580 ദിവസത്തെ തടവിന് ശേഷം യുഎസ് പൗരനായ ബന്ദി ഐഡൻ അലക്സാണ്ടറിനെ ഹമാസ് വിട്ടയച്ചു. പശ്ചിമേഷ്യൻ പര്യടനത്തിനായി യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് എത്തുന്നതിന് തൊട്ടുമുൻപാണ് ഐഡനെ മോചിപ്പിച്ചത്. മോചനത്തിനായി ഹമാസുമായി യുഎസ് ഖത്തറിൽ നേരിട്ടു ചർച്ച നടത്തിയിരുന്നു. ഹമാസ് പിടിയിലുള്ള ഏക അമേരിക്കൻ ബന്ദി കൂടിയായിരുന്നു ഐഡൻ അലക്സാണ്ടർ. ഇസ്രയേലിൽ ജനിച്ച്, അമേരിക്കയിൽ വളർന്ന ഐഡൻ അലക്സാണ്ടർ ഗാസ അതിർത്തിയിൽ എലൈറ്റി ഇൻഫാന്ററി യൂണിറ്റിൽ പ്രവർത്തിക്കുന്നതിനിടെയാണ് ഹമാസിന്റെ പിടിയിലാകുന്നത്. 2023- ൽ 251 പേരെയാണ് ഹമാസ് തടങ്കലിലാക്കിയത്. ഇതിൽ അഞ്ചുപേർ തങ്ങളുടെ പൗരന്മാരാണെന്നാണ് യുഎസ് സ്ഥിരീകരിച്ചിരിക്കുന്നത്. അതിൽത്തന്നെ ആകെ ജീവനോടെയുള്ളത് ഐഡൻ മാത്രമായിരുന്നു.
വെടിനിർത്തൽ ചർച്ചകൾക്ക് മുന്നോടിയായി ഗാസയിലേക്ക് മരുന്നും ഭക്ഷണവും അടക്കമുള്ളവ എത്തിക്കുന്ന നടപടിയുടെ ഭാഗമായുമാണ് ഈ വിട്ടയയ്ക്കൽ നടപടി ഉണ്ടാകുന്നത്. യുഎസ്, ഖത്തർ, ഈജിപ്ത്, ഹമാസ് തുടങ്ങിയവർ തമ്മിലുണ്ടായ ചർച്ചകളിലാണ് ഈഡനെ വിട്ടയക്കാൻ തീരുമാനമുണ്ടായത്.യുഎസ് ബന്ദിയെ കൈമാാറാനുള്ള ഹമാസ് തീരുമാനത്തെ അഭിനന്ദിച്ച മധ്യസ്ഥരാജ്യങ്ങളായ ഈജിപ്തും ഖത്തറും ഗസ്സയിൽ സമഗ്ര വെടിനിർത്തൽ നീക്കത്തിന് ഇത് ആക്കം കൂട്ടുമെന്നും അഭിപ്രായപ്പെട്ടിരുന്നു. സന്നദ്ധ സംഘടനകൾ മുഖേന ഗസ്സയിലേക്ക് ഉടൻ സഹായം എത്തിക്കാൻ അമേരിക്കയുടെ നേതൃത്വത്തിലുള്ള ശ്രമങ്ങളും അന്തിമഘട്ടത്തിലാണെന്നാണ് റിപ്പോർട്ട്. അതേസമയം ഹമാസുമായി നേരിട്ട് ചർച്ച നടത്തിയ യുഎസ് നടപടി ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനെ കൂടുതൽ സമ്മർദത്തിലാക്കി. ഇനിയെങ്കിലും ബന്ദിമോചനത്തിന് മുന്നിട്ടിറങ്ങാൻ തയാറാകണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.എന്നാൽ വെടിനിർത്തൽ ചർച്ചയോട് എതിർപ്പില്ലെങ്കിലും ഗസ്സയിൽ ആക്രമണം അവസാനിപ്പിക്കാൻ ഒരുക്കമല്ലെന്ന് നെതന്യാഹു പറഞ്ഞു.



