ഫ്ലോറിഡയിൽ സ്വന്തമായി ഒരു നീന്തൽ വസ്ത്ര ബിസിനസ് വികസിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് കാനഡക്കാരിയായ പൗല കാൽജസ് യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് (ICE) കസ്റ്റഡിയിലാവുന്നത്. അസുഖബാധിതനായിരുന്ന പിതാവിനെ പരിചരിക്കാൻ നാട്ടിൽ സമയം ചെലവഴിച്ചതിന് ശേഷമാണ് 45 വയസ്സുകാരിയായ പൗല തന്റെ ഫാഷൻ ലൈൻ വികസിപ്പിക്കാനായി ഫ്ലോറിഡയിലെത്തിയത്. എന്നാൽ, ഇപ്പോൾ അവർ യുഎസിലെ സങ്കീർണ്ണമായ നിയമ, കുടിയേറ്റ സംവിധാനങ്ങളുമായി മല്ലിട്ട് സാമ്പത്തികമായി ബുദ്ധിമുട്ടുകയാണ്.
“അവൾ വളരെ ശക്തയായിരുന്ന യുവതിയായിരുന്നു. എന്നാൽ ഇപ്പോൾ എല്ലാ ദിവസവും അവൾ കരയുകയാണ്, അവൾക്ക് ഇനി വയ്യ. അവളുടെ അമ്മ മരിയ എസ്റ്റെല്ല കാനോ മകളെ കുറിച്ച് പറയുന്നത് ഇങ്ങിനെയാണ്. ട്രംപ് അധികാരത്തിൽ തിരിച്ചെത്തിയ ശേഷം അനധികൃത കുടിയേറ്റത്തിനെതിരെ കർശന നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി നാടുകടത്തൽ ശ്രമങ്ങൾ വർദ്ധിപ്പിച്ചിട്ടുണ്ട്. പ്രതിഷേധിക്കുന്ന വിദ്യാർത്ഥികളെ ലക്ഷ്യമിടുന്നതും ആളുകളെ എൽ സാൽവഡോറിലെ കുപ്രസിദ്ധ ജയിലുകളിലേക്ക് അയക്കുന്നതുമെല്ലാം ഇതിൽപ്പെടുന്നു.
റെസ്റ്റോറന്റുകളിലും ഫാമുകളിലും ICE റെയ്ഡുകൾ വർദ്ധിച്ചു വരികയാണ്. കുറ്റവാളികളെയാണ് ലക്ഷ്യമിടുന്നതെന്ന് ട്രംപിന്റെ സംഘം പറയുന്നുണ്ടെങ്കിലും, രാജ്യത്ത് അനധികൃതമായി താമസിക്കുന്ന ആരെയും നാടുകടത്തുമെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്. കൊളംബിയയിൽ നിന്ന് കാനഡയിലേക്ക് കുടിയേറിയ കുടുംബത്തിൽ മോൺട്രിയലിലാണ് പൗല കാൽജസ് ജനിച്ചു വളർന്നത്. 2012-ഓടെ കാനഡയിൽ സ്വന്തമായി നീന്തൽ വസ്ത്ര ലൈൻ ആരംഭിച്ച അവർക്ക് നല്ല മുന്നേറ്റമുണ്ടായിരുന്നെങ്കിലും, പിതാവിന് സുഖമില്ലാതായപ്പോൾ സ്വപ്നങ്ങൾക്ക് താൽക്കാലികമായി വിരാമമിട്ടു.
2020-ൽ പിതാവിന്റെ മരണശേഷം, പൗല തന്റെ ബിസിനസ് വീണ്ടും തുടങ്ങി. ഫ്ലോറിഡയിൽ തന്റെ ഫാഷൻ ലൈനിന് വലിയ സാധ്യതകളുണ്ടെന്ന് കണ്ട അവർ അവിടെ സ്വത്ത് വാങ്ങുകയും ബ്രാൻഡ് കെട്ടിപ്പടുക്കാൻ ശ്രമിക്കുകയും ചെയ്തു. പ്രത്യേക വൈദഗ്ധ്യമുള്ളവർക്കുള്ള നോൺ-ഇമിഗ്രന്റ് വിസയിലാണ് അവർ യുഎസിൽ കഴിഞ്ഞിരുന്നതെന്നും, അത് മാർച്ചിൽ അവസാനിക്കാനിരുന്നതാണെന്നും കുടുംബം പറയുന്നു.
ഫെബ്രുവരിയിൽ വിസ നീട്ടാൻ അപേക്ഷിച്ചെങ്കിലും, അപേക്ഷയിലെ ചില സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി അത് നിരസിക്കപ്പെട്ടു. പ്രശ്നം പരിഹരിച്ചെന്ന് കരുതി പൗല വീണ്ടും അപേക്ഷിച്ചു. എന്നാൽ മാർച്ച് 28-ന് അന്നത്തെ കാമുകനുമായുണ്ടായ തർക്കത്തെത്തുടർന്ന് പൗലയെ അറസ്റ്റ് ചെയ്തു. ഇത് സ്വയം പ്രതിരോധിക്കാനായിരുന്നു എന്നാണ് കുടുംബം പറയുന്നത്. ജാമ്യം ലഭിച്ചതിന് ശേഷം പൗലയെ ICE കസ്റ്റഡിയിലെടുത്തു. പൗല ഒരു നോൺ-ഇമിഗ്രന്റ് വിസിറ്റർ വിസയിലാണ് യുഎസിൽ പ്രവേശിച്ചതെന്നും, വിസയുടെ നിബന്ധനകൾ ലംഘിച്ചുവെന്നും ICE വക്താവ് അറിയിച്ചു.
കുടിയേറ്റ നടപടികൾ പൂർത്തിയാകുന്നതുവരെ അവർ കസ്റ്റഡിയിൽ തുടരുമെന്നും ICE വ്യക്തമാക്കി. പൗലയുടെ തടങ്കൽ കുടുംബത്തിന് “ഒരു പേടിസ്വപ്നം” ആണെന്നാണ് അമ്മ കാനോ പറയുന്നത്. പൗലയെ ഇതിനകം മൂന്നോ അതിലധികമോ സ്ഥലങ്ങളിലേക്ക് മാറ്റിയിട്ടുണ്ടെന്നും, നിയമസഹായത്തിനായി വൻ തുക ചെലവഴിക്കേണ്ടി വരികയാണെന്നും കുടുംബം പറയുന്നു. 5000 യുഎസ് ഡോളർ ഒരു അഭിഭാഷകന് രേഖകൾ സമർപ്പിക്കാൻ മാത്രം ചെലവായെന്നാണ് അവർ പറയുന്നത്. കസ്റ്റഡിയിൽ തുടരുന്നത് പൗലയുടെ മാനസികാരോഗ്യത്തെയും ബാധിക്കുന്നുണ്ടെന്ന് കുടുംബം ആശങ്കപ്പെടുന്നു.



