കാനഡയിലേക്ക് സ്ഥിരതാമസത്തിനായി (PR) കാത്തിരിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ആശ്വാസമേകി ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡയുടെ ഏറ്റവും (IRCC) പുതിയ എക്സ്പ്രസ് എൻട്രി ഡ്രോ ഫലം പുറത്തുവിട്ടു. പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PNP) വിഭാഗത്തിൽ നടന്ന നറുക്കെടുപ്പിൽ 324 ഉദ്യോഗാർത്ഥികൾക്കാണ് ഇത്തവണ അപേക്ഷിക്കാൻ അവസരം ലഭിച്ചത്.

കുറഞ്ഞത് 786 CRS സ്കോർ ആവശ്യമായിരുന്നു. 2025 നവംബർ 19-ന് യൂണിവേഴ്സൽ കോർഡിനേറ്റഡ് ടൈം (UTC) വൈകുന്നേരം 6:53-ന് മുമ്പ് എക്സ്പ്രസ് എൻട്രി പ്രൊഫൈൽ സമർപ്പിച്ചവരെയാണ് ഈ ഘട്ടത്തിൽ പരിഗണിച്ചിരിക്കുന്നത്. ഇതോടെ 2026-ൽ ഇതുവരെ നടന്ന എക്സ്പ്രസ് എൻട്രി നറുക്കെടുപ്പുകളുടെ എണ്ണം 21 ആയി ഉയർന്നു.
2026-ലെ ആദ്യ പാദത്തിൽ കാനഡയുടെ ഇമിഗ്രേഷൻ നയങ്ങൾ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് രാജ്യത്തിനകത്തുള്ള (In-land candidates) ഉദ്യോഗാർത്ഥികളിലാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. പ്രത്യേകിച്ച് പ്രൊവിൻഷ്യൽ നോമിനേഷൻ ലഭിച്ചവർക്കും കനേഡിയൻ പ്രവൃത്തിപരിചയമുള്ളവർക്കും മുൻഗണന നൽകുന്ന രീതിയാണ് ഐആർസിസി പിന്തുടരുന്നത്. ഈ വർഷം ഇതുവരെ നടന്ന നറുക്കെടുപ്പുകളിൽ ഏഴെണ്ണം പിഎൻപി വിഭാഗത്തിലും ആറെണ്ണം കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് (CEC) വിഭാഗത്തിലുമായിരുന്നു.
2026-ൽ ഇതുവരെ വിവിധ വിഭാഗങ്ങളിലായി ആകെ 59,154 ഇൻവിറ്റേഷനുകളാണ് ഐആർസിസി നൽകിയത്. ഇതിൽ ഏറ്റവും കൂടുതൽ അവസരം ലഭിച്ചത് കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് വിഭാഗത്തിനാണ് (30,250). ഫ്രഞ്ച് ഭാഷാ പ്രാവീണ്യമുള്ളവർക്ക് 18,000 ഇൻവിറ്റേഷനുകൾ നൽകിക്കൊണ്ട് രണ്ടാം സ്ഥാനത്തുണ്ട്. ഹെൽത്ത് കെയർ, ട്രേഡ് മേഖലകളിലുള്ളവർക്കും മികച്ച പരിഗണനയാണ് ഈ വർഷം ലഭിച്ചുകൊണ്ടിരിക്കുന്നത്.
കാനഡയിലെ പ്രവിശ്യകളുടെ പിന്തുണയോടെയുള്ള കുടിയേറ്റം ആഗ്രഹിക്കുന്നവർക്ക് പിഎൻപി ഡ്രോകൾ നിർണ്ണായകമാണ്. ഉയർന്ന സിആർഎസ് സ്കോർ ആവശ്യമുള്ള ഈ വിഭാഗത്തിൽ പ്രവിശ്യകളിൽ നിന്നുള്ള നോമിനേഷൻ ലഭിക്കുന്നതിലൂടെ ലഭിക്കുന്ന 600 പോയിന്റുകൾ ഉദ്യോഗാർത്ഥികൾക്ക് വലിയ മുൻതൂക്കം നൽകുന്നു. വരും ആഴ്ചകളിൽ മറ്റ് പ്രധാന വിഭാഗങ്ങളിലേക്കും നറുക്കെടുപ്പുകൾ ഉണ്ടാകുമെന്നാണ് സൂചന.
Express Entry PNP Draw; Details of the draw held on April 13 are known
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



