വ്യാഴാഴ്ച വൈകുന്നേരം കാനഡയിൽ കാണാതായ എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ ബ്രാംപ്ടണിൽ നിന്ന് സുരക്ഷിതമായി കണ്ടെത്തി. തുടർന്ന് ആംബർ അലർട്ട് പോലീസ് റദ്ദാക്കി. പോലീസിൻ്റെ അന്വേഷണത്തിനൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പീൽ പോലീസ് അറിയിച്ചു.

വൈകുന്നേരം 6 മണിയോടെയാണ് കുട്ടിയെ കാണാനില്ലെന്ന മുന്നറിയിപ്പ് പോലീസിന് ലഭിക്കുന്നത്. തുടർന്ന് പെട്ടെന്ന് തന്നെ ആംബർ അലർട്ട് പുറത്തിറക്കുകയായിരുന്നു. ഇതിന് ശേഷം ഏതാനും മണിക്കൂറുകൾക്കുള്ളിൽ സ്റ്റീൽസ് അവന്യൂ ഈസ്റ്റിനും റുഥർഫോർഡ് സൗത്തിനും സമീപമുള്ള ഒഴിഞ്ഞ പ്രദേശത്ത് നിന്ന് കുട്ടിയെ കണ്ടെത്തുകയായിരുന്നു.
പിന്നീട് പോലീസ് കുട്ടിയെ കുടുംബാംഗങ്ങൾക്ക് കൈമാറി. കുട്ടിയെ തിരികെ ലഭിച്ചപ്പോൾ കുടുംബാംഗങ്ങൾ സന്തോഷത്തോടെ കുഞ്ഞിനെ കെട്ടിപ്പിടിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് 40 വയസ്സുള്ള ഷാഹ്സൈബ് മെമ്മൺ എന്നയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ പോലീസ് ശക്തമാക്കി. ഇയാൾക്ക് വേണ്ടിയുള്ള അന്വേഷണം ഊർജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു.

അഞ്ച് അടി ഒൻപത് ഇഞ്ച് ഉയരവും 119 പൗണ്ട് ഭാരവുമുള്ള മെമ്മണിന് കറുത്ത മുടിയാണ്. ഇയാൾ ഒരു ചാരനിറത്തിലുള്ള നിസ്സാൻ റോഗ് കാറിലാണ് സഞ്ചരിക്കുന്നതെന്നും കാറിൻ്റെ ലൈസൻസ് പ്ലേറ്റ് CZLM113 ആണെന്നും പോലീസ് അറിയിച്ചു. ഇയാൾ എവിടേക്കാണ് പോയതെന്നതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് പിന്നിൽ കുടുംബപരമായ പ്രശ്നങ്ങളുണ്ടെന്ന് പീൽ പോലീസ് വ്യക്തമാക്കി.

എന്നാൽ ഇതേക്കുറിച്ച് കൂടുതൽ വിവരങ്ങൾ നൽകാൻ പോലീസ് തയ്യാറായില്ല. കുട്ടിയെ തട്ടിക്കൊണ്ടുപോയത് മാതാപിതാക്കളല്ലെന്നും പോലീസ് സ്ഥിരീകരിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് 3:15-ഓടെയാണ് ബാർട്ട്ലി ബുൾ പാർക്ക്വേയിലും ഹ്യൂറോൺടാറിയോ സ്ട്രീറ്റിലും ഒരു സംഭവം നടന്നതായി പോലീസിന് വിവരം ലഭിച്ചത്. തുടർന്ന് ഒൻ്റാറിയോ പ്രൊവിൻഷ്യൽ പോലീസാണ് (OPP) ആംബർ അലർട്ട് നൽകിയത്.
Finally, relief; Kidnapped baby found in Brampton, suspect at large



