കൊച്ചി: എഫ്‌സിആര്‍എ (FCRA) ഭേദഗതി ബില്ല് ഭാവിയില്‍ ക്രൈസ്തവ സമൂഹത്തെ അടിച്ചമര്‍ത്താനും നിശബ്ദരാക്കാനും ദുരുപയോഗം ചെയ്യപ്പെട്ടേക്കാമെന്ന് സിറോ മലബാര്‍ സഭ. ഭരണഘടനാലംഘനങ്ങള്‍ ചൂണ്ടിക്കാട്ടുമ്പോഴുള്ള വിയോജിപ്പുകളെ നിര്‍വീര്യമാക്കാനും ദുരാരോപണങ്ങള്‍ ഉന്നയിച്ച് സഭകളെ ഭയപ്പെടുത്താനുമുള്ള അജണ്ട ഇതിനു പിന്നിലുണ്ടെന്ന് സിറോ മലബാര്‍ സഭ പിആര്‍ഒ ഫാ. ടോം ഓലിക്കരോട്ട് പറഞ്ഞു. കണക്ക് ചോദിച്ചതാണ് പ്രതിഷേധത്തിന് കാരണമെന്ന പ്രചാരണം രാഷ്ട്രീയ ദുഷ്ടലാക്കോടെയുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിലെ നിയമമനുസരിച്ച് വിദേശ സഹായം സ്വീകരിക്കുന്ന സന്നദ്ധ സംഘടനകള്‍ കൃത്യമായി വാര്‍ഷിക റിട്ടേണ്‍ സമര്‍പ്പിക്കുന്നുണ്ടെന്നും പിഴവ് സംഭവിച്ചാല്‍ ലൈസന്‍സ് റദ്ദാക്കപ്പെടുമെന്നും സഭ ചൂണ്ടിക്കാട്ടി. നിയമം ഭരണഘടനാ വിരുദ്ധമായതിനാലും ഭാവിയില്‍ ദുരുപയോഗം ചെയ്യപ്പെടാന്‍ വിദൂര സാധ്യതയുള്ളതിനാലുമാണ് സഭാപിതാക്കന്മാര്‍ വിഷയത്തില്‍ പ്രതികരിച്ചത്. വിദേശ സഹായം കൈപ്പറ്റുന്നത് ക്രൈസ്തവര്‍ മാത്രമല്ലെന്നും എന്നാല്‍ ക്രൈസ്തവ സഭകളെ മാത്രം ലക്ഷ്യം വെച്ച് കുപ്രചരണങ്ങള്‍ നടത്തുന്നത് നുണ ഫാക്ടറികളാണെന്നും ഫാ. ടോം ഓലിക്കരോട്ട് കുറ്റപ്പെടുത്തി.
ഭേദഗതി പാവപ്പെട്ടവര്‍ക്ക് ഗുണം ചെയ്യുന്ന സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിലയ്ക്കാന്‍ കാരണമാകുമെന്ന് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ജോണി പള്ളിവാതുക്കല്‍ വ്യക്തമാക്കി. രജിസ്‌ട്രേഷന്‍ പുതുക്കാത്ത സ്ഥാപനങ്ങളുടെ ആസ്തികള്‍ ഉദ്യോഗസ്ഥരിലേക്ക് വന്നുചേരുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. രജിസ്‌ട്രേഷൻ റദ്ദാക്കപ്പെട്ടാൽ അപ്പീൽ നൽകാനുള്ള വ്യവസ്ഥകൾ ഇല്ലാത്തതും ഇത്തരം സ്ഥാപനങ്ങളെ വലിയ പ്രതിസന്ധിയിലാക്കും.
വിദേശത്ത് നിന്ന് സഹായം തേടുന്നത് ഭൂരിഭാഗവും മതസ്ഥാപനങ്ങളും സാമൂഹിക സേവന സംഘടനകളുമാണ്. പുതിയ ഭേദഗതി പ്രകാരം രജിസ്‌ട്രേഷൻ പുതുക്കിയില്ലെങ്കിൽ സ്ഥാപനങ്ങളുടെ ആസ്തികൾ സർക്കാർ അതോറിറ്റിയിലേക്ക് കണ്ടുകെട്ടുന്നത് ഭയാനകമായ അവസ്ഥയാണെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. സഭയുടെ പ്രതിഷേധം സന്നദ്ധ പ്രവർത്തനങ്ങളെ തകർക്കാനുള്ള നീക്കങ്ങൾക്കെതിരെയാണെന്നും പിആർഒ അറിയിച്ചു.
FCRA amendment to suppress Christian community; Syro-Malabar Church against central move
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



