ഗാസയിലെ യുദ്ധം അടിയന്തരമായി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് 26 രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരും യൂറോപ്യൻ യൂണിയൻ കമ്മീഷണറും രംഗത്തെത്തി. ഓസ്ട്രേലിയ, ഓസ്ട്രിയ, ബെൽജിയം, കാനഡ, ഡെൻമാർക്ക്, എസ്തോണിയ, ഫിൻലൻഡ്, ഫ്രാൻസ്, ഐസ്‌ലാൻഡ്, അയർലൻഡ്, ഇറ്റലി, ജപ്പാൻ, ലാത്വിയ, ലിത്വാനിയ, ലക്സംബർഗ്, നെതർലൻഡ്‌സ്, ന്യൂസിലൻഡ്, നോർവേ, പോളണ്ട്, പോർച്ചുഗൽ, സ്ലോവേനിയ, സ്പെയിൻ, സ്വീഡൻ, സ്വിറ്റ്‌സർലൻഡ്, യുണൈറ്റഡ് കിംഗ്ഡം എന്നീ രാജ്യങ്ങൾ ഇതിനായുള്ള സംയുക്ത പ്രസ്താവനയിൽ ഒപ്പുവെച്ചു.
ഇസ്രായേൽ സർക്കാരിൻ്റെ സഹായം എത്തിക്കുന്ന രീതി അപകടകരമാണെന്നും അത് കൂടുതൽ പ്രശ്നങ്ങളുണ്ടാക്കുമെന്നും പ്രസ്താവനയിൽ പറയുന്നു. ഇത് ഗാസയിലെ ആളുകളുടെ അന്തസ്സിനെ ഇല്ലാതാക്കുന്നുവെന്നും ഒപ്പുവെച്ച മന്ത്രിമാർ ചൂണ്ടിക്കാട്ടി. ഭക്ഷണത്തിനും വെള്ളത്തിനുമായി പോയ കുട്ടികളടക്കമുള്ള നിരപരാധികളെ കൊല്ലുന്നത് അപലപനീയമാണ്. സഹായം തേടിപ്പോയ 800-ഓളം പലസ്തീനികൾ കൊല്ലപ്പെട്ടുവെന്നത് ഭയാനകമാണ്. ജനങ്ങൾക്ക് അത്യാവശ്യമായ മാനുഷിക സഹായം നിഷേധിക്കുന്നത് അംഗീകരിക്കാനാകില്ല. ഇസ്രായേൽ അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾ പാലിക്കാൻ ബാധ്യസ്ഥരാണെന്നും അവർ വാദിച്ചു.
2023 ഒക്ടോബർ 7 മുതൽ ഹമാസ് തടവിൽ വെച്ചിരിക്കുന്ന ബന്ദികൾ ഇപ്പോഴും വലിയ ദുരിതത്തിലാണെന്ന് പ്രസ്താവനയിൽ പറയുന്നു. ഇവരെ തടഞ്ഞുവെക്കുന്നത് ശരിയല്ലെന്നും ഉടനടി യാതൊരു ഉപാധികളും കൂടാതെ വിട്ടയക്കണമെന്നും ആവശ്യം ഉയർന്നു. ചർച്ചകളിലൂടെയുള്ള വെടിനിർത്തൽ മാത്രമാണ് ബന്ദികളെ സുരക്ഷിതമായി തിരിച്ചെത്തിക്കാനും അവരുടെ കുടുംബങ്ങളുടെ സങ്കടം ഇല്ലാതാക്കാനുമുള്ള ഏറ്റവും നല്ല വഴി എന്നും പ്രസ്താവന വ്യക്തമാക്കി.
സഹായം എത്തിക്കുന്നതിനുള്ള തടസ്സങ്ങൾ ഉടൻ മാറ്റാനും യുഎൻ സംഘടനകൾക്കും മറ്റ് സന്നദ്ധ സംഘടനകൾക്കും സുരക്ഷിതമായി ജീവൻ രക്ഷാ പ്രവർത്തനങ്ങൾ നടത്താൻ അനുവാദം നൽകാനും ഇസ്രായേൽ സർക്കാരിനോട് പ്രസ്താവനയിൽ ആവശ്യപ്പെട്ടു. എല്ലാവരും സാധാരണക്കാരെ സംരക്ഷിക്കുകയും അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കുകയും ചെയ്യണമെന്ന് പ്രസ്താവന ആഹ്വാനം ചെയ്തു.
ഇസ്രായേലിന്റെ E1 കെട്ടിട നിർമ്മാണ പദ്ധതി നടപ്പാക്കിയാൽ, അത് ഭാവിയിലെ പലസ്തീൻ രാജ്യത്തെ രണ്ടായി മുറിക്കും. ഇത് അന്താരാഷ്ട്ര നിയമങ്ങൾക്ക് എതിരാണെന്നും സമാധാനത്തിനുള്ള വഴി അടയ്ക്കുമെന്നും പ്രസ്താവന മുന്നറിയിപ്പ് നൽകുന്നു.
അമേരിക്ക, ഖത്തർ, ഈജിപ്ത് എന്നിവയുടെ ശ്രമങ്ങൾക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച പ്രസ്താവന, ഉടനടിയുള്ളതും നിരുപാധികവും സ്ഥിരവുമായ വെടിനിർത്തലിലൂടെ ഈ ഭീകരമായ സംഘർഷം അവസാനിപ്പിക്കാൻ എല്ലാ കക്ഷികളോടും അന്താരാഷ്ട്ര സമൂഹത്തോടും ഒരുമിച്ച് പ്രവർത്തിക്കാനും അഭ്യർത്ഥിച്ചു. ഉടനടിയുള്ള വെടിനിർത്തലിനെയും ഇസ്രായേലികൾക്കും പലസ്തീനികൾക്കും മുഴുവൻ മേഖലയ്ക്കും സുരക്ഷയും സമാധാനവും നൽകുന്ന ഒരു രാഷ്ട്രീയ പാതയെയും പിന്തുണയ്ക്കാൻ കൂടുതൽ നടപടികൾ കൈക്കൊള്ളാൻ തങ്ങൾ തയ്യാറാണെന്നും പ്രസ്താവനയിൽ ഒപ്പുവെച്ച രാജ്യങ്ങൾ വ്യക്തമാക്കി.



