ബ്രസ്സൽസ്: യൂറോപ്യൻ രാജ്യങ്ങൾ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന വിനോദസഞ്ചാരികൾക്കും ബിസിനസ് പ്രൊഫഷണലുകൾക്കും ആശ്വാസകരമായ വാർത്തയുമായി യൂറോപ്യൻ യൂണിയൻ. നിലവിൽ അഞ്ച് വർഷമായി പരിമിതപ്പെടുത്തിയിരിക്കുന്ന മൾട്ടിപ്പിൾ എൻട്രി ഷെങ്കൻ വിസകളുടെ കാലാവധി നീട്ടാൻ യൂറോപ്യൻ കമ്മീഷൻ ശുപാർശ ചെയ്തു. വിസ നടപടികൾ ലഘൂകരിക്കുന്നതിനൊപ്പം സുരക്ഷാ മാനദണ്ഡങ്ങൾ കൂടുതൽ ശക്തമാക്കുന്ന പുതിയ നയപ്രഖ്യാപനത്തിന്റെ ഭാഗമായാണ് ഈ നീക്കം. ഇടയ്ക്കിടെ യൂറോപ്പിലേക്ക് യാത്ര ചെയ്യുന്നവർക്ക് പുതിയ തീരുമാനം വലിയ ഗുണകരമാകും.
വിസ അപേക്ഷകൾ നൽകുന്നതിലെ നൂലാമാലകൾ കുറച്ച് വിനോദസഞ്ചാര-നിക്ഷേപ മേഖലകളിൽ കൂടുതൽ കരുത്താർജ്ജിക്കുകയാണ് യൂറോപ്യൻ യൂണിയന്റെ ലക്ഷ്യം. അമേരിക്ക, ബ്രിട്ടൻ, കാനഡ തുടങ്ങിയ രാജ്യങ്ങൾ നിലവിൽ ദീർഘകാല വിസകൾ നൽകുന്നുണ്ട്. ഈ രാജ്യങ്ങളുമായി മത്സരിക്കാനും കൂടുതൽ ബിസിനസ് സംരംഭകരെ ആകർഷിക്കാനും ലക്ഷ്യമിട്ടാണ് ഷെങ്കൻ വിസയിലും മാറ്റങ്ങൾ കൊണ്ടുവരുന്നത്. കൃത്യമായി വിസ ചട്ടങ്ങൾ പാലിക്കുന്ന, കുറഞ്ഞ കുടിയേറ്റ റിസ്കുള്ള യാത്രക്കാർക്ക് (Bona fide travelers) ഇനിമുതൽ അഞ്ച് വർഷത്തിൽ കൂടുതൽ കാലാവധിയുള്ള വിസകൾ ലഭ്യമാകും.
യാത്രക്കാരുടെ സൗകര്യാർത്ഥം വിസ നടപടികൾ പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്യാനും പദ്ധതിയുണ്ട്. നിലവിൽ പാസ്പോർട്ടിൽ പതിപ്പിക്കുന്ന വിസ സ്റ്റിക്കറുകൾക്ക് പകരം സുരക്ഷിതമായ ഡിജിറ്റൽ വിസകൾ നിലവിൽ വരും. ഇതിനായി ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോം സജ്ജമാക്കും. അപേക്ഷകർക്ക് രേഖകൾ സമർപ്പിക്കാനും വിസ സ്റ്റാറ്റസ് പരിശോധിക്കാനും ഈ പോർട്ടൽ വഴി സാധിക്കും. 2026-ഓടെ ഡിജിറ്റൽ വിസ സംവിധാനം പൂർണ്ണതോതിൽ പ്രവർത്തനക്ഷമമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിസ നടപടികൾ വേഗത്തിലാക്കുന്നതിനൊപ്പം അതിർത്തി സുരക്ഷ കൂടുതൽ കർശനമാക്കാനും ഡിജിറ്റൽ സംവിധാനത്തിലൂടെ സാധിക്കും.
വിസ ചട്ടങ്ങളിൽ ഇളവ് വരുത്തുമ്പോഴും സുരക്ഷാ പരിശോധനകളിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്ന് യൂറോപ്യൻ കമ്മീഷൻ വ്യക്തമാക്കി. നിയമപരമായ രീതിയിൽ യാത്ര ചെയ്യുന്നവർക്ക് മുൻഗണന നൽകുന്നതിനൊപ്പം തന്നെ, അനധികൃത കുടിയേറ്റം തടയാൻ കർശനമായ നിരീക്ഷണമുണ്ടാകും. ബയോമെട്രിക് വിവരങ്ങൾ ശേഖരിക്കുന്നതിലെ സാങ്കേതിക വശങ്ങൾ കൂടി പരിഗണിച്ചായിരിക്കും വിസ കാലാവധി അഞ്ച് വർഷത്തിന് മുകളിലേക്ക് നിശ്ചയിക്കുക. ബിസിനസ് മീറ്റിംഗുകൾക്കും സമ്മേളനങ്ങൾക്കുമായി യൂറോപ്പിനെ ആശ്രയിക്കുന്ന പ്രൊഫഷണലുകൾക്ക് പുതിയ പരിഷ്കാരം വലിയ യാത്രാസ്വാതന്ത്ര്യം ഉറപ്പുനൽകുന്നു.
eus-new-visa-strategy-multiple-entry-schengen-visas-could-soon-be-valid-for-more-than-five-years
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



