ഷാർലറ്റ്ടൗൺ: ഷാർലറ്റ്ടൗണിലെ ഗ്രീൻ സ്ട്രീറ്റിലുള്ള പാർപ്പിട സമുച്ചയത്തിലുണ്ടായ തീപിടുത്തത്തിൽ രണ്ട് പേർ മരിച്ചു. ഞായറാഴ്ച രാവിലെ ഏഴ് മണിയോടെയാണ് 20 യൂണിറ്റുകളുള്ള കെട്ടിടത്തിൽ തീപിടുത്തമുണ്ടായത്. അപകടത്തിൽ പരിക്കേറ്റ മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
തീപിടുത്തമുണ്ടായ ഉടൻ തന്നെ ഡസൻ കണക്കിന് അഗ്നിശമന സേനാ യൂണിറ്റുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. കെട്ടിടത്തിനുള്ളിൽ കുടുങ്ങിയ ചിലരെ ജനാലകൾ വഴിയും മറ്റു ചിലരെ മുൻവാതിലിലൂടെയുമാണ് പുറത്തെത്തിച്ചത്. തുടർന്ന് നടത്തിയ തിരച്ചിലിലാണ് മരിച്ച നിലയിൽ രണ്ട് മുതിർന്ന വ്യക്തികളെ കണ്ടെത്തിയത്. മരിച്ചവരുടെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും അഗ്നിശമന സേന ഡെപ്യൂട്ടി ചീഫ് കെന്റ് മിച്ചൽ അനുശോചനം അറിയിച്ചു.
അപകടത്തെത്തുടർന്ന് താമസസ്ഥലം നഷ്ടപ്പെട്ടവരെ കനേഡിയൻ റെഡ് ക്രോസിന്റെ സഹായത്തോടെ അടുത്തുള്ള ഹോട്ടലിലേക്ക് മാറ്റിയിട്ടുണ്ട്. കെട്ടിടത്തിലുണ്ടായിരുന്ന വളർത്തുമൃഗങ്ങളെ പി.ഇ.ഐ ഹ്യൂമൻ സൊസൈറ്റിയുടെ സംരക്ഷണയിലാക്കി. 2013-ന് ശേഷം ഷാർലറ്റ്ടൗണിലുണ്ടാകുന്ന ഏറ്റവും വലിയ അഗ്നിബാധയാണിതെന്ന് മേയർ ഫിലിപ്പ് ബ്രൗൺ പറഞ്ഞു. ക്രിസ്മസ് – പുതുവത്സര ആഘോഷങ്ങൾക്കിടയിലുണ്ടായ ഈ ദുരന്തം നഗരത്തെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തീപിടുത്തത്തിൽ അട്ടിമറി സാധ്യതകളില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. വരും ദിവസങ്ങളിൽ തന്നെ അന്വേഷണ നടപടികൾ പൂർത്തിയാക്കി തീപിടുത്തത്തിന്റെ കൃത്യമായ കാരണം വ്യക്തമാക്കാൻ സാധിക്കുമെന്ന് അഗ്നിശമന സേനാ വിഭാഗം അറിയിച്ചു. നിലവിൽ അപകടം സംശയാസ്പദമല്ലെന്നാണ് പ്രാഥമിക നിഗമനം.
foul-play-ruled-out-in-charlottetown-fire
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



