കാട്ടുതീ പുക വ്യാപിച്ചതിനെ തുടർന്ന് കാൽഗറിയിൽ വായു നിലവാരം മോശമായതായി എൻവയോൺമെന്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് കാനഡ (ECCC) മുന്നറിയിപ്പ് നൽകി.ഇപ്പോൾ എയർ ക്വാളിറ്റി ഹെൽത്ത് ഇൻഡക്സ് (AQHI) 10+ എന്ന അതീവ അപകടകരമായ നിലയിലെത്തിയിട്ടുണ്ട്. ഇന്ന് പുലർച്ചെ 4:05-നാണ് മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. ഈ സാഹചര്യത്തിൽ എല്ലാവരുടെയും ആരോഗ്യത്തിന് ഭീഷണിയുണ്ടെന്ന് ECCC അറിയിച്ചു.
കാട്ടുതീ പുക ശ്വസിക്കുന്നത് കണ്ണുകൾക്കും മൂക്കിനും തൊണ്ടയ്ക്കും അസ്വസ്ഥതകളുണ്ടാക്കാം. തലവേദന, നേരിയ ചുമ എന്നിവയും സാധാരണമാണ്. എന്നാൽ, ശ്വാസംമുട്ട്, നെഞ്ചുവേദന, കഠിനമായ ചുമ തുടങ്ങിയ ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടായാൽ ഉടൻതന്നെ വൈദ്യസഹായം തേടണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
ഈ സാഹചര്യത്തിൽ ജനങ്ങൾ ചില മുൻകരുതലുകൾ എടുക്കേണ്ടത് അത്യാവശ്യമാണ്. പുറത്ത് ഇറങ്ങുന്നത് പരമാവധി കുറയ്ക്കുക, ഔട്ട്‌ഡോർ പരിപാടികളും മറ്റ് പ്രവർത്തനങ്ങളും മാറ്റിവെക്കുകയോ റദ്ദാക്കുകയോ ചെയ്യുക, വീടിന്റെ ജനലുകളും വാതിലുകളും അടച്ചിടുക എന്നിവ പ്രധാനമാണ്. പുറത്തിറങ്ങുമ്പോൾ NIOSH-സർട്ടിഫൈഡ് N95 മാസ്കുകൾ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. വീടുകളിലെ എയർ ഫിൽട്ടറുകൾ മാറ്റേണ്ട സാഹചര്യം ഉണ്ടെങ്കിൽ അതും പരിഗണിക്കേണ്ടതാണ്.
65 വയസ്സിനു മുകളിലുള്ളവർ, ഗർഭിണികൾ, ചെറിയ കുട്ടികൾ, കുഞ്ഞുങ്ങൾ, വിട്ടുമാറാത്ത രോഗങ്ങളോ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളോ ഉള്ളവർ, പുറത്ത് ജോലി ചെയ്യുന്നവർ എന്നിവർക്ക് പുക കൂടുതൽ അപകടകരമാണ്. ഈ വിഭാഗത്തിൽപ്പെട്ടവർ പ്രത്യേകം ശ്രദ്ധിക്കണമെന്നും ദുർബലരായവരെ നിരീക്ഷിക്കണമെന്നും കാട്ടുതീ പുകയിൽ നിന്ന് സുരക്ഷിതരായിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ECCC അഭ്യർത്ഥിച്ചു.



