സ്കാർബറോ: ടൊറന്റോയിലെ പ്രമുഖ ഭക്ഷ്യസഹായ സ്ഥാപനമായ ഡെയ്ലി ബ്രെഡ് ഫുഡ് ബാങ്ക് തങ്ങളുടെ ഏറ്റവും വലിയ അംഗസംഘടനകളിലൊന്നായ ഫീഡ് സ്കാർബറോയുമായുള്ള കരാർ പുതുക്കേണ്ടതില്ലെന്ന് തീരുമാനിച്ചതായി റിപ്പോർട്ട്. ഫീഡ് സ്കാർബറോ സമർപ്പിച്ച ഇൻവോയിസുകളിലെ വൈരുദ്ധ്യങ്ങളും സാമ്പത്തിക മാനേജ്മെന്റിലെ പോരായ്മകളും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഡെയ്ലി ബ്രെഡ് നൽകിയ പരാതിയിൽ പറയുന്നു. ഈ മാസം അവസാനം നിലവിലെ അംഗത്വ കാലാവധി കഴിയുന്നതോടെ ഫീഡ് സ്കാർബറോയ്ക്ക് ലഭിച്ചിരുന്ന ഭക്ഷണവിതരണവും ഫണ്ടിംഗും നിർത്തലാക്കും.
ഗ്രാന്റ് തുക വിനിയോഗിച്ചതുമായി ബന്ധപ്പെട്ട് ഫീഡ് സ്കാർബറോ സമർപ്പിച്ച 18,000 ഡോളറിന്റെ ഇൻവോയിസുകളെക്കുറിച്ച് വെൻഡർമാർക്ക് അറിവില്ലെന്ന് ഡെയ്ലി ബ്രെഡ് സിഇഒ നീൽ ഹെതറിംഗ്ടൺ അറിയിച്ചു. കൂടാതെ,ഫീഡ് സ്കാർബറോ സിഇഒ സുമൻ റോയി മുൻപ് ബോർഡ് ചെയർമാനായിരുന്ന കാലയളവിൽ സ്വയം അനുമതി നൽകിക്കൊണ്ട് 100,000 ഡോളറിലധികം തുക ചെലവിനത്തിൽ നൽകിയതായും ആരോപണമുണ്ട്. റോയിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയിൽ നിന്ന് 10,000 ഡോളറിന്റെ ഭക്ഷണം വാങ്ങാൻ ഗ്രാന്റ് തുക വിനിയോഗിച്ചതായും ഡെയ്ലി ബ്രെഡിന്റെ പോലീസ് റിപ്പോർട്ടിൽ പറയുന്നു.
തങ്ങളോടുള്ള ആരോപണങ്ങൾ ഫീഡ് സ്കാർബറോ സിഇഒ സുമൻ റോയി നിഷേധിച്ചു. ഫണ്ടിംഗുമായി ബന്ധപ്പെട്ട് താൽപ്പര്യ സംഘർഷമുള്ള വെൻഡർമാർക്കോ സേവനം നൽകാത്ത സ്ഥാപനങ്ങൾക്കോ പണം നൽകിയിട്ടില്ലെന്ന് അദ്ദേഹം പ്രസ്താവനയിൽ വ്യക്തമാക്കി. വിഷയത്തിൽ ഒരു തേർഡ് പാർട്ടി അന്വേഷണം നടക്കുന്നുണ്ടെന്നും, അതിന്റെ റിപ്പോർട്ട് പുറത്തുവരുന്നതോടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് തെളിയുമെന്നും റോയി കൂട്ടിച്ചേർത്തു. പോലീസുമായി പൂർണമായി സഹകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഫിനാൻഷ്യൽ ക്രൈംസ് യൂണിറ്റ് ഈ വിഷയത്തിൽ അന്വേഷണം ആരംഭിച്ചതായി ടൊറന്റോ പോലീസ് സ്ഥിരീകരിച്ചു. 2025 നവംബറിലാണ് ഡെയ്ലി ബ്രെഡിൽ നിന്ന് ഇതുസംബന്ധിച്ച പരാതി ലഭിച്ചതെന്ന് പോലീസ് അറിയിച്ചു. എന്നാൽ ഇതുവരെ ആർക്കെതിരെയും കുറ്റപത്രം സമർപ്പിച്ചിട്ടില്ല. 2021–23 കാലയളവിൽ ഏകദേശം 620,000 ഡോളർ ഗ്രാന്റായും ദശലക്ഷക്കണക്കിന് ഡോളർ മൂല്യമുള്ള ഭക്ഷണസാധനങ്ങളും ഫീഡ് സ്കാർബറോയ്ക്ക് ലഭിച്ചിരുന്നതായി രേഖകൾ സൂചിപ്പിക്കുന്നു.
ഫീഡ് സ്കാർബറോയുടെ പ്രവർത്തനം തടസ്സപ്പെടുന്ന സാഹചര്യത്തിൽ, സ്കാർബറോയിലെ താമസക്കാർക്കുള്ള ഭക്ഷണവിതരണം ഫെബ്രുവരി മുതൽ സൊസോ വേൾഡ് മിനിസ്ട്രീസ് ഏറ്റെടുക്കും. മേഖലയിൽ മൂന്ന് പ്രധാന ഫുഡ് ബാങ്കുകളും 13 പാൻട്രി പ്രോഗ്രാമുകളും നടത്തുന്ന സൊസോ വേൾഡ് മിനിസ്ട്രീസ്, ഫീഡ് സ്കാർബറോയുടെ ഗുണഭോക്താക്കളെ ഉൾക്കൊള്ളാൻ സജ്ജമാണെന്ന് സ്ഥാപകൻ ഗാർത്ത് സൊസോ അറിയിച്ചു. സ്കാർബറോയിൽ നാല് നേരിട്ടുള്ള ഫുഡ് ബാങ്കുകളാണ് ഫീഡ് സ്കാർബറോ നിലവിൽ പ്രവർത്തിപ്പിക്കുന്നത്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Financial irregularities: Daily Bread Food Bank ends relationship with Feed Scarborough



