കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരണിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) സമൻസ് അയച്ചത് എസ്.എൻ.സി. ലാവ്ലിൻ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായിട്ടായിരുന്നു എന്ന് റിപ്പോർട്ട്. ലാവ്ലിൻ കേസുമായി ബന്ധപ്പെട്ട് 2020-ൽ ഇ.ഡി. രജിസ്റ്റർ ചെയ്ത എൻഫോഴ്സ്മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് (ഇ.സി.ഐ.ആർ.) അനുസരിച്ച് സാക്ഷിയായാണ് വിവേക് കിരണിന് സമൻസ് അയച്ചത്.
ലാവ്ലിൻ കമ്പനിയുടെ മുൻ ഡയറക്ടറായിരുന്ന ദിലീപ് രാഹുലൻ, വിവേക് കിരണിന്റെ യു.കെയിലെ വിദ്യാഭ്യാസ ചെലവുകൾക്കായി വലിയ തുക നൽകിയെന്ന മൊഴി ഇ.ഡിക്ക് ലഭിച്ചതാണ് സമൻസ് അയക്കാൻ പ്രധാന കാരണം. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (പി.എം.എൽ.എ.) പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ, വിവേക് കിരണിന്റെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുന്നതിനായിരുന്നു ഇ.ഡി. ശ്രമിച്ചത്.
ഇന്ത്യയിലും വിദേശത്തുമുള്ള വിവേകിന്റെ ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങൾ, അവ തുടങ്ങിയതു മുതലുള്ള വിശദമായ സ്റ്റേറ്റ്മെന്റ് എന്നിവ ഹാജരാക്കാനായിരുന്നു ഇ.ഡി. സമൻസിൽ നിർദേശിച്ചിരുന്നത്.
2023 ഫെബ്രുവരി 14-ന് കൊച്ചിയിലെ ഇ.ഡി. ഓഫീസിൽ ഹാജരാകാനായിരുന്നു സമൻസിലെ നിർദേശം. ‘വിവേക് കിരൺ, സൺ ഓഫ് പിണറായി വിജയൻ, ക്ലിഫ് ഹൗസ്’ എന്ന വിലാസത്തിൽ അയച്ച സമൻസ്, വിവേക് അവിടെയല്ല താമസിക്കുന്നത് എന്ന് കാണിച്ച് മടക്കുകയായിരുന്നു.
സമൻസിന് പിന്നാലെ വിവേക് ഇ.ഡിക്ക് മുമ്പാകെ ഹാജരായി മൊഴി നൽകിയോ, അല്ലെങ്കിൽ ഇ.ഡി. തുടർന്ന് നോട്ടീസ് അയച്ചോ എന്നതിനെക്കുറിച്ച് നിലവിൽ വ്യക്തതയില്ല. ആദ്യ സമൻസിന് ശേഷം കേസിൽ കാര്യമായ തുടർനടപടികൾ ഉണ്ടായിട്ടില്ല. സാധാരണ നിലയിൽ ഒന്നിലധികം തവണ നോട്ടീസ് അയക്കാറുള്ള ഇ.ഡി, ഈ വിഷയത്തിൽ ഒരു നോട്ടീസിൽ അന്വേഷണം അവസാനിപ്പിച്ചത് എന്തുകൊണ്ടാണെന്ന കാര്യത്തിൽ ഇ.ഡി. വൃത്തങ്ങൾ കൃത്യമായ മറുപടി നൽകുന്നില്ല.
ലാവ്ലിൻ കേസിൽ പിണറായി വിജയൻ ഉൾപ്പെടെയുള്ളവരെ പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കിയതിനെ ചോദ്യം ചെയ്തുള്ള സി.ബി.ഐയുടെ അപ്പീൽ നിലവിൽ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. സി.ബി.ഐയുടെ അന്വേഷണത്തിന് വർഷങ്ങൾക്ക് ശേഷമാണ് ഇ.ഡി. 2020-ൽ ഈ കേസിൽ ഇ.സി.ഐ.ആർ. രജിസ്റ്റർ ചെയ്തത്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
ED summons CM's son in Lavalin case; doubts over whether black money was deposited abroad



