എഡ്മന്റൺ: ഒരു നിമിഷത്തെ വ്യത്യാസം മരണവും ജീവിതവും തമ്മിലുള്ള അകലമായി മാറിയപ്പോൾ എഡ്മന്റണിൽ പ്രവാസി സമൂഹത്തെ കണ്ണീരിലാഴ്ത്തി ഒരു ദാരുണ അപകടം. യമൻ സ്വദേശിയായ 27 കാരനായ അഹമ്മദ് അലിയാണ് എഡ്മന്റണിലെ ആന്തണി ഹെൻഡേ ഡ്രൈവിൽ നടന്ന വാഹനാപകടത്തിൽ കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാവിലെ ജോലിക്ക് പോകുന്നതിനിടെ അഹമ്മദ് അലിയുടെ വാഹനം വഴിയിൽ കേടായതാണ് ദുരന്തത്തിന് കാരണമായത്.
തന്റെ കാർ കേടായതിനെത്തുടർന്ന് റോഡരികിൽ നിർത്തി സഹായത്തിനായി സുഹൃത്ത് ഷഹ്ബാസ് ആസിഫിനെ അലി വിളിച്ചിരുന്നു. സുഹൃത്ത് സ്ഥലത്തെത്തുന്നത് വരെ ഇരുവരും ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു. “ആരെങ്കിലും വന്ന് തന്റെ വാഹനത്തിൽ ഇടിക്കുമോ എന്ന് തനിക്ക് ഭയമുണ്ട്” എന്ന് അലി ഫോണിലൂടെ സുഹൃത്തിനോട് പറഞ്ഞു. പേടിക്കണ്ടെന്നും താൻ ഉടനെ എത്തുമെന്നും ആസിഫ് മറുപടി നൽകി. എന്നാൽ സുഹൃത്ത് എത്തുന്നതിന് വെറും ഒരു മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോൾ അലി ഇരുന്ന കാറിലേക്ക് അമിതവേഗതയിൽ വന്ന ഒരു ട്രക്ക് ഇടിച്ച് കയറുകയായിരുന്നു. ഫോണിലൂടെ അലിയുടെ നിലവിളിയും വലിയൊരു ശബ്ദവുമാണ് ആസിഫ് കേട്ടത്. മിനിറ്റുകൾക്കുള്ളിൽ സുഹൃത്ത് സ്ഥലത്തെത്തിയപ്പോഴേക്കും അലിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടൻ തന്നെ പ്രഥമശുശ്രൂഷ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
യമനിൽ നിന്ന് പത്ത് വർഷം മുമ്പ് വിദ്യാർത്ഥി വിസയിൽ വടക്കേ അമേരിക്കയിലെത്തിയതായിരുന്നു അലി. എന്നാൽ ജന്മനാട്ടിൽ ആഭ്യന്തര യുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ തിരിച്ചുപോകാൻ കഴിയാതെ അവിടെ കുടുങ്ങിപ്പോകുകയായിരുന്നു. കാനഡയിൽ അഭയം തേടിയ അലി തന്റെ ജീവിതം കെട്ടിപ്പടുത്തുതുടങ്ങുകയായിരുന്നു. എഡ്മന്റൺ വിമാനത്താവളത്തിൽ ജോലി ചെയ്യുന്നതിനൊപ്പം സ്പോർട്സ് മാനേജ്‌മെന്റിൽ ഒരു കരിയർ തുടങ്ങാനായിരുന്നു അലിയുടെ പ്ലാൻ. ഒൻപത് വർഷത്തെ ഇടവേളയ്ക്ക് ശേഷം 2023-ലാണ് അലി തന്റെ മാതാവിനെ അവസാനമായി നേരിൽ കണ്ടത്. ഏക മകന്റെ വിയോഗവാർത്തയറിഞ്ഞതോടെ കുടുംബം തകർന്നു. അലിയുടെ കുടുംബത്തെ സഹായിക്കാനും മൃതദേഹം നാട്ടിലെത്തിക്കാനുമായി സുഹൃത്തുക്കൾ ഇപ്പോൾ ധനസമാഹരണം നടത്തുകയാണ്.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt
Edmonton man killed on Anthony Henday Drive just minutes before help arrived



