കാനഡയിലെ നഗരങ്ങളിൽ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമായി കേബിൾ കാറുകൾ ഉപയോഗിക്കാമെന്ന് ഗതാഗത വിദഗ്ദ്ധർ. പല രാജ്യങ്ങളിലും പൊതുഗതാഗതത്തിനായി കേബിൾ കാറുകൾ ഉപയോഗിക്കുന്നുണ്ട്. ചിലിയിലെ സാന്റിയാഗോയിലും, കൊളംബിയയിലെ ബൊഗോട്ടയിലും, ബൊളീവിയയിലെ ലാ പാസിലും ഇതിനോടകം തന്നെ കേബിൾ കാറുകൾ പൊതുഗതാഗത സംവിധാനത്തിന്റെ ഭാഗമാണ്.
കാനഡയിൽ പൊതുഗതാഗതം മെച്ചപ്പെടുത്താനും, ഗതാഗതക്കുരുക്ക് കുറയ്ക്കാനും ഇത് സഹായകമാകുമെന്ന് ടൊറന്റോ ആസ്ഥാനമായുള്ള സ്വതന്ത്ര ഗതാഗത പ്ലാനറായ റീസ് മാർട്ടിൻ പറയുന്നു. കേബിൾ കാറുകൾ നിർമ്മിക്കാനും പ്രവർത്തിപ്പിക്കാനും വലിയ ചിലവില്ല. ഇത് നിലവിൽ ചെയ്യുന്ന പല ഗതാഗത പദ്ധതികളെക്കാളും വേഗത്തിൽ പൂർത്തിയാക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഗതാഗത നയ വിദഗ്ദ്ധനായ ജോനാഥൻ ഇംഗ്ലീഷ് റീസിന്റെ അഭിപ്രായത്തോട് യോജിക്കുന്നു. റെയിൽവേ പാതകൾ നിർമ്മിക്കുന്നതിനേക്കാൾ ചിലവ് കുറവാണ് കേബിൾ കാറുകൾക്ക്. യാത്രക്കാർക്ക് യാതൊരു തടസ്സവുമില്ലാതെ വേഗത്തിൽ ലക്ഷ്യസ്ഥാനത്ത് എത്താൻ സാധിക്കുമെന്നും വിദഗ്ധർ പറയുന്നു.
ബർണബിയിൽ കേബിൾ കാർ യാഥാർത്ഥ്യമാകുന്നു
ബ്രിട്ടീഷ് കൊളംബിയയിലെ ബർണബിയിൽ കേബിൾ കാർ പദ്ധതി യാഥാർത്ഥ്യമാവുകയാണ്. ബർണബിയിലെ ഗതാഗത കമ്മിറ്റിയുടെ വൈസ് ചെയർ ഡാനിയൽ ടെട്രോൾട്ട് പറയുന്നതനുസരിച്ച് ബർണബി മൗണ്ടൻ ഗോണ്ടോള പദ്ധതി നടപ്പിലാക്കാൻ തയ്യാറായിക്കഴിഞ്ഞു. ഒരു സ്കൈ ട്രെയിൻ സ്റ്റേഷനെ സൈമൺ ഫ്രേസർ സർവകലാശാലയുമായി ബന്ധിപ്പിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
7,000-ത്തോളം ആളുകൾ താമസിക്കുന്ന ബർണബി മൗണ്ടനിലെ പ്രധാന ക്യാമ്പസ് ഈ കേബിൾ കാർ വഴി ബന്ധിപ്പിക്കാൻ സാധിക്കും. കൂടാതെ, ഈ ഗതാഗത സംവിധാനം പരിസ്ഥിതി സൗഹൃദവുമാണ്. ഡീസൽ ബസ് ഒരു യാത്രയിൽ ഏകദേശം 400 ഗ്രാം കാർബൺ ഡൈ ഓക്സൈഡ് പുറത്തുവിടുമ്പോൾ ഒരു കേബിൾ കാർ യാത്രയിൽ അഞ്ച് ഗ്രാം മാത്രമാണ് പുറത്തുവിടുന്നത്.
നിലവിൽ ഫണ്ടിനായുള്ള കാത്തിരിപ്പിലാണ് ഈ പദ്ധതി. പ്രവിശ്യാ, ഫെഡറൽ ഗവൺമെന്റുകൾ ഫണ്ട് അനുവദിച്ചാൽ മാത്രമേ പദ്ധതിയുമായി മുന്നോട്ട് പോകാൻ സാധിക്കൂ. മെട്രോ വാൻകൂവറിലെ പൊതുഗതാഗത അതോറിറ്റിയായ ട്രാൻസ്ലിങ്ക് അവരുടെ പത്ത് വർഷത്തെ പദ്ധതിയിൽ ബർണബി മൗണ്ടൻ ഗോണ്ടോള ഉൾപ്പെടുത്തിയിട്ടുണ്ട്.
ഗതാഗതക്കുരുക്ക് ഒഴിവാക്കുമോ?
ബർണബി മൗണ്ടൻ പോലെയുള്ള ചരിഞ്ഞ പ്രദേശങ്ങൾക്ക് മാത്രമല്ല തിരക്കേറിയ നഗരങ്ങളിലും ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ കേബിൾ കാറുകൾക്ക് സാധിക്കുമെന്ന് ജോനാഥൻ ഇംഗ്ലീഷ് പറയുന്നു. ടൊറന്റോയിലെ പല ഭാഗങ്ങളിലും താമസക്കാരുടെ എണ്ണം വർധിച്ചിട്ടുണ്ട്. എന്നാൽ അവിടെയെല്ലാം നിലവിൽ വളരെ കുറഞ്ഞതും തിരക്കേറിയതുമായ പൊതുഗതാഗത സംവിധാനങ്ങളാണ് ഉള്ളത്. അങ്ങനെയുള്ള സ്ഥലങ്ങളിൽ കേബിൾ കാറുകൾ ഒരു പരിഹാരമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ഒറ്റമൂലിയില്ലെന്നും, എന്നാൽ കേബിൾ കാറുകൾ നല്ലൊരു ഓപ്ഷനാണെന്നും ഇംഗ്ലീഷ് പറയുന്നു. ആളുകളുടെ കാഴ്ചപ്പാടുകളാണ് കേബിൾ കാറുകൾ ഒരു പൊതുഗതാഗത സംവിധാനമായി ഉപയോഗിക്കുന്നതിന് പ്രധാന തടസ്സമെന്ന് റീസ് മാർട്ടിൻ അഭിപ്രായപ്പെടുന്നു. “ഇത് വിജയകരമാണെന്ന് ആളുകൾക്ക് കാണിച്ചുകൊടുക്കാൻ ഒരു മാതൃക ഉണ്ടാവേണ്ടത് അത്യാവശ്യമാണ്. അത് ഈ പദ്ധതി രാജ്യത്തുടനീളം നടപ്പിലാക്കാൻ സഹായിക്കും,” റീസ് കൂട്ടിച്ചേർത്തു.



