ജന്മദിനാഘോഷം എന്നുപറഞ്ഞാൽ കൂട്ടുകാരുമായി ചേർന്ന് കുറച്ച് തമാശകളും കളിയുമൊക്കെ ഉണ്ടാകുന്നത് സാധാരണമാണ്. എന്നാൽ, ചിലപ്പോൾ ഈ തമാശകൾ അപ്രതീക്ഷിതമായ വഴിത്തിരിവുകളിലേക്ക് നയിക്കാറുണ്ട്. അത്തരത്തിൽ ചിരിയും ഭയവും ഒരുപോലെ നിറഞ്ഞ ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
ജന്മദിനത്തിൽ കേക്ക് മുറിക്കുന്നതിനിടെയുണ്ടായ ഒരു പൊട്ടിത്തെറിയിൽ പേടിച്ച ഒരു യുവാവ് നേരെ അടുത്തുള്ള സ്വിമ്മിങ് പൂളിലേക്ക് ചാടുന്ന ദൃശ്യങ്ങളാണ് ഈ വീഡിയോയിലുള്ളത്. വൈറലായ വീഡിയോയിൽ, ജന്മദിനം ആഘോഷിക്കുന്ന യുവാവ് കൂട്ടുകാരുമായി ചേർന്ന് കേക്ക് മുറിക്കാൻ ഒരുങ്ങുന്നതാണ് കാണുന്നത്. സന്തോഷത്തോടെ കേക്ക് മുറിച്ച് മുഖത്തിനടുത്തേക്ക് കൊണ്ടുവരുമ്പോൾ, ഒരു വലിയ ശബ്ദത്തോടെ അത് പൊട്ടിത്തെറിക്കുന്നു. ഇതോടെ കേക്കിന്റെ കഷണങ്ങൾ എല്ലായിടത്തും തെറിച്ചുപോവുകയും പാർട്ടിയിലെ എല്ലാവരും ഞെട്ടിപ്പോവുകയും ചെയ്യുന്നു.
പെട്ടെന്നുണ്ടായ ഈ സംഭവത്തിൽ ഭയന്നുപോയ യുവാവ്, കണ്ണുകൾ തിരുമ്മി നേരെ അടുത്തുള്ള സ്വിമ്മിങ് പൂളിലേക്ക് എടുത്തുചാടുന്നു. ഈ ദൃശ്യങ്ങൾ കണ്ട് ചുറ്റുമുള്ള കൂട്ടുകാർ പൊട്ടിച്ചിരിക്കുന്നതും വീഡിയോയിൽ കേൾക്കാം. ഈ ചിരിയാണ് പലരെയും ആശയക്കുഴപ്പത്തിലാക്കിയത്. ഇത് കൂട്ടുകാരുടെ മുൻകൂട്ടി തീരുമാനിച്ചുള്ള ഒരു തമാശയാണോ അതോ അപ്രതീക്ഷിതമായി സംഭവിച്ച ഒരു അപകടമാണോ എന്നാണ് ആളുകൾ ചർച്ച ചെയ്യുന്നത്.
ന്യൂസ് ഫ്ലെയർ, റോയിട്ടേഴ്സ് കണക്ട് വഴി പുറത്തുവിട്ട ഏതാനും നിമിഷങ്ങൾ മാത്രം ദൈർഘ്യമുള്ള ഈ വീഡിയോ അതിവേഗം ഇൻറർനെറ്റിൽ വൈറലായി. ഇത് കണ്ട ആളുകൾ രസകരമായ കമൻ്റുകളുമായി എത്തുന്നുണ്ട്. “ഇങ്ങനെയുള്ള കൂട്ടുകാരുണ്ടെങ്കിൽ ശത്രുക്കളുടെ ആവശ്യമില്ല” എന്ന് ഒരാൾ കുറിച്ചപ്പോൾ, “ഇതൊരു കേക്ക് മുറിക്കൽ ചടങ്ങല്ല, മറിച്ച് കേക്ക് പൊട്ടിത്തെറിപ്പിക്കൽ ചടങ്ങാണ്” എന്നാണ് മറ്റൊരു യൂസർ തമാശരൂപേണ കമൻ്റ് ചെയ്തത്. ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും രസകരവും ഭയപ്പെടുത്തുന്നതുമായ ഒരു ജന്മദിന വീഡിയോയാണിതെന്ന് പലരും പറയുന്നു.
Fear and laughter! Birthday cake explodes; Young man jumps straight into swimming pool in fear!



