ഒൻ്റാറിയോയുടെ മുൻ ലെഫ്റ്റനൻ്റ് ഗവർണറും, പ്രശസ്ത ഫാഷൻ വ്യവസായിയും സാമൂഹ്യപ്രവർത്തകയുമായിരുന്ന ഹിലരി വെസ്റ്റൺ (83) അന്തരിച്ചു. സ്ത്രീകളുടെയും യുവജനങ്ങളുടെയും ഉന്നമനത്തിനായി പ്രവർത്തിച്ച സാമൂഹ്യപ്രവർത്തക കൂടിയായിരുന്ന ഹിലരിയുടെ വിയോഗം കാനഡയിലെ ഐറിഷ് സമൂഹം ഉൾപ്പടെയുള്ളവരെ ദുഃഖത്തിലാഴ്ത്തി. ഹിലരിയുടെ നിര്യാണം സംബന്ധിച്ച് അവരുടെ കുടുംബം ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. ജനങ്ങളോട് എന്നും ഉദാരമായ സമീപനം പുലർത്തുന്ന വ്യക്തിയായിരുന്നു ഹിലരിയെന്ന് കുടുംബം പ്രസ്താവനയിൽ അനുസ്മരിച്ചു.
ലോബ്ലോ കമ്പനി ചെയർമാനും പ്രസിഡൻ്റുമായിരുന്ന ഗാലൻ വെസ്റ്റൺ ജൂനിയർ അടക്കമുള്ള കുടുംബാംഗങ്ങൾ മാതാവിൻ്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ചു. 1942 ജനുവരി 12-ന് അയർലൻഡിൽ ജനിച്ച ഹിലരി, അഞ്ച് മക്കളിൽ മൂത്തവളായിരുന്നു. വിധവയായ അമ്മയെയും സഹോദരങ്ങളെയും സഹായിക്കാൻ ചെറുപ്പത്തിൽ തന്നെ ഫാഷൻ മോഡലായി പ്രവർത്തിച്ചിട്ടുണ്ട്. 1966-ൽ ഡബ്ല്യു ഗാലൻ വെസ്റ്റണിനെ വിവാഹം കഴിച്ച അവർ, 1970-കളിൽ ടൊറൻ്റോയിലേക്ക് താമസം മാറി. ഹോൾട്ട് റെൻഫ്രൂ, ബ്രൗൺ തോമസ് & കമ്പനി തുടങ്ങിയ ഫാഷൻ ബ്രാൻഡുകളിൽ പത്ത് വർഷത്തോളം പ്രവർത്തിച്ചു.
1997 മുതൽ 2002 വരെ ഹിലരി ഒൻ്റാറിയോയുടെ ലെഫ്റ്റനൻ്റ് ഗവർണറായി സേവനമനുഷ്ഠിച്ചു. ഈ കാലയളവിൽ സ്ത്രീകളുടെയും യുവജനങ്ങളുടെയും വളൻ്റിയർമാരുടെയും സംഭാവനകൾക്ക് അവർ വലിയ പ്രാധാന്യം നൽകി. 2003-ൽ കാനഡയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ‘ഓർഡർ ഓഫ് കാനഡ’ നൽകി രാജ്യം അവരെ ആദരിച്ചു. ഈ ബഹുമതി ലഭിക്കുന്ന രണ്ടാമത്തെ വനിതയായിരുന്നു ഹിലരി. ഭർത്താവിൻ്റെ മരണശേഷം വെസ്റ്റൺ ഫാമിലി ഫൗണ്ടേഷൻ, ഹിലരി ആൻ്റ് ഗാലൻ വെസ്റ്റൺ ഫൗണ്ടേഷൻ എന്നിവ വഴിയും അവർ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.
ഹിലരി വെസ്റ്റണിൻ്റെ വിയോഗത്തിൽ അയർലൻഡിൻ്റെ ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ് അനുശോചനം രേഖപ്പെടുത്തി. കനേഡിയൻ-ഐറിഷ് ബന്ധം ഊട്ടിയുറപ്പിക്കുന്നതിൽ ഹിലരി നൽകിയ സംഭാവനകൾ അദ്ദേഹം അനുസ്മരിച്ചു. ഹിലരിയെ സംബന്ധിച്ച കാര്യങ്ങൾ മകൾ അലന്ന വെസ്റ്റൺ കോക്രേനും പങ്കുവെച്ചു. വലിയ വെല്ലുവിളികളെ നേരിടാൻ ഇഷ്ടപ്പെട്ടിരുന്ന, അതോടൊപ്പം സൗന്ദര്യവും നർമ്മബോധവുമുള്ള വ്യക്തിത്വത്തിന് ഉടമയായിരുന്നു ഹിലരിയെന്ന് അവർ അനുസ്മരിച്ചു.



