ഒന്റാറിയോയിലെ ഗ്രീൻ പാർട്ടി നേതാവ് മൈക്ക് ഷ്രെയ്നറും ഹാൾഡിമാൻഡ്-നോർഫോക് എംപിപി ബോബി ആൻ ബ്രാഡിയും കാർഷിക ഭൂമിക്കായി പ്രത്യേക തരത്തിലുള്ള സംരക്ഷണ മേഖല സ്ഥാപിക്കുന്നതിനായി “Foodbelt” എന്ന പുതിയ സംവിധാനം അവതരിപ്പിച്ചിരിക്കുന്നു. “Protect Our Food Act” എന്ന ഈ നിയമനിർദ്ദേശം ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനും വ്യാപാര തടസ്സങ്ങളിൽ നിന്ന് പ്രവിശ്യയുടെ കാർഷിക മേഖലയെ സംരക്ഷിക്കുന്നതിനും വേണ്ടി ലക്ഷ്യമിടുന്ന ഒരു സംവിധാനമാണ്. ഗ്രീൻ പാർട്ടി നേതാവ് മൈക്ക് ഷ്രെയ്നറും ബോബി ആൻ ബ്രാഡിയുമാണ് ഈ ബിൽ അവതരിപ്പിച്ചത്. ഇത് പാസായാൽ, കർഷകരും വിദഗ്ധരും അടങ്ങുന്ന ഒരു സംഘം പ്രധാന കാർഷിക ഭൂമികൾ കണ്ടെത്തി സംരക്ഷിക്കും.
ദിവസവും 319 ഏക്കർ കാർഷിക ഭൂമി നഷ്ടപ്പെടുന്ന ഒന്റാറിയോയിൽ, “Foodbelt” എന്ന ആശയം ഇന്ന് കൂടുതൽ പ്രസക്തമാണ്. 2009-ൽ മാർഖാമിലെ മുൻ കൗൺസിലർമാരായ എറിൻ ഷാപെറോയും, വാലറി ബർക്കും ആദ്യമായി നിർദ്ദേശിച്ച ഈ പദ്ധതി,ട്രംപിന്റെ നയങ്ങൾ സൃഷ്ടിക്കുന്ന ആഗോള വ്യാപാര സംഘർഷങ്ങൾ ഭക്ഷ്യ വിതരണ ശൃംഖലയിലെ പോരായ്മകൾ വെളിച്ചത്തു കൊണ്ടുവന്നിരിക്കുന്ന ഈ കാലഘട്ടത്തിൽ, ഫുഡ്ബെൽറ്റ് നിർദ്ദേശം അതീവ പ്രാധാന്യമർഹിക്കുന്നു.
Guelph സർവകലാശാലയിലെ പ്രൊഫസർ മൈക്ക് വോൺ മാസൗ ഉൾപ്പെടെയുള്ള വിദഗ്ധർ ഭൂമിയുടെ ഉപയോഗത്തെ കുറിച്ചുള്ള തീരുമാനങ്ങൾക്ക് വ്യക്തമായ മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നതിനെ പിന്തുണയ്ക്കുന്നു. ഒന്റാറിയോ ഫെഡറേഷൻ ഓഫ് അഗ്രികൾച്ചർ, നാഷണൽ ഫാർമേഴ്സ് യൂണിയൻ തുടങ്ങിയ കാർഷിക സംഘടനകളും ഈ നിർദ്ദേശത്തെ അനുകൂലിക്കുന്നു. “ഒരിക്കൽ നശിപ്പിച്ച കാർഷിക ഭൂമി തിരികെ ലഭിക്കില്ല” എന്ന മുന്നറിയിപ്പുമായി, ഒന്റാറിയോയുടെ ഫലഭൂയിഷ്ഠമായ മണ്ണ് എണ്ണയും ധാതുക്കളും പോലെ തന്നെ സമ്പദ്‌വ്യവസ്ഥയ്ക്ക് അത്യാവശ്യമാണെന്ന് അനുകൂലികൾ ഊന്നിപ്പറയുന്നു.



