വിന്നിപെഗ്: രാജ്യത്തെ 600-ലധികം ഫസ്റ്റ് നേഷൻസിനെ പ്രതിനിധീകരിക്കുന്ന ദേശീയ സംഘടനയായ അസംബ്ലി ഓഫ് ഫസ്റ്റ് നേഷൻസിൻ്റെ (എഎഫ്എൻ) വാർഷിക പൊതുസമ്മേളനം വിന്നിപെഗിൽ തുടങ്ങി. നേരത്തെ ജൂലൈയിൽ നടത്താൻ തീരുമാനിച്ചിരുന്ന സമ്മേളനം മാനിറ്റോബയിലുണ്ടായ കാട്ടുതീയെ തുടർന്ന് മാറ്റിവെക്കുകയായിരുന്നു. മൂന്ന് ദിവസത്തെ സമ്മേളനം ‘എല്ലാവർക്കും സമൃദ്ധി’ എന്ന പ്രമേയത്തിലാണ് നടക്കുന്നത്.
ഫസ്റ്റ് നേഷൻസ് പോലീസിംഗ്, കുട്ടികളുടെ ക്ഷേമത്തിനായുള്ള പരിഷ്കാരങ്ങൾ, ലഹരി ഉപയോഗം മൂലമുണ്ടാകുന്ന ദോഷങ്ങൾ കുറയ്ക്കുന്നതിനുള്ള തന്ത്രങ്ങൾ, പുരാവസ്തുക്കളുടെ തിരിച്ചടവ് എന്നിവയെല്ലാം ഈ വർഷത്തെ സമ്മേളനത്തിൻ്റെ പ്രധാന അജണ്ടകളിൽ ഉൾപ്പെടുന്നു. ബുധനാഴ്ച പ്രധാനമായും ബില് സി-5, ഫസ്റ്റ് നേഷൻസ് സമൂഹങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളിലെ അപര്യാപ്തത എന്നിവയെ കുറിച്ചാണ് ചർച്ചചെയ്യുന്നത്.
ദേശീയ താൽപ്പര്യമുള്ള വലിയ സാമ്പത്തിക വികസന പദ്ധതികൾക്ക് വേഗത്തിൽ അനുമതി നൽകാൻ ഫെഡറൽ സർക്കാരിന് അധികാരം നൽകുന്നതാണ് ബിൽ സി-5. ഈ മാറ്റങ്ങൾ സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കുമെന്ന് സർക്കാർ പറയുമ്പോൾ, ഈ നിയമം തങ്ങളുടെ അവകാശങ്ങൾ ഹനിക്കുമെന്നും, കൺസൾട്ടേഷൻ നടത്താനുള്ള സർക്കാരിന്റെ ഉത്തരവാദിത്തത്തെ മറികടക്കുമെന്നും ഫസ്റ്റ് നേഷൻസ് നേതാക്കൾ മുന്നറിയിപ്പ് നൽകുന്നു.
ബിൽ സി-5 നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഫസ്റ്റ് നേഷൻസുമായി കൂടിയാലോചിക്കണമെന്നും, അടിസ്ഥാന സൗകര്യ വികസനത്തിലെ അപര്യാപ്തത പരിഹരിക്കുന്നത് ഒരു മുൻഗണനാ പദ്ധതിയായി ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെടുന്ന ഒരു പ്രമേയം യോഗത്തിൽ അവതരിപ്പിക്കാൻ സാധ്യതയുണ്ട്. 2030-ഓടെ ഫസ്റ്റ് നേഷൻസ് സമൂഹങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിന് ഏകദേശം 350 മില്യൺ ഡോളർ ചെലവ് വരുമെന്ന് 2024-ൽ എഎഫ്എൻ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
ഫസ്റ്റ് നേഷൻസ് നേതാക്കൾ തങ്ങളുടെ അവകാശങ്ങൾ സംരക്ഷിച്ചുകൊണ്ടും നിയമപരമായ ബാധ്യതകൾ നിലനിർത്തിക്കൊണ്ടും സാമ്പത്തിക വളർച്ചയെ പിന്തുണയ്ക്കുന്നുവെന്ന് എഎഫ്എൻ ദേശീയ മേധാവി സിൻഡി വുഡ്ഹൗസ് നെപിനാക് പറഞ്ഞു. ഒക്ടോബറിൽ പ്രതീക്ഷിക്കുന്ന അടുത്ത ഫെഡറൽ ബജറ്റിനുള്ള തങ്ങളുടെ മുൻഗണനകളും ഈ സമ്മേളനത്തിൽ ചർച്ച ചെയ്യുമെന്നും അവർ കൂട്ടിച്ചേർത്തു.



