ന്യൂയോർക്ക്: അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ വീശിയടിച്ച ശക്തമായ കൊടുങ്കാറ്റിലും മഞ്ഞുവീഴ്ചയിലും വ്യോമഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടതായി ഫ്ലൈറ്റ് ട്രാക്കിംഗ് ഏജൻസിയായ ഫ്ലൈറ്റ്അവെയർ. മിഡ്വെസ്റ്റ് മേഖലയിലും രാജ്യത്തിന്റെ കിഴക്കൻ ഭാഗത്തും ഉണ്ടായ കാലാവസ്ഥാ വ്യതിയാനം മൂലം ചൊവ്വാഴ്ച മാത്രം 1,100-ലധികം സർവീസുകളാണ് റദ്ദാക്കിയത്.
തിങ്കളാഴ്ച ആരംഭിച്ച പ്രതികൂല കാലാവസ്ഥയെത്തുടർന്ന് ന്യൂയോർക്ക്, ചിക്കാഗോ, അറ്റ്ലാന്റ തുടങ്ങിയ പ്രധാന വിമാനത്താവളങ്ങളിൽ ആയിരക്കണക്കിന് യാത്രക്കാരാണ് കുടുങ്ങിക്കിടക്കുന്നത്. 7,300-ഓളം വിമാനങ്ങൾ വൈകിയാണ് സർവീസ് നടത്തുന്നത്. അറ്റ്ലാന്റയിലെ ഹാർട്ട്സ്ഫീൽഡ്-ജാക്സൺ വിമാനത്താവളത്തിൽ മാത്രം 230 സർവീസുകൾ റദ്ദാക്കി. ന്യൂയോർക്കിന്റെ ചില ഭാഗങ്ങളിൽ മണിക്കൂറിൽ 80 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുന്നതിനാൽ വരും ദിവസങ്ങളിലും നിയന്ത്രണങ്ങൾ തുടരാനാണ് സാധ്യത.
കാലാവസ്ഥാ പ്രശ്നങ്ങൾക്ക് പുറമെ, അമേരിക്കൻ സർക്കാരിന്റെ ഭാഗികമായ അടച്ചുപൂട്ടലും (Sutdown) യാത്രാദുരിതം ഇരട്ടിയാക്കിയിട്ടുണ്ട്. ശമ്പളം ലഭിക്കാത്തതിനെത്തുടർന്ന് ഗതാഗത സുരക്ഷാ വിഭാഗത്തിലെ (TSA) മുന്നൂറോളം ജീവനക്കാർ ജോലി ഉപേക്ഷിച്ചതായാണ് വിവരം. ഇത് സുരക്ഷാ പരിശോധനാ കേന്ദ്രങ്ങളിൽ ജീവനക്കാരുടെ കുറവിനും കിലോമീറ്ററുകളോളം നീളുന്ന വരികൾക്കും കാരണമാകുന്നു. ഫിലാഡൽഫിയ ഉൾപ്പെടെയുള്ള വിമാനത്താവളങ്ങളിൽ സുരക്ഷാ കവാടങ്ങൾ താൽക്കാലികമായി അടച്ചുപൂട്ടിയിരിക്കുകയാണ്.
അപ്രതീക്ഷിതമായുണ്ടായ ഈ പ്രതിസന്ധിയിൽ വലയുകയാണ് സാധാരണ യാത്രക്കാർ. വിമാനത്താവളങ്ങളിൽ തറയിൽ കിടന്നുറങ്ങേണ്ടി വരുന്ന സാഹചര്യമാണെന്നും പുനർബുക്കിംഗ് ലഭിക്കാൻ ദിവസങ്ങൾ കാത്തിരിക്കണമെന്നും യാത്രക്കാർ പരാതിപ്പെടുന്നു. വരും ദിവസങ്ങളിൽ യാത്ര ചെയ്യുന്നവർ ആഭ്യന്തര സർവീസുകൾക്ക് രണ്ടര മണിക്കൂർ മുമ്പും അന്താരാഷ്ട്ര സർവീസുകൾക്ക് മൂന്നര മണിക്കൂർ മുമ്പും വിമാനത്താവളത്തിൽ എത്തണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Storm hits; Flights from the United States canceled



