വാഷിംഗ്ടൺ: ലോകകപ്പ് ടിക്കറ്റ് നിരക്കുകൾക്കെതിരെ ആഗോളതലത്തിൽ ഉയർന്ന വ്യാപക പ്രതിഷേധത്തെത്തുടർന്ന് ചില വിഭാഗം ടിക്കറ്റുകളുടെ വില കുറയ്ക്കാൻ ഫിഫ തീരുമാനിച്ചു. ടീമുകളുടെ ഔദ്യോഗിക ഫാൻ ഗ്രൂപ്പുകൾക്കായി 60 യുഎസ് ഡോളർ (ഏകദേശം 5000 രൂപ) നിരക്കിൽ ടിക്കറ്റുകൾ ലഭ്യമാക്കും. ഫൈനൽ ടിക്കറ്റിന് 4,185 ഡോളർ വരെ നൽകേണ്ടി വരുമെന്ന ആശങ്ക നിലനിൽക്കെയാണ് ഫിഫയുടെ ഈ അപ്രതീക്ഷിത പിന്മാറ്റം.
ഉത്തര അമേരിക്കയിൽ നടക്കുന്ന ടൂർണമെന്റിലെ ഓരോ മത്സരത്തിനും 60 ഡോളർ നിരക്കിലുള്ള ടിക്കറ്റുകൾ ലഭ്യമാകുമെന്ന് ചൊവ്വാഴ്ച ഫിഫ അറിയിച്ചു. സപ്പോർട്ടർ എൻട്രി ടയർ എന്ന വിഭാഗത്തിലാണ് ഈ ടിക്കറ്റുകൾ ഉൾപ്പെടുത്തിയിരിക്കുന്നത്. ഓരോ ടീമിനും മത്സരമൊന്നിന് 400 മുതൽ 750 ടിക്കറ്റുകൾ വരെ ഇത്തരത്തിൽ ലഭിക്കാൻ സാധ്യതയുണ്ട്. ദേശീയ ഫെഡറേഷനുകൾ വഴിയാണ് ഈ ടിക്കറ്റുകൾ വിതരണം ചെയ്യുക.
ആരാധകരുടെ പ്രതിഷേധത്തെത്തുടർന്നുള്ള അനുനയ നീക്കമാണിതെന്ന് ഫുട്ബോൾ സപ്പോർട്ടേഴ്സ് യൂറോപ്പ് (FSE) വിലയിരുത്തി. ടിക്കറ്റ് നയം തിരക്കിട്ട് തീരുമാനിച്ചതാണെന്നും കൃത്യമായ കൂടിയാലോചനകൾ നടന്നിട്ടില്ലെന്നും സംഘടന കുറ്റപ്പെടുത്തി. നിലവിലെ ഇളവുകൾക്ക് ശേഷവും ഭൂരിഭാഗം ടിക്കറ്റുകൾക്കും വൻ തുക നൽകേണ്ടി വരുമെന്നും ഇത് മുൻ ടൂർണമെന്റുകളേക്കാൾ വളരെ കൂടുതലാണെന്നും ആരാധക സംഘടനകൾ ചൂണ്ടിക്കാട്ടി.
ടിക്കറ്റ് റീസെയിൽ പ്ലാറ്റ്ഫോമിലെ അഡ്മിനിസ്ട്രേറ്റീവ് ഫീസുകൾ ഒഴിവാക്കുമെന്നും ഫിഫ പ്രഖ്യാപിച്ചിട്ടുണ്ട്. ഫൈനൽ മത്സരത്തിന് ശേഷം റീഫണ്ട് നൽകുന്ന ഘട്ടത്തിലായിരിക്കും ഈ ഇളവ് ബാധകമാവുക. വികലാംഗരായ ആരാധകർക്കുള്ള സൗകര്യങ്ങൾക്കും ടിക്കറ്റ് നിരക്കുകൾക്കുമെതിരെയും നിലവിൽ വലിയ വിമർശനങ്ങൾ ഉയരുന്നുണ്ട്.
48 ടീമുകൾ പങ്കെടുക്കുന്ന ആദ്യ ലോകകപ്പാണിത്. ടൂർണമെന്റിലൂടെ 10 ബില്യൺ ഡോളർ വരുമാനമാണ് ഫിഫ ലക്ഷ്യമിടുന്നത്. ടിക്കറ്റ് നിരക്കുകളെച്ചൊല്ലി തർക്കങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും, പുതിയ ഘട്ടത്തിൽ മാത്രം 20 ദശലക്ഷത്തിലധികം ടിക്കറ്റ് അപേക്ഷകൾ ലഭിച്ചതായി ഫിഫ വ്യക്തമാക്കി. അമേരിക്കയിലെ 11 സ്റ്റേഡിയങ്ങളും കാനഡയിലെ രണ്ടും മെക്സിക്കോയിലെ മൂന്നും നഗരങ്ങളിലുമായാണ് മത്സരങ്ങൾ നടക്കുക.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
World Cup ticket prices reduced; FIFA gives in to fan protests



