സെന്റ് ജോൺസ്: ന്യൂഫൗണ്ട്‌ലാൻഡ് പ്രവിശ്യയിൽ അതിശക്തമായ ശീതകാല കൊടുങ്കാറ്റും മഞ്ഞുവീഴ്ചയും (Winter Storm) ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഞായറാഴ്ച രാത്രിയോടെ ആരംഭിക്കുന്ന പ്രകൃതിക്ഷോഭം ചൊവ്വാഴ്ച ഉച്ചവരെ നീണ്ടുനിൽക്കുമെന്നാണ് എൻവയോൺമെന്റ് കാനഡയുടെ റിപ്പോർട്ട്. തീരമേഖലകളിൽ മണിക്കൂറിൽ 110 കിലോമീറ്റർ വേഗതയിൽ വീശിയടിക്കുന്ന ശക്തമായ കാറ്റിനും 35 മുതൽ 50 സെന്റിമീറ്റർ വരെ ഉയരത്തിൽ മഞ്ഞ് വീഴാനും സാധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രധാന മേഖലകളിൽ കനത്ത ജാഗ്രത
അവലോൺ, ബൂറിൻ, ബോണവിസ്റ്റ പെനിൻസുലകൾ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലാകും കൊടുങ്കാറ്റ് വൻതോതിൽ ബാധിക്കുകയെന്ന് കാലാവസ്ഥാ നിരീക്ഷകൻ റോബർട്ട് ഗ്രോവ് അറിയിച്ചു. തിങ്കളാഴ്ച പകലും രാത്രിയുമാകും മഞ്ഞുവീഴ്ച അതിന്റെ പൂർണ്ണരൂപത്തിൽ ദൃശ്യമാകുക. മഞ്ഞുവീഴ്ച മഴയായി മാറാൻ സാധ്യതയുണ്ടോ എന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നുണ്ടെങ്കിലും, തിങ്കളാഴ്ച രാത്രിയോടെ സ്ഥിതിഗതികൾ രൂക്ഷമാകാനാണ് സാധ്യത. പോസ്റ്റ്‌വില്ലെ മുതൽ മക്കോവിക്ക് വരെയുള്ള ലാബ്രഡോർ തീരങ്ങളിൽ നിലവിൽ കനത്ത മഞ്ഞുവീഴ്ച തുടരുകയാണ്. ഇവിടങ്ങളിൽ ഞായറാഴ്ച രാവിലെയോടെ മാത്രമേ മഞ്ഞ് ശമിക്കുകയുള്ളൂ.
യാത്രാ തടസ്സങ്ങൾക്കും കടലാക്രമണത്തിനും സാധ്യത
ശക്തമായ കാറ്റും മഞ്ഞുവീഴ്ചയും സ്കൂളുകളുടെ പ്രവർത്തനത്തെയും പൊതുഗതാഗതത്തെയും ബാധിച്ചേക്കാം. റോഡുകൾ അടച്ചിടാനും പൊതുസേവനങ്ങൾ തടസ്സപ്പെടാനും സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. തിങ്കളാഴ്ച മുതൽ ചൊവ്വാഴ്ച ഉച്ചവരെ തീരപ്രദേശങ്ങളിൽ കടലാക്രമണത്തിനും (Coastal Flooding) സാധ്യതയുണ്ട്. ബുധനാഴ്ചയോടെ മാത്രമേ കാലാവസ്ഥ പൂർണ്ണമായും സാധാരണ നിലയിലാവുകയുള്ളൂ. സെൻട്രൽ ന്യൂഫൗണ്ട്‌ലാൻഡ് മേഖലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്; ഇവിടെ 35 സെന്റിമീറ്റർ വരെ മഞ്ഞുവീഴ്ചയാണ് പ്രതീക്ഷിക്കുന്നത്.
Eastern Newfoundland bracing for over 50 cm of snow in looming storm
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82



