ന്യൂഡൽഹി: അന്താരാഷ്ട്ര തലത്തിൽ വലിയ വിവാദമായ ജെഫ്രി എപ്സ്റ്റീൻ ലൈംഗിക പീഡനക്കേസിൽ നിർണായക വെളിപ്പെടുത്തലുകളുമായി അതിജീവിതയായ റീന ഓ. അമേരിക്കൻ ശതകോടീശ്വരനായിരുന്ന എപ്സ്റ്റീൻ ഒരു സൈക്കോപാത്തിനെപ്പോലെയാണ് പെരുമാറിയിരുന്നതെന്നും അയാളുടെ ഇടപാടുകൾക്ക് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ദൃക്സാക്ഷിയാണെന്നും റീന ആരോപിച്ചു. 1990-കളിൽ ആർട്ട് വിദ്യാർത്ഥിയായിരിക്കെ സ്കോളർഷിപ്പ് വാഗ്ദാനം ചെയ്താണ് തന്നെ കെണിയിൽപ്പെടുത്തിയതെന്ന് ന്യൂയോർക്കിൽ നൽകിയ പ്രത്യേക അഭിമുഖത്തിൽ അവർ വ്യക്തമാക്കി.
പഠനസഹായം വാഗ്ദാനം ചെയ്ത് സമീപിച്ച എപ്സ്റ്റീൻ, പിന്നീട് തന്നെ ഭീഷണിപ്പെടുത്തി ഫ്ലോറിഡയിലെ വസതിയിൽ തടവിലാക്കുകയായിരുന്നുവെന്ന് റീന പറയുന്നു. പണമോ വാഹനമോ ഇല്ലാതെ ഒറ്റപ്പെട്ട അവസ്ഥയിലായിരുന്ന താൻ ക്രൂരമായ പീഡനങ്ങൾക്ക് ഇരയായി. പുറംലോകവുമായി ബന്ധപ്പെടാൻ അനുവദിക്കാതെ മാനസികമായും ശാരീരികമായും തകർക്കുന്ന രീതിയിലായിരുന്നു അയാളുടെ പെരുമാറ്റം. എപ്സ്റ്റീൻ്റെ പക്കലുള്ള രഹസ്യരേഖകളിൽ സ്വാധീനശക്തിയുള്ള പല പ്രമുഖരുടെയും പേരുകളുണ്ടെന്നും ഈ വിവരങ്ങൾ ഡൊണാൾഡ് ട്രംപിന് കൃത്യമായി അറിയാമായിരുന്നുവെന്നും അവർ വെളിപ്പെടുത്തി. ട്രംപ് ഈ വിഷയത്തിൽ സത്യപ്രതിജ്ഞ ചെയ്ത് മൊഴി നൽകണമെന്നും റീന ആവശ്യപ്പെട്ടു.
ബ്രിട്ടീഷ് രാജകുടുംബാംഗം ആൻഡ്രൂ മൗണ്ട് ബാറ്റൺ വിൻഡ്സറുടെ അറസ്റ്റ് നീതിയിലേക്കുള്ള ഒരു തുടക്കം മാത്രമാണെന്ന് റീന അഭിപ്രായപ്പെട്ടു. അമേരിക്കൻ സർക്കാർ കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നും അന്വേഷണവുമായി ബന്ധപ്പെട്ട രണ്ട് ദശലക്ഷത്തോളം ഫയലുകൾ ഇനിയും പുറത്തുവിടാനുണ്ടെന്നും അവർ കുറ്റപ്പെടുത്തി. അതിസമ്പന്നർക്ക് നിയമത്തിൽ നിന്ന് ഇളവ് ലഭിക്കുന്ന സാഹചര്യം മാറണമെന്നും എല്ലാ രഹസ്യങ്ങളും വെളിച്ചത്ത് വരുന്നത് വരെ തന്റെ പോരാട്ടം തുടരുമെന്നും റീന കൂട്ടിച്ചേർത്തു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/KdmCA708iUa8aT1Ocx1qs1?mode=gi_t
"Epstein was a cruel psychopath, Trump was a witness to everything": Survivor makes shocking revelation



