വടക്കുപടിഞ്ഞാറൻ ഒന്റാറിയോയിൽ കാട്ടുതീ രൂക്ഷമാകുന്ന സാഹചര്യത്തിൽ ക്രിസ്റ്റൽ ലേക്കിന് സമീപമുള്ള പ്രദേശങ്ങളിൽ അധികൃതർ ഒഴിപ്പിക്കൽ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ‘Fort Frances 4’ എന്നറിയപ്പെടുന്ന കാട്ടുതീ ഇപ്പോള്‍ 3,200 ഹെക്ടറിലധികം പ്രദേശം തീ നിയന്ത്രണാതീതമായി വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. കാട്ടുതീ നിയന്ത്രണാതീതമാകുന്ന സാഹചര്യത്തിൽ പ്രദേശവാസികൾക്ക് ഏതുവേളയും ഒഴിയേണ്ടിവന്നേക്കാമെന്ന മുന്നറിയിപ്പാണ് അധികൃതർ നൽകുന്നത്.
പ്രദേശത്ത് ആകെ 10 കാട്ടുതീ നിലനിൽക്കുകയാണ് എന്നും അതിൽ അഞ്ചെണ്ണം ഇപ്പോഴും നിയന്ത്രണാതീതമാണെന്നും ഫോറസ്റ്റ് ഫയർ ആൻഡ് എമർജൻസി സർവീസസ് അറിയിച്ചു. തീ നിയന്ത്രണത്തിൽ കൊണ്ടുവരാനുള്ള ശ്രമങ്ങളുടെ ഭാഗമായി നിരവധി ജില്ലകളിൽ യാത്രാ നിയന്ത്രണങ്ങളും ഹൈവേ അടച്ചിടലും നടപ്പാക്കിയിട്ടുണ്ട്.
സവന്റ് ലേക്കിന് വടക്കേവശത്തുള്ള ‘Sioux Lookout 3 ഫയർ’ 2,000 ഹെക്ടറിലധികം വിസ്തൃതിയിൽ പടർന്നതിനെ തുടർന്ന് മേഖലയിൽ സുരക്ഷാ നടപടികൾ ശക്തമാക്കിയതായി അധികൃതർ അറിയിച്ചു. ഹൈവേ 516-ൽ യാത്രാ നിയന്ത്രണങ്ങളും ഹൈവേ 599 പൂർണമായും അടച്ചിടലും നടപ്പാക്കിയിട്ടുണ്ട്.അതേസമയം, ‘Fort Frances 4 fire’ ന്റെ വ്യാപനം ക്രിസ്റ്റൽ ലേക്ക്, നിഡിയ ലേക്ക്, ഇവ ലേക്ക്, നായോബ് ലേക്ക്, സപാവേ ലേക്ക് തുടങ്ങിയ പ്രദേശങ്ങളിലേക്കും വ്യാപിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ബാധിക്കപ്പെട്ട പ്രദേശങ്ങളിലെ താമസക്കാരോട് ജാഗ്രത പാലിക്കാനും ഏത് സമയത്തും ഒഴിപ്പിക്കലിന് തയ്യാറായിരിക്കാനും അധികൃതർ അഭ്യർത്ഥിക്കുന്നു. അത്യാവശ്യ മരുന്നുകൾ, പാസ്പോർട്ട്, നിയമപരമായ രേഖകൾ എന്നിവ ഉൾപ്പെടുന്ന ബാഗുകൾ തയ്യാറാക്കി വയ്ക്കാൻ അധികൃതർ നിർദ്ദേശിച്ചു. സ്ഥിതിഗതികൾ അധികൃതർ തുടർന്നും സൂക്ഷ്മമായി നിരീക്ഷിച്ചുവരുന്നു.



