ന്യൂയോർക്ക്: ആഗോളതലത്തിൽ വൻ വിവാദമായ ജെഫ്രി എപ്സ്റ്റീൻ കേസിലെ നിർണ്ണായക രേഖകൾ പരിശോധിക്കാൻ പുതിയ സാങ്കേതിക വിദ്യയുമായി ‘ജെ-മെയിൽ’ (J-Mail) രംഗത്ത്. പതിനായിരക്കണക്കിന് ഇമെയിലുകൾ അടങ്ങിയ സങ്കീർണ്ണമായ എപ്സ്റ്റീൻ ഫയലുകൾ സാധാരണക്കാർക്ക് എളുപ്പത്തിൽ വായിക്കാവുന്ന രീതിയിൽ ക്രമീകരിച്ചിരിക്കുകയാണ് ഈ പ്ലാറ്റ്ഫോമിൽ. ഇന്റർനെറ്റ് ആർട്ടിസ്റ്റ് റൈലി വാൽസും സോഫ്റ്റ്വെയർ എൻജിനീയർ ലൂക്ക് ഇഗലും ചേർന്നാണ് ഈ സെർച്ച് എഞ്ചിൻ വികസിപ്പിച്ചതെന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
നേരത്തെ കോടതി പുറത്തുവിട്ട പിഡിഎഫ് രേഖകളും സ്കാൻ ചെയ്ത ഫയലുകളും വ്യക്തതയില്ലാത്തതും പരിശോധിക്കാൻ പ്രയാസമേറിയതുമായിരുന്നു. ഈ പ്രതിസന്ധി മറികടക്കാൻ ഒപ്റ്റിക്കൽ ക്യാരക്ടർ റെക്കഗ്നിഷൻ (OCR), നിർമ്മിത ബുദ്ധി (AI) എന്നീ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് രേഖകളെ വ്യക്തമായ ടെക്സ്റ്റ് രൂപത്തിലേക്ക് ജെ-മെയിൽ മാറ്റിയിട്ടുണ്ട്. ജിമെയിലിന് സമാനമായ ഇന്റർഫേസിലൂടെ ഇൻബോക്സ്, സെന്റ് ഫോൾഡറുകൾ, കീവേഡ് സെർച്ച് തുടങ്ങിയ സൗകര്യങ്ങൾ ഇതിൽ ലഭ്യമാണ്.
ലോകനേതാക്കളുടെയും വ്യവസായ പ്രമുഖരുടെയും പേരുകൾ തിരയാനും പ്രധാനപ്പെട്ട സന്ദേശങ്ങൾ കണ്ടെത്താനും ഇതിലൂടെ സാധിക്കും. പുതിയ വെളിപ്പെടുത്തലുകൾ നടത്തുന്നതിന് പകരം, നിലവിലുള്ള രേഖകളെ ഉപയോക്തൃ സൗഹൃദമായി പുനക്രമീകരിക്കുകയാണ് ഈ ടൂൾ ചെയ്യുന്നത്.
അതേസമയം, രേഖകൾ പുറത്തുവന്നത് നൂറോളം പ്രമുഖരുടെ സ്വകാര്യ ജീവിതത്തെയും കരിയറിനെയും ബാധിച്ചിട്ടുണ്ട്. ചില ഫയലുകളിൽ ഇരകളുടെ വിവരങ്ങൾ മറയ്ക്കാതെ പ്രസിദ്ധീകരിച്ചത് സാങ്കേതിക പിഴവാണെന്ന് അമേരിക്കൻ നീതിന്യായ വകുപ്പ് വിശദീകരിക്കുന്നുണ്ടെങ്കിലും ഇത് വലിയ വിവാദത്തിന് വഴിവെച്ചു. അധികാരവും സമ്പത്തും ഉപയോഗിച്ച് പെൺകുട്ടികളെ ഇരകളാക്കിയ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. കുറ്റവാളികൾക്ക് ശിക്ഷ ഉറപ്പാക്കുന്നതിനൊപ്പം ഇരകൾക്ക് എങ്ങനെ നീതി ലഭ്യമാക്കാം എന്ന കാര്യത്തിൽ ഇപ്പോഴും അവ്യക്തത തുടരുകയാണ്.
epstein-files-now-at-your-fingertips-j-mail-makes-waves-shaking-world-leaders
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt



