ഒന്റാറിയോ: അംഗീകാരമില്ലാത്തതും സുരക്ഷിതമല്ലാത്തതുമായ ഗർഭച്ഛിദ്ര ഗുളികകൾ വിദേശ രാജ്യങ്ങളിൽ നിന്നും ഓൺലൈൻ വഴി കാനഡയിലെത്തുന്നത് വർധിക്കുന്നതായി റിപ്പോർട്ട്. ബ്രിട്ടീഷ് കൊളംബിയ, ഒന്റാറിയോ എന്നിവിടങ്ങളിലെ ആരോഗ്യ പ്രവർത്തകരാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. ഇന്ത്യയിൽ നിന്നുള്ള ഗുളികകൾ എന്ന വ്യാജേന വെബ്സൈറ്റുകൾ വഴിയും വാട്സാപ്പ് വഴിയുമാണ് ഇത്തരം മരുന്നുകൾ വിൽക്കുന്നത്. മതിയായ മെഡിക്കൽ പരിശോധനകളോ കുറിപ്പടികളോ ഇല്ലാതെ വിൽക്കുന്ന ഈ മരുന്നുകൾ ഉപയോഗിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ഡോക്ടർമാർ വ്യക്തമാക്കുന്നു.
കാനഡയിൽ മെഡിക്കൽ അബോർഷൻ നിയമവിധേയമാണെങ്കിലും ഗവൺമെന്റിന്റെ അംഗീകാരമുള്ള മരുന്നുകൾ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. എന്നാൽ ഇൻഷുറൻസ് ഇല്ലാത്തവർ, പുതിയതായി കുടിയേറിയവർ, ഭാഷാപരമായ ബുദ്ധിമുട്ടുകൾ നേരിടുന്നവർ എന്നിവരെ ലക്ഷ്യം വെച്ചാണ് വ്യാജ വെബ്സൈറ്റുകൾ പ്രവർത്തിക്കുന്നത്. കാനഡയിലെ പ്രമുഖ ക്ലിനിക്കുകളുടെ വിലാസവും ഡോക്ടർമാരുടെ പേരും ദുരുപയോഗം ചെയ്താണ് ഇത്തരം സൈറ്റുകൾ വിശ്വാസ്യത നേടിയെടുക്കുന്നത്. മരുന്നിന്റെ ഗുണനിലവാരത്തെക്കുറിച്ചോ കൃത്യമായ അളവിനെക്കുറിച്ചോ വ്യക്തമായ വിവരങ്ങൾ നൽകാതെയാണ് കച്ചവടം നടക്കുന്നത്.
വ്യാജ മരുന്നുകൾ കഴിച്ച് ആരോഗ്യനില വഷളായ നിരവധി പേർ കഴിഞ്ഞ വർഷം ചികിത്സ തേടിയെത്തിയതായി വാൻകൂവറിലെ വില്ലോ ക്ലിനിക്ക് അധികൃതർ അറിയിച്ചു. ഗുളികകൾ ഫലപ്രദമാകാതിരിക്കുക, അമിതമായ രക്തസ്രാവം, ഗർഭപാത്രത്തിനുണ്ടാകുന്ന തകരാറുകൾ എന്നിവയാണ് പ്രധാന ഭീഷണികൾ. വ്യാജ വിൽപനയെക്കുറിച്ച് ഹെൽത്ത് കാനഡയ്ക്കും പോലീസിനും പരാതി നൽകിയിട്ടുണ്ട്. അംഗീകാരമില്ലാത്ത സൈറ്റുകളിൽ നിന്ന് മരുന്ന് വാങ്ങരുതെന്നും ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെട്ടാൽ ഉടൻ ചികിത്സ തേടണമെന്നും അധികൃതർ നിർദ്ദേശിച്ചു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Fake abortion pills are widespread in Canada: Health experts warn



