ആൽബർട്ട; ആൽബർട്ട പ്രവിശ്യയിൽ വർധിച്ചുവരുന്ന Food Deserts ന് കാരണമാകുന്ന കുത്തക വ്യാപാര നിയമങ്ങൾക്കെതിരെ ശക്തമായ നടപടികളുമായി എഡ്മന്റൺ സിറ്റി കൗൺസിൽ. പ്രമുഖ ഗ്രോസറി സ്റ്റോറുകൾ മത്സരമൊഴിവാക്കാൻ ഭൂമി ഇടപാടുകളിൽ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ നീക്കണമെന്ന ആവശ്യമാണ് ഇപ്പോൾ ശക്തമാകുന്നത്. അടുത്തയാഴ്ച ചേരുന്ന സിറ്റി ഹാൾ യോഗത്തിൽ കൗൺസിലർ മൈക്കൽ ജാൻസ് ഇത് സംബന്ധിച്ച പ്രമേയം അവതരിപ്പിക്കും.
അയൽ പ്രവിശ്യയായ മാനിറ്റോബയുടെ മാതൃകയിൽ, പുതിയ സ്റ്റോറുകൾ തുടങ്ങുന്നതിന് തടസ്സമാകുന്ന നിബന്ധനകൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മേയർ ആൻഡ്രൂ നാക്ക് വഴി ആൽബർട്ട സർക്കാരിൽ സമ്മർദ്ദം ചെലുത്താനാണ് സിറ്റി കൗൺസിലിന്റെ തീരുമാനം. ഒരു സ്ഥലത്ത് നിന്നിരുന്ന സൂപ്പർമാർക്കറ്റ് പൂട്ടിപ്പോകുമ്പോൾ, ആ കെട്ടിടത്തിലോ പരിസരത്തോ മറ്റൊരു പലചരക്ക് കട വരുന്നത് തടയാൻ പഴയ കമ്പനികൾ നിയമപരമായി കരാർ ഉണ്ടാക്കാറുണ്ട്. ‘റെസ്ട്രിക്റ്റീവ് കവനന്റ്’ എന്നറിയപ്പെടുന്ന ഈ കുരുക്ക് കാരണം, വൻകിട കമ്പനികൾക്ക് മത്സരമില്ലാതാവുകയും പകരം മറ്റൊരു കട തുടങ്ങാൻ ആർക്കും സാധിക്കാതെ വരികയും ചെയ്യുന്നു.
ഇത് തുറന്ന വിപണിക്ക് വിരുദ്ധമാണെന്ന് മൈക്കൽ ജാൻസ് ചൂണ്ടിക്കാട്ടി. ഗ്രീസ്ബാക്കിൽ 13 വർഷമായി തുടരുന്ന ഭക്ഷ്യ പ്രതിസന്ധി ഇതിന് ഉദാഹരണമാണ്. സൊബെയ്‌സ് (Sobeys) എന്ന കമ്പനി കാനഡ സേഫ്‌വേ വാങ്ങിയതിനുശേഷം ഭൂമി വിറ്റുവെങ്കിലും, അവിടെ മറ്റൊരു ഗ്രോസറി സ്റ്റോറോ ബേക്കറിയോ, മീറ്റ് വില്പനശാലയോ തുടങ്ങാൻ പാടില്ലെന്ന കർശന വ്യവസ്ഥ വെച്ചിരുന്നു. ഇതിനാൽ ആയിരക്കണക്കിന് താമസക്കാരാണ് നിത്യോപയോഗ സാധനങ്ങൾക്കായി കിലോമീറ്ററുകൾ യാത്ര ചെയ്യേണ്ടി വരുന്നത്.
വിഷയത്തിൽ സർക്കാരിന്റെ ഇടപെടൽ അനിവാര്യമാണെന്ന് വിദഗ്ധരും അഭിപ്രായപ്പെടുന്നു. ഇത്തരം നിയന്ത്രണങ്ങൾ നീക്കുന്നത് വിപണിയിൽ ആരോഗ്യകരമായ മത്സരം ഉറപ്പാക്കുമെന്നും ഭക്ഷണസാധനങ്ങളുടെ വില കുറയ്ക്കാൻ സഹായിക്കുമെന്നും യൂണിവേഴ്സിറ്റി ഓഫ് ആൽബർട്ടയിലെ പ്രൊഫസർ നോറീൻ വില്ലോസ് പറഞ്ഞു.
മത്സര നിയമത്തിൽ (Competition Act) വന്ന ഭേദഗതികൾ ഇത്തരം ഭൂമി നിയന്ത്രണങ്ങളെ ചോദ്യം ചെയ്യുന്നത് എളുപ്പമാക്കിയിട്ടുണ്ട്. അതേസമയം, മാനിറ്റോബ സർക്കാർ നടപ്പിലാക്കിയ പരിഷ്കാരങ്ങൾ അവിടെ എത്രത്തോളം ഫലം കാണുന്നുവെന്ന് നിരീക്ഷിച്ചുവരികയാണെന്നും അതിനുശേഷം ആൽബർട്ടയിൽ ഉചിതമായ നടപടി സ്വീകരിക്കുമെന്നും സർവീസ് ആൽബർട്ട മന്ത്രി ഡേൽ നാലി വ്യക്തമാക്കി.
food-deserts-restrictive-covenants-edmonton-alberta-groceries
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82



