ഒറോനോയിലെ പള്ളി നശിപ്പിച്ചതിനും, ബോമാൻവില്ലെയിലെ കനേഡിയൻ ടയർ സ്റ്റോറിൽ മത വിദ്വേഷ നേട്ടീസുകൾ സ്ഥാപിച്ചതിനും അച്ഛനും 14 വയസ്സുള്ള മകനും അറസ്റ്റിൽ. ഈ സംഭവങ്ങൾ ഏറ്റവും കൂടുതൽ ഭീതി പരത്തിയിരിക്കുന്നത് ജൂത, മുസ്ലീം സമുദായങ്ങളിൽ പ്പെട്ടവരിലാണ്. ജനുവരി 30-ന് ഗ്രീൻ റോഡിലെ കനേഡിയൻ ടയർ സ്റ്റോറിൽ അജ്ഞാതനായ ഒരാൾ സെമിറ്റിക് വിരുദ്ധ ലഘുലേഖകൾ പതിക്കുന്നത് സിസിടിവി ക്യാമറയിൽ പതിഞ്ഞതായി ഡർഹാം റീജിയണൽ പോലീസ് അറിയിച്ചു.
ജീവനക്കാർ ലഘുലേഖകൾ കണ്ടെത്തുകയും പോലീസിൽ വിവരമറിയിക്കുകയും ചെയ്തു. ഇതിന് പിന്നാലെ മെയ് 24-ന് വൈകുന്നേരം 111 ചർച്ച് സ്ട്രീറ്റ് നോർത്തിലുള്ള ഒരു പള്ളിയിൽ പാർക്ക് ചെയ്ത നിരവധി വാഹനങ്ങളും പള്ളിയുടെ മുൻവാതിലും നശിപ്പിച്ചതായി പോലീസിന് വിവരം ലഭിച്ചു. ഈ സംഭവങ്ങളെത്തുടർന്ന്, തിങ്കളാഴ്ച ഒറോനോയിലെ വീട്ടിൽ നിന്നാണ് പോലീസ് ഇവരെ രണ്ട് പേരെ അറസ്റ്റ് ചെയ്തത്. സംഭവസ്ഥലത്തുനിന്ന് നിരവധി വസ്തുക്കൾ പിടിച്ചെടുത്തതായും പോലീസ് അറിയിച്ചു.
34 വയസ്സുള്ളയാളുടെ പേരിൽ സ്വത്ത് നശിപ്പിച്ചതിന് കുറ്റം ചുമത്തിയിട്ടുണ്ട്, അതേസമയം അദ്ദേഹത്തിന്റെ കൗമാരക്കാരനായ മകനെതിരെ മതപരമായ സ്വത്തുമായി ബന്ധപ്പെട്ട കുറ്റകൃത്യത്തിനാണ് കേസെടുത്തിരിക്കുന്നത്. ഇരുവരെയും പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.
ഏതെങ്കിലും വിഭാഗത്തിൽ ഭയം ജനിപ്പിക്കുകയോ അവരെ ലക്ഷ്യമിടുന്നതോ ആയ പ്രവൃത്തികൾ ശിക്ഷാർഹമാണ്.
അവ വളരെ ഗൗരവമായി കാണുന്നുവെന്ന് ഡർഹാം പോലീസ് പറഞ്ഞു. തങ്ങളുടെ സമൂഹത്തിലെ എല്ലാവരുടെയും സുരക്ഷ, അന്തസ്സ്, ക്ഷേമം എന്നിവ ഉറപ്പാക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണ്.” ഈ സംഭവങ്ങളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 1-888-579-1520 എക്സ്റ്റൻഷൻ 1600 എന്ന നമ്പറിലോ ക്രൈം സ്റ്റോപ്പേഴ്‌സ് 1-800-222-TIPS എന്ന നമ്പറിലോ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.



