കൊച്ചി: മലയാളത്തിന്‍റെ അതുല്യ കലാകാരന്‍ ശ്രീനിവാസന്‍റെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി. തൃപ്പൂണിത്തുറ കണ്ടനാട്ടെ വീട്ടുവളപ്പിലാണ് ചടങ്ങുകൾ നടന്നത്. പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. എന്നും എല്ലാവർക്കും നൻമകൾ മാത്രം ഉണ്ടാകട്ടെ എന്ന് എഴുതിയ ഒരു പേപ്പറും പേനയും ശ്രീനിവാസന്‍റെ ഭൗതിക ശരീരത്തില്‍ വെച്ചതിന് ശേഷമാണ് ചിതയ്ക്ക് തീകൊളുത്തിയത്. വിനീത് ശ്രീനിവാസനാണ് ചിതയ്ക്ക് തീ കൊളുത്തിയത്. മലയാളക്കരയാകെ ശ്രീനിവാസന് അന്ത്യാഞ്ജലി അർപ്പിച്ചു. കലാസാംസ്കാരിക രംഗത്തെ പ്രമുഖർ സംസ്കാര ചടങ്ങിലേക്കെത്തി.
ഇന്നലെ രാവിലെ ഡയാലിസിസിനായി സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ശ്വാസതടസം അനുഭവപ്പെട്ട ശ്രീനിവാസനെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് അന്ത്യം സംഭവിച്ചത്. ടൗൺ ഹാളിലും വീട്ടിലുമായി പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ സമൂഹത്തിന്‍റെ വിവിധ മേഖലകളിൽ നിന്നുള്ള നിരവധിപ്പേരെത്തിയിരുന്നു.48 വർഷം നീണ്ട സിനിമാ ജീവിതത്തിനാണ് അന്ത്യമായത്.
സാധാരണക്കാരുടെ ജീവിതപ്രശ്നങ്ങളെ ഹാസ്യത്തിന്റെ അകമ്പടിയോടെ വെള്ളിത്തിരയിൽ എത്തിക്കുന്നതിൽ സവിശേഷമായ ശൈലി പുലർത്തിയിരുന്ന കലാകാരനായിരുന്നു ശ്രീനിവാസൻ. നാടോടിക്കാറ്റ്, ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റ്, സന്ദേശം, വടക്കുനോക്കിയന്ത്രം, ടി.പി. ബാലഗോപാലൻ എം.എ തുടങ്ങിയ ചിത്രങ്ങൾ മലയാളികൾക്ക് മറക്കാനാവാത്ത ദൃശ്യാനുഭവങ്ങളാണ് സമ്മാനിച്ചത്. തന്റെ സിനിമാ ജീവിതത്തിനിടെ അഞ്ച് തവണ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ അദ്ദേഹം കരസ്ഥമാക്കി. കൂടാതെ, അദ്ദേഹം രചനയും സംവിധാനവും നിർവ്വഹിച്ച ‘വടക്കുനോക്കിയന്ത്രം’, ‘ചിന്താവിഷ്ടയായ ശ്യാമള’ എന്നീ സിനിമകൾക്ക് ദേശീയ പുരസ്കാരങ്ങളും ലഭിച്ചു. മലയാള സാഹിത്യത്തിന് വൈക്കം മുഹമ്മദ് ബഷീര്‍ എന്തായിരുന്നോ അതായിരുന്നു മലയാള സിനിമയ്ക്ക് ശ്രീനിവാസന്‍. അതുല്യ പ്രതിഭയ്ക്ക് വിട.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Farewell to Srinivasan: Paper and pen as a mark of respect, cremation completed with official honours



