ദുബായ്: ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തെത്തുടർന്ന് ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫക്ക് സമീപം സ്ഫോടനവും പുകയും ഉണ്ടായതായി റിപ്പോർട്ട്. ബുർജ് ഖലീഫ ലക്ഷ്യമിട്ട് ഇറാനിയൻ ഡ്രോൺ എത്തിയതിന് പിന്നാലെയാണ് കെട്ടിടത്തിന് സമീപത്ത് നിന്ന് പുക ഉയരുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഫോടന ശബ്ദങ്ങൾ മുഴങ്ങിയതോടെ മുൻകരുതൽ നടപടിയായി ബുർജ് ഖലീഫയിൽ നിന്നും പരിസരത്തെ കെട്ടിടങ്ങളിൽ നിന്നും താമസക്കാരെയും സന്ദർശകരെയും അടിയന്തരമായി ഒഴിപ്പിച്ചു.
ആക്രമണത്തിൽ ബുർജ് ഖലീഫക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല. എന്നാൽ ദുബായുടെ മറ്റൊരു അഭിമാന സ്തംഭമായ ബുർജ് അൽ അറബിൽ ഡ്രോൺ ആക്രമണത്തെത്തുടർന്ന് തീപിടുത്തമുണ്ടായതായി റിപ്പോർട്ടുകളുണ്ട്. ഏകദേശം 1.5 ബില്യൺ ഡോളർ ഇൻഷുറൻസ് മൂല്യമുള്ള ബുർജ് ഖലീഫയും പരിസരവും അതീവ സുരക്ഷാ വലയത്തിലാണ്. മേഖലയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ഇവിടെ വർഷംതോറും ദശലക്ഷക്കണക്കിന് ആളുകളാണ് സന്ദർശനത്തിനെത്തുന്നത്.
ദുബായ് നഗരത്തെ നടുക്കിയ ആക്രമണത്തിൽ വിമാനത്താവളവും ജബൽ അലി തുറമുഖവും ലക്ഷ്യമിട്ടതായും സൂചനയുണ്ട്. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയും ആക്രമണമുണ്ടായതായാണ് പ്രാഥമിക വിവരങ്ങൾ. ഇതിനുപുറമെ ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയും ഇറാൻ ആക്രമണം നടത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മേഖലയിലെ പ്രധാന ഗതാഗത-വാണിജ്യ കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചുള്ള നീക്കം പശ്ചിമേഷ്യയിലെ സുരക്ഷാ സാഹചര്യം അതീവ ഗുരുതരമാക്കിയിരിക്കുകയാണ്.
അമേരിക്കയും ഇസ്രായേലും സംയുക്തമായി ഇറാനിൽ നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് തിരിച്ചടിയുമായി ഇറാൻ രംഗത്തെത്തിയത്. യുഎസ് സൈനിക താവളങ്ങൾക്കും ഇസ്രായേലിനും പുറമെ പശ്ചിമേഷ്യയിലെ മറ്റ് പ്രമുഖ നഗരങ്ങളിലേക്കും ആക്രമണം വ്യാപിക്കുന്നത് ലോകരാഷ്ട്രങ്ങളെ ആശങ്കയിലാക്കുന്നു. യുഎഇ ഉൾപ്പെടെയുള്ള രാജ്യങ്ങൾ സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണ്. കൂടുതൽ ആക്രമണങ്ങൾ ഒഴിവാക്കാൻ അന്താരാഷ്ട്ര തലത്തിൽ നയതന്ത്ര ഇടപെടലുകൾ സജീവമായിട്ടുണ്ട്
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Explosion near Burj Khalifa; People evacuated; International media releases footage of explosion



