർ കൂടുതൽ ശ്രദ്ധിക്കണമെന്നും, ആവശ്യമെങ്കിൽ സഹായം തേടണമെന്നും പോലീസ് അഭ്യർത്ഥിച്ചു.
അടിയന്തര സാഹചര്യങ്ങളിൽ പോലീസിനെ വിളിക്കാൻ മടിക്കരുതെന്ന് കൂപ്പർ പറഞ്ഞു. ഓവർഡോസ് കേസുകളിൽ ആർക്കെതിരെയും ക്രിമിനൽ കുറ്റം ചുമത്തില്ലെന്ന് അദ്ദേഹം ഉറപ്പുനൽകി. “ഞങ്ങളുടെ പ്രധാന ലക്ഷ്യം രോഗിയുടെ ജീവൻ രക്ഷിക്കുക എന്നതാണ്, അല്ലാതെ ആരെയും ശിക്ഷിക്കുകയല്ല,” അദ്ദേഹം വ്യക്തമാക്കി.
Fredericton under drug control: 13 cases in 24 hours; shocking figures revealed
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82



