ഇലക്ട്രിക് കാറുകൾക്കുള്ള ആവശ്യം പ്രതീക്ഷിച്ചതിലും കുറവായതിനെ തുടർന്ന് ജർമനിയിലെ കൊളോണിലുള്ള പ്ലാന്റിൽ 1,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് ഫോർഡ് മോട്ടോർ കമ്പനി ചൊവ്വാഴ്ച അറിയിച്ചു. ഇലക്ട്രിക് കാറുകളുടെ ഉത്പാദനം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. കഴിഞ്ഞ നവംബറിൽ യൂറോപ്പിലും യുകെയിലുമായി 4,000 തൊഴിലവസരങ്ങൾ വെട്ടിച്ചുരുക്കുമെന്ന് ഫോർഡ് പ്രഖ്യാപിച്ചിരുന്നു. ഇതിൽ 2,900 പേർ ജർമനിയിൽ നിന്നായിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നീക്കം.
ജീവനക്കാരെ ഒഴിവാക്കുന്നത് സ്വമേധയാ വിരമിക്കൽ, പാക്കേജുകൾ നൽകിയുള്ള പിരിച്ചുവിടൽ എന്നിവയിലൂടെയായിരിക്കുമെന്നും കമ്പനി അറിയിച്ചു. നിലവിൽ ഉത്പാദനത്തിന്റെ അളവ് നിരന്തരം വിലയിരുത്തുന്നുണ്ടെന്നും, വിപണിയിലെ ഡിമാൻഡിനനുസരിച്ച് ക്രമീകരിക്കുന്നുണ്ടെന്നും ഫോർഡ് വ്യക്തമാക്കി. “യൂറോപ്പിൽ ഇലക്ട്രിക് കാറുകൾക്കുള്ള ആവശ്യകത വ്യവസായത്തിന്റെ പ്രതീക്ഷിച്ചതിലും വളരെ താഴെയാണ്,” കമ്പനി പ്രസ്താവനയിൽ പറഞ്ഞു.
ജനുവരി മുതൽ കൊളോൺ പ്ലാന്റിലെ ഉത്പാദനം നിലവിലുള്ള രണ്ട് ഷിഫ്റ്റുകളിൽ നിന്ന് ഒന്നായി കുറയ്ക്കുമെന്നും ഫോർഡ് അറിയിച്ചു. കൊളോൺ പ്ലാന്റിൽ ഫോർഡ് എക്‌സ്‌പ്ലോറർ എസ് യു വിയുടെ ഇലക്ട്രിക് പതിപ്പാണ് നിർമ്മിക്കുന്നത്. യൂറോപ്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്‌സ് അസോസിയേഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഈ വർഷം ജൂലൈ വരെയുള്ള കാലയളവിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് യൂറോപ്യൻ വിപണിയിൽ 15.6 ശതമാനം വിഹിതമുണ്ടായിരുന്നു.
കഴിഞ്ഞ വർഷം ഇത് 12.5 ശതമാനമായിരുന്നു. എന്നിരുന്നാലും ജർമനിയിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് നൽകിയിരുന്ന സബ്‌സിഡികൾ പിൻവലിച്ചതുൾപ്പെടെയുള്ള കാരണങ്ങൾ വളർച്ചയെ പ്രതികൂലമായി ബാധിച്ചു. ഈ വർഷം ആദ്യ ഏഴ് മാസങ്ങളിൽ എല്ലാതരം വാഹനങ്ങളിലുമായി 2,60,000 യൂനിറ്റുകളാണ് ഫോർഡ് യൂറോപ്പിൽ വിറ്റത്. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 0.7 ശതമാനം വർധന രേഖപ്പെടുത്തി. യൂറോപ്യൻ വിപണിയിലെ 3.3 ശതമാനം വിപണി വിഹിതം നിലനിർത്താൻ ഫോർഡിന് കഴിഞ്ഞിട്ടുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82



