ടൊറന്റോ: സുരക്ഷിതമെന്ന് വിശ്വസിച്ച് സ്വന്തം വീട്ടിൽ കിടന്നുറങ്ങിയ ഒരു പിഞ്ചുകുഞ്ഞിന്റെ ജീവൻ ഉന്നംതെറ്റിയ ഒരു വെടിയുണ്ട കവർന്നത് നോർത്ത് യോർക്കിലെ ഒരു ജനതയെ ഒന്നടങ്കം നടുക്കിയിരിക്കുകയാണ്.ഇന്ന് (ശനിയാഴ്ച) പുലർച്ചെ, നാടിന്റെ മനസ്സാക്ഷിയെ ഉലച്ചുകൊണ്ട് നടന്ന ഈ ഹീനമായ സംഭവത്തിൽ എട്ടുവയസ്സുകാരനായ കുട്ടി മരണപ്പെട്ടതായി പോലീസ് സ്ഥിരീകരിച്ചു. നോർത്ത് യോർക്കിലെ ഒരു അപ്പാർട്ട്മെന്റ് കെട്ടിടത്തിൽ നടന്ന ഈ ദുരന്തം പുറത്തുനിന്നുണ്ടായ വെടിവെപ്പിൽ ജനലിലൂടെ തുളച്ചുകയറിയ വെടിയുണ്ടയാണ് കുട്ടിയുടെ മരണകാരണമായതെന്ന് പോലീസ് വെളിപ്പെടുത്തി.
പുലർച്ചെ 12:30-ഓടെയാണ് വെടിവെപ്പുണ്ടായതായി പോലീസ് കൺട്രോൾ റൂമിൽ വിവരം ലഭിച്ചത്. തുടർന്ന് പോലീസ് സംഘം മാർത്ത ഈറ്റൺ വേ, ട്രെത്ത്വേ ഡ്രൈവ് എന്നിവിടങ്ങളിലേക്ക് എത്തി. സ്ഥലത്തെത്തിയ പോലീസ് സംഘം വെടിയേറ്റ നിലയിൽ ഒരു കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. “ഒരു കുട്ടിക്ക് ഏറ്റവും സുരക്ഷിതമായ സ്ഥലമാണ് അവന്റെ വീട്. കുടുംബത്തോടൊപ്പം കിടക്കയിൽ സുരക്ഷിതനായിരിക്കുമ്പോൾ ഒരു ഉന്നംതെറ്റിയ ഒരു വെടിയുണ്ട അവനെ തേടിയെത്തി,” ടൊറന്റോ പോലീസ് സർവീസ് ഡിറ്റക്ടീവ്-സെർജന്റ് ജേസൺ ഡേവിസ് പറഞ്ഞു.സംഭവം ഭീരുത്വവും വെറുപ്പുളവാക്കുന്നതുമായ അക്രമമാണെന്ന് പോലീസ് വിശേഷിപ്പിച്ചു. ടൊറന്റോ നഗരത്തിലെ എല്ലാ വിഭവങ്ങളും ഈ കേസ് അന്വേഷണത്തിനായി വിനിയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വെടിവെപ്പിൽ കുട്ടിയുടെ വീടിന് പുറമെ മറ്റ് രണ്ട് അപ്പാർട്ട്മെന്റുകൾക്ക് കൂടി കേടുപാടുകൾ സംഭവിച്ചു. എന്നാൽ, മറ്റ് ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പ്രതികളെക്കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും പോലീസ് അറിയിച്ചു.
സംഭവസമയത്ത് കെട്ടിടത്തിന് സമീപമുള്ള കളിസ്ഥലത്ത് ആളുകൾ കൂട്ടംകൂടി നിൽക്കുന്നുണ്ടായിരുന്നെന്നും ഇവരുമായി സംസാരിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും പോലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പോലീസുമായി ബന്ധപ്പെടണമെന്നും അല്ലെങ്കിൽ ക്രൈം സ്റ്റോപ്പേഴ്സുമായി രഹസ്യമായി വിവരങ്ങൾ പങ്കുവെക്കാമെന്നും പോലീസ് അറിയിച്ചു. ഈ വിഷയത്തിൽ താൻ ദുഃഖിതയാണെന്ന് ടൊറന്റോ മേയർ ഒലിവിയ ചൗ എക്സിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി. നഗരത്തിൽ തോക്ക് അക്രമങ്ങൾ അവസാനിക്കണമെന്നും ഇത്തരം അക്രമങ്ങൾ സമൂഹത്തിൽ വലിയ ദുരന്തങ്ങൾ സൃഷ്ടിക്കുമെന്നും അവർ പറഞ്ഞു.
Eight-year-old boy shot dead while sleeping at home in Toronto



