കണ്ണൂർ: പരസ്യപ്രചാരണത്തിന്റെ ആരവങ്ങൾ അടങ്ങിയതോടെ കണ്ണൂരിൽ ഇനി നിശബ്ദ തന്ത്രങ്ങളുടെ സമയം. ഓരോ വോട്ടും ഉറപ്പിക്കാനായി സ്ഥാനാർഥികളും പ്രവർത്തകരും വീടുകൾ കയറിയിറങ്ങുന്ന അവസാനവട്ട വോട്ടെടുപ്പ് ഒരുക്കങ്ങളിലാണ് ജില്ല. ഫോൺ വിളികളും നേരിട്ടുള്ള സന്ദർശനങ്ങളുമായി വോട്ടർമാരെ സ്വാധീനിക്കാൻ സ്ഥാനാർഥികൾ നെട്ടോട്ടമോടുമ്പോൾ, ബൂത്ത് തലത്തിലുള്ള പ്രവർത്തനങ്ങൾ വിലയിരുത്താൻ മുൻനിര നേതാക്കളും സജീവമാണ്.
ധർമടം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വിവിധ ബൂത്ത് കമ്മിറ്റികൾ സന്ദർശിച്ചു. രാവിലെ 10 മണി മുതൽ ഉച്ചവരെ പത്തോളം ബൂത്ത് ഓഫീസുകളിലെത്തിയ അദ്ദേഹം, പ്രവർത്തകരുമായി സംവദിക്കുകയും വോട്ടുകൾ ഉറപ്പിക്കുന്നതിനാവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. താഴെത്തട്ടിലുള്ള പ്രവർത്തനങ്ങളിൽ കൃത്യമായ ജാഗ്രത പുലർത്തണമെന്നാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം.
യുഡിഎഫ് പാളയത്തിലും ആവേശത്തിന് കുറവില്ല. പേരാവൂർ മണ്ഡലം യുഡിഎഫ് സ്ഥാനാർഥിയും കെപിസിസി പ്രസിഡന്റുമായ സണ്ണി ജോസഫ് രാവിലെ മുതൽ വോട്ടർമാരെ നേരിൽ കാണുന്ന തിരക്കിലായിരുന്നു. വിവാഹ വീടുകൾ, മരണവീട്, മറ്റ് ചടങ്ങുകൾ നടക്കുന്ന ഇടങ്ങൾ എന്നിവ കേന്ദ്രീകരിച്ചായിരുന്നു അദ്ദേഹത്തിന്റെ ഇന്നത്തെ സന്ദർശനം. ഇതിനിടയിൽ ഫോൺ വഴിയും വോട്ടഭ്യർഥന തുടർന്നു. അതേസമയം, പേരാവൂരിലെ എൽഡിഎഫ് സ്ഥാനാർഥി കെ.കെ. ശൈലജ വീടുകൾ സന്ദർശിച്ച ശേഷം ഇരിട്ടി ഏരിയ കമ്മിറ്റി ഓഫീസിൽ ക്യാമ്പ് ചെയ്താണ് വോട്ടർമാരുമായി സംവദിക്കുന്നത്.
ജില്ലയിലെ മറ്റ് മണ്ഡലങ്ങളിലും പോരാട്ടം മുറുകുകയാണ്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തളിപ്പറമ്പ് ഏരിയ കമ്മിറ്റി ഓഫീസിൽ ക്യാമ്പ് ചെയ്ത് സംസ്ഥാനത്തെ മൊത്തം തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ അവലോകനം ചെയ്തു. വാശിയേറിയ മത്സരം നടക്കുന്ന പയ്യന്നൂരിലും തളിപ്പറമ്പിലും പ്രവർത്തകർ വീടുവീടാന്തരം കയറി വോട്ട് അഭ്യർഥിക്കുന്നുണ്ട്. മുൻ പാർട്ടി നേതാക്കൾ യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന മണ്ഡലങ്ങൾ നിലനിർത്തുക എന്നത് സിപിഎം നേതൃത്വത്തിന് അഭിമാനപ്രശ്നമാണ്. സോഷ്യൽ മീഡിയ വഴിയുള്ള പ്രചാരണങ്ങളും ഇതിനോടൊപ്പം സജീവമായി മുന്നേറുന്നു.
Final round of battle in Kannur; Candidates active in silent campaigning; Chief Minister and leaders with strategies
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt




