ടെക് ലോകത്തെ അതികായന്മാരായ ആപ്പിളിനെതിരെ നിയമനടപടിക്ക് ഒരുങ്ങി എക്സ് ഉടമയായ ഇലോൺ മസ്ക്. ആപ്പിളിന്റെ ആപ്പ് സ്റ്റോറിൽ മുൻനിര ആപ്പുകളുടെ പട്ടികയിൽ എക്സിനെയും തങ്ങളുടെ നിർമ്മിത ബുദ്ധി (AI) ചാറ്റ്ബോട്ടായ ഗ്രോക്കിനെയും ഉൾപ്പെടുത്താത്തതാണ് മസ്കിനെ പ്രകോപിപ്പിച്ചത്. ആപ്പിളിന്റെ ഈ നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും മസ്ക് ആരോപിക്കുന്നു. ആഗോളതലത്തിൽ ഏറ്റവും മികച്ച വാർത്താ ആപ്പാണ് എക്സ് എന്നും മൊത്തം ആപ്പുകളുടെ പട്ടികയിൽ ഗ്രോക്ക് അഞ്ചാം സ്ഥാനത്തുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് മസ്കിന്റെ വിമർശനം.
മസ്ക് കഴിഞ്ഞ ദിവസം എക്സിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ആപ്പിളിനെതിരായ തന്റെ നിലപാട് വ്യക്തമാക്കിയത്. “ഹേയ്, ആപ്പിൾ ആപ്പ് സ്റ്റോർ, ലോകത്തിലെ ഒന്നാം നമ്പർ വാർത്താ ആപ്ലിക്കേഷനായ എക്സിനെയോ മൊത്തം ആപ്പുകളിൽ അഞ്ചാം സ്ഥാനത്തുള്ള ഗ്രോക്കിനെയോ നിങ്ങളുടെ ‘നിർബന്ധമായും ഉണ്ടായിരിക്കേണ്ട’ വിഭാഗത്തിൽ ഉൾപ്പെടുത്താൻ നിങ്ങൾ വിസമ്മതിക്കുന്നത് എന്തുകൊണ്ടാണ്? നിങ്ങൾ രാഷ്ട്രീയം കളിക്കുകയാണോ? കാര്യങ്ങൾ എന്തൊക്കെയാണ്? അറിയാൻ ആഗ്രഹിക്കുന്ന മനസ്സുകൾക്ക് അറിയേണ്ടതുണ്ട്,” മസ്ക് കുറിച്ചു. കൂടാതെ, “ഓപ്പൺഎഐയല്ലാത്ത മറ്റൊരു നിർമ്മിത ബുദ്ധി കമ്പനിക്കും ആപ്പ് സ്റ്റോറിൽ ഒന്നാം സ്ഥാനത്തെത്താൻ സാധിക്കാത്ത വിധത്തിലാണ് ആപ്പിൾ പ്രവർത്തിക്കുന്നത്, ഇത് വ്യക്തമായ ഒരു കുത്തക ലംഘനമാണ്. എക്സ്എഐ (xAI) ഉടനടി നിയമനടപടി സ്വീകരിക്കും,” എന്നും മസ്ക് കൂട്ടിച്ചേർത്തു. അതേസമയം, ആപ്പിൾ ഇതുവരെ ഈ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി കുത്തക ലംഘനം ആരോപിച്ച് ആപ്പിളിനെതിരെ നിരവധി കേസുകൾ വന്നിട്ടുണ്ട്. യൂറോപ്യൻ യൂണിയൻ ഉൾപ്പെടെ വിവിധ രാജ്യങ്ങളിലെ റെഗുലേറ്റർമാർ ആപ്പിളിന് പിഴ ചുമത്തിയിരുന്നു. അടുത്തിടെ ഫോർട്ട്നൈറ്റ് ഗെയിം നിർമ്മാതാക്കളായ എപിക് ഗെയിംസ് ഫയൽ ചെയ്ത ഒരു കുത്തകാവകാശ കേസിൽ കോടതിയുടെ ഉത്തരവ് ആപ്പിൾ ലംഘിച്ചതായും ഒരു ഫെഡറൽ ജഡ്ജി കണ്ടെത്തിയിരുന്നു. ആപ്പ് സ്റ്റോറിന് പുറത്ത് വിലകുറഞ്ഞ സബ്സ്ക്രിപ്ഷനുകളെക്കുറിച്ച് ഉപയോക്താക്കളെ അറിയിക്കുന്നതിൽ നിന്ന് ആപ്പ് നിർമ്മാതാക്കളെ തടഞ്ഞതിന് യൂറോപ്യൻ യൂണിയൻ ഈ വർഷം ഏപ്രിലിൽ ആപ്പിളിന് 500 ദശലക്ഷം യൂറോ പിഴ ചുമത്തിയിരുന്നു. നിലവിൽ, ആപ്പിൾ ആപ്പ് സ്റ്റോറിലെ മുൻനിര ആപ്പുകളുടെ പട്ടികയിൽ ടിക് ടോക്കാണ് ഒന്നാമത്, അതിനുശേഷം ടിൻഡർ, ഡ്യുവോലിംഗോ, യൂട്യൂബ്, ബംബിൾ എന്നിവയാണ്. ഓപ്പൺഎഐയുടെ ചാറ്റ്ജിപിടിക്ക് ഏഴാം സ്ഥാനമാണുള്ളത്.
Elon Musk criticizes Apple, says he is preparing to take legal action



