കൊച്ചി: എറണാകുളം – ബെംഗളൂരു വന്ദേ ഭാരത് നവംബറിൽ സർവീസ് തുടങ്ങുമെന്ന കേന്ദ്ര റെയിൽവേ മന്ത്രിയുടെ പ്രഖ്യാപനത്തോടെ സർവീസിൻ്റെ വിശദാംശങ്ങൾ അറിയാനുള്ള കാത്തിരിപ്പിലാണ് മലയാളികൾ. കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ യാത്രക്കാരുള്ള അന്തർസംസ്ഥാന റൂട്ടിൽ വന്ദേ ഭാരത് വേണമെന്ന ആവശ്യമാണ് ഒടുവിൽ പരിഗണിച്ചിരിക്കുന്നത്. ഇനി ബെംഗളൂരുവിൽ നിന്ന് അതിവേഗത്തിൽ കേരളത്തിലേക്കും തിരിച്ചും യാത്ര സാധ്യമാകും. വന്ദേ ഭാരത് സർവീസിൻ്റെ സ്റ്റോപ്പുകളുടെ സാധ്യത പരിശോധിക്കാം.
നവംബർ പകുതിയോടെ എറണാകുളം – ബെംഗളൂരു വന്ദേ ഭാരത് സർവീസ് ആരംഭിക്കുമെന്ന് മാത്രമാണ് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചിരിക്കുന്നത്. സർവീസ് ആരംഭിക്കുന്നതോടെ കേരളത്തിൻ്റെ മൂന്നാമത്തെ വന്ദേ ഭാരത് എക്സ്പ്രസ് ആയി ഈ സെമി ഹൈസ്പീഡ് ട്രെയിൻ മാറും. ഇതിൽ രണ്ടെണ്ണവും കർണാടകയിലേക്കാണെന്നതാണ് മറ്റൊരു വസ്തുത.
നവംബർ പകുതിയോടെ സർവീസ് ആരംഭിക്കുമെന്ന് ഉറപ്പു ലഭിച്ചതായി അദ്ദേഹം എഫ്ബി പോസ്റ്റിൽ പറഞ്ഞു. തിരുവനന്തപുരം – കാസർകോട്, മംഗലാപുരം – തിരുവനന്തപുരം റൂട്ടുകളിലാണ് നിലവിൽ വന്ദേ ഭാരതുകൾ ഓടുന്നത്. നേരത്തെ എറണാകുളം – ബെംഗളൂരു റൂട്ടിൽ വന്ദേ ഭാരത് സ്പെഷ്യൽ സർവീസ് നടത്തിയിരുന്നെങ്കിലും, ഇത് നീട്ടി നൽകിയില്ല.
ഐടി മേഖലയിൽ ജോലി ചെയ്യുന്നവർക്ക് സർവീസ് ഏറെ പ്രയോജനം ചെയ്യും. നിലവിൽ ഉൽസവ സീസണിലും വിശേഷ ദിവസങ്ങളിലും ബെംഗളൂരുവിലേയ്ക്കു വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ബസുകൾ അമിത നിരക്ക് ഈടാക്കുന്ന സ്ഥിതിയുണ്ട്. പുതിയ വന്ദേഭാരത് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ കത്തു നൽകിയിരുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
രാജീവ് ചന്ദ്രശേഖറിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം:
നന്ദി മോദി!
എറണാകുളത്ത് നിന്നും തൃശൂർ, പാലക്കാട് വഴി ബെംഗലൂരുവിലേക്ക് വന്ദേഭാരത് ട്രെയിൻ അനുവദിച്ച കേന്ദ്ര സർക്കാരിന് നന്ദി. ഐടി മേഖലയിലടക്കം ഒട്ടേറെ മലയാളികൾ ജോലി ചെയ്യുന്ന നഗരമാണ് ബെംഗലൂരു. അവിടേയ്ക്ക് കേരളത്തിൽ നിന്നും കൂടുതൽ ട്രെയിനുകൾ അനുവദിക്കണമെന്നത് വളരെ നാളായുള്ള ആവശ്യമാണ്. ഇക്കാര്യം ഒരു മാസം മുൻപ് റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ് ജിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഉടൻ തന്നെ അനുകൂല തീരുമാനം ഉണ്ടായതിന് അദ്ദേഹത്തിന് നന്ദി അറിയിക്കുന്നു. നവംബർ പകുതിയോടെ ഈ ട്രെയിൻ സർവ്വീസ് തുടങ്ങുമെന്ന് അദ്ദേഹം ഉറപ്പ് നൽകിയിട്ടുണ്ട്. നിലവിൽ ഉത്സവ സീസണിലും വിശേഷ ദിവസങ്ങളിലും ഈ റൂട്ടിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. മാത്രമല്ല, മറ്റ് ഗതാഗത മാർഗങ്ങൾ തേടുന്നവർക്ക് അമിത യാത്രാക്കൂലിയും നൽകേണ്ടി വരുന്നുണ്ട്. പുതിയ വന്ദേഭാരത് സർവ്വീസ് ബെംഗലൂരു മലയാളികളെ സംബന്ധിച്ച് ഏറെ ആശ്വാസകരമാകും. കേരളത്തിൻ്റെ സമഗ്ര വികസനം മുന്നിൽക്കണ്ട് അനുകൂല തീരുമാനങ്ങളെടുക്കുന്ന കേന്ദ്ര സർക്കാരിന് ഒരിക്കൽ കൂടി നന്ദി അറിയിക്കുന്നു.
ernakulam-bengaluru-vande-bharat-is-likely-to-have-a-total-of-six-stops-here-possibilities
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82



