എഡ്മണ്ടൺ: കമ്യൂണിറ്റി വാട്ടർ ഫ്ലൂറിഡേഷൻ (കുടിവെള്ളത്തിൽ ഫ്ലൂറൈഡ് ചേർക്കുന്ന രീതി) അവസാനിപ്പിക്കാനുള്ള യുണൈറ്റഡ് കൺസർവേറ്റീവ് പാർട്ടിയുടെ പ്രമേയം ആൽബർട്ടയിൽ വിവാദമാകുന്നു. നവംബർ 28 മുതൽ 30 വരെ എഡ്മണ്ടണിൽ നടക്കുന്ന പാർട്ടിയുടെ വാർഷിക പൊതുയോഗത്തിൽ ഈ നിർദ്ദേശത്തിൽ വോട്ടെടുപ്പ് നടക്കും. പോളിസി റെസല്യൂഷൻ 27 എന്നറിയപ്പെടുന്ന ഈ പ്രമേയം, ഫ്ലൂറിഡേഷനെ സമ്മതമില്ലാത്ത വൈദ്യചികിത്സ എന്ന് വിശേഷിപ്പിക്കുകയും ഇത് ആൽബർട്ട ബിൽ ഓഫ് റൈറ്റ്സിന് വിരുദ്ധമാണെന്ന് വാദിക്കുകയും ചെയ്യുന്നു. വിദഗ്ദ്ധരും പ്രതിപക്ഷവും ഈ നീക്കത്തെ അതിരുകടന്ന ഇടപെടൽ എന്ന് വിമർശിക്കുമ്പോൾ, കാൽഗറി നഗരത്തിൽ ഫ്ലൂറൈഡിന്റെ ഭാവി അനിശ്ചിതത്വത്തിലാണ്.
കാൽഗറിയിൽ ഒരു പതിറ്റാണ്ടിലേറെക്കാലം ഫ്ലൂറൈഡ് ഇല്ലാതിരുന്ന ശേഷം, 2021-ൽ നടന്ന വോട്ടെടുപ്പിലൂടെ 62 ശതമാനം പേർ അനുകൂലിച്ച് ഇത് പുനഃസ്ഥാപിക്കാൻ തീരുമാനിക്കുകയായിരുന്നു. ഏകദേശം 28 മില്യൺ ഡോളർ ചെലവഴിച്ച് വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റുകൾ നവീകരിച്ച ശേഷം ഈ വേനൽക്കാലത്താണ് ഔദ്യോഗികമായി ഫ്ലൂറൈഡ് തിരികെ കൊണ്ടുവന്നത്. 80 വർഷത്തിലേറെയായി ഫ്ലൂറൈഡിന്റെ സുരക്ഷയും കാര്യക്ഷമതയും തെളിയിക്കപ്പെട്ടിട്ടുണ്ടെന്ന് കാൽഗറി യൂണിവേഴ്സിറ്റിയിലെ പ്രൊഫസറായ ജൂലിയറ്റ് ഗൈക്കോൺ ഉൾപ്പെടെയുള്ള വിദഗ്ദ്ധർ പറയുന്നു. ഫ്ലൂറിഡേഷൻ ഒഴിവാക്കിയത് കുട്ടികൾക്ക് ദോഷകരമായി ബാധിക്കുമെന്നും പല്ലുകളുടെ കേടുപാടുകൾ കുറയ്ക്കുന്നതിനും ഇനാമൽ ശക്തിപ്പെടുത്തുന്നതിനും ഇത് സഹായിക്കുമെന്നും പഠനങ്ങൾ തെളിയിക്കുന്നു. ഫ്ലൂറൈഡ് നീക്കം ചെയ്ത 14 വർഷക്കാലയളവിൽ കാൽഗറിയിലെ കുട്ടികളിൽ ദന്തക്ഷയം വർധിച്ചതായും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
യുസിപിയിലെ ചില വിഭാഗങ്ങളുടെ സമ്മർദ്ദമാണ് ഈ പ്രമേയത്തിന് പിന്നിലെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. കാൽഗറി-അക്കാഡിയ, കാൽഗറി-ബഫലോ, കാൽഗറി-ഫിഷ് ക്രീക്ക്, കാൽഗറി-മൗണ്ടൻ വ്യൂ, ലെഡുക്-ബ്യൂമോണ്ട് എന്നിവിടങ്ങളിലെ നിയോജകമണ്ഡലം അസോസിയേഷനുകളാണ് പ്രമേയത്തിന് സ്പോൺസർ ചെയ്തിരിക്കുന്നത്. യുസിപി തങ്ങളുടെ ജനാധിപത്യ പ്രക്രിയയിൽ അഭിമാനിക്കുന്നുവെന്നും വിവിധ വിഷയങ്ങളിൽ ചർച്ചകളെ പ്രോത്സാഹിപ്പിക്കുന്നുവെന്നും വിഷയത്തിൽ പ്രതികരിച്ചു. നിലവിൽ, ഫ്ലൂറിഡേഷൻ എന്നത് മുനിസിപ്പൽ തലത്തിലുള്ള തീരുമാനമാണ്, എന്നാൽ പ്രതിപക്ഷമായ എൻഡിപി, യുസിപി പ്രമേയം “മുനിസിപ്പാലിറ്റികളുടെ എല്ലാ കാര്യങ്ങളിലും ഇടപെടാൻ” ശ്രമിക്കുന്നതിന്റെ മറ്റൊരു ഉദാഹരണമാണെന്ന് ആരോപിച്ചു. അതേസമയം, ഫ്ലൂറൈഡിനെതിരായ ഗ്രൂപ്പുകൾ ഇപ്പോഴും തങ്ങളുടെ പ്രതിഷേധം തുടരുന്നുണ്ട്. സേഫ് വാട്ടർ കാൽഗറി എന്ന ഗ്രൂപ്പിന്റെ സ്ഥാപകനായ റോബർട്ട് ഡിക്സൺ ഈ വിഷയത്തിൽ കാൽഗറി സിറ്റിക്കെതിരെ നിയമനടപടിക്ക് അപേക്ഷ നൽകിയിട്ടുണ്ട്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Fluoride controversy rages: 'Political games' again in Calgary's drinking water



