കാനഡയുടെ വടക്കൻ മേഖലകളിൽ ആയിരക്കണക്കിന് ആളുകളുടെ ജീവന് ഭീഷണിയായി ഭൂകമ്പ സാധ്യത വർധിക്കുന്നു. പതിറ്റാണ്ടുകളായി ശാന്തമെന്ന് കരുതിയിരുന്ന ടിന്റിന ഫോൾട്ട് (Tintina fault) എന്ന ഭൗമപാളി സജീവമാണെന്ന് പുതിയ പഠനങ്ങൾ തെളിയിച്ചു. ഏകദേശം 1,000 കിലോമീറ്ററിലധികം നീളമുള്ള ഈ ഭൗമപാളിയിൽ 12,000 വർഷമായി ഭൂചലനം ഇല്ലാതെയിരിക്കുകയാണ്. വിക്ടോറിയ യൂണിവേഴ്സിറ്റി, കാനഡയുടെ ജിയോളജിക്കൽ സർവേ, ആൽബെർട്ട യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞരാണ് ഈ കണ്ടുപിടിത്തത്തിന് പിന്നിൽ.
വടക്കൻ കാനഡയിലെ യുകോൺ പ്രവിശ്യയിലൂടെ കടന്നുപോകുന്ന ടിന്റിന ഫോൾട്ട്, കാലിഫോർണിയയിലെ കുപ്രസിദ്ധമായ സാൻ ആൻഡ്രിയാസ് ഫോൾട്ടിന് സമാനമായ സ്വഭാവമുള്ള ഒരു ലാറ്ററൽ സ്ട്രൈക്ക്-സ്ലിപ്പ് ഫോൾട്ടാണ്. 7.5-ഓ അതിലധികമോ തീവ്രതയുള്ള ഭൂകമ്പം ഈ ഫോൾട്ടിൽ സംഭവിക്കാൻ സാധ്യതയുണ്ടെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. പതിറ്റാണ്ടുകളായി ഇതിന് യാതൊരു കുലുക്കവും സംഭവിച്ചിട്ടില്ല, അതിനാൽ ഈ ഫോൾട്ടിൽ വലിയ തോതിലുള്ള സമ്മർദ്ദം രൂപപ്പെട്ടിട്ടുണ്ടെന്ന് ഗവേഷകർ പറയുന്നു.
ഡ്രോണുകളും വിമാനങ്ങളും ഉപയോഗിച്ചുള്ള അതിനൂതന ലിഡാർ (Lidar) സാങ്കേതികവിദ്യയിലൂടെയും ആർട്ടിക് ഡിഇഎം (ArcticDEM) സാറ്റലൈറ്റ് പദ്ധതിയിൽ നിന്നുള്ള വിവരങ്ങളിലൂടെയുമാണ് ഗവേഷകർ ഈ കണ്ടെത്തലുകൾ നടത്തിയത്. ഈ സാങ്കേതിക വിദ്യയിലൂടെ ഭൂചലനം കാരണം ഭൂമിയിലുണ്ടായ നേരിയ മാറ്റങ്ങൾ പോലും കണ്ടെത്താൻ സാധിച്ചു. ഭൂകമ്പങ്ങൾ കാരണം രൂപപ്പെട്ട റിഡ്ജുകൾ (fault scarps) ഇതിൽ പ്രധാനമാണ്.
130 കിലോമീറ്റർ നീളമുള്ള ടിന്റിന ഫോൾട്ടിൽ ക്വാട്ടേർനറി കാലഘട്ടത്തിൽ (ഏകദേശം 2.6 ദശലക്ഷം വർഷങ്ങൾക്ക് മുൻപ്) ഭൂകമ്പങ്ങളുണ്ടായതിന്റെ വ്യക്തമായ സൂചനകളുണ്ട്. ഏകദേശം 1,32,000 വർഷം പഴക്കമുള്ള ഭൗമ സവിശേഷതകൾ 75 മീറ്ററോളം സ്ഥാനചലനം സംഭവിച്ചതായി കണ്ടെത്തി. അതേസമയം, 12,000 വർഷം പഴക്കമുള്ള ഉപരിതലങ്ങൾ യാതൊരു മാറ്റവും സംഭവിച്ചതായി കണ്ടെത്തിയിട്ടില്ല. അതിനാൽ ഈ സമയത്തിന് മുൻപാകണം അവസാനമായി വലിയ ഭൂകമ്പം സംഭവിച്ചത് എന്ന് ശാസ്ത്രജ്ഞർ കരുതുന്നു.
വിക്ടോറിയ യൂണിവേഴ്സിറ്റിയിലെ ഗവേഷകനായ ഡോ. തെറോൺ ഫിൻലി പറയുന്നതനുസരിച്ച്, 12,000 വർഷത്തിലേറെയായി ഈ ഫോൾട്ടിൽ സമ്മർദ്ദം രൂപപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇത് 7.5-ഓ അതിൽ കൂടുതലോ തീവ്രതയുള്ള ഭൂകമ്പത്തിന് കാരണമായേക്കാം. ഇത് യുകോൺ പ്രവിശ്യയിലെ മനുഷ്യവാസമുള്ള പ്രദേശങ്ങളിൽ വലിയ നാശനഷ്ടങ്ങൾക്ക് ഇടയാക്കും. ചരിത്രപരമായ നഗരമായ ഡോസൺ സിറ്റി, ഈ ഭൗമപാളിയിൽ നിന്ന് വെറും 20 കിലോമീറ്റർ അകലെയാണ്. ഇവിടെയുള്ള പഴയ തടി നിർമ്മിതികൾ ഭൂകമ്പത്തെ അതിജീവിക്കാൻ ശേഷിയില്ലാത്തവയാണ്. ഈ മേഖലയിൽ വലിയ മണ്ണിടിച്ചിലിനും സാധ്യതയുണ്ട്.
നിലവിൽ കാനഡയുടെ നാഷണൽ സീസ്മിക് ഹസാർഡ് മോഡലിൽ (NSHM) ഈ ഫോൾട്ട് ഉൾപ്പെട്ടിട്ടില്ല. ഈ മോഡലാണ് രാജ്യത്തെ നിർമാണ പ്രവർത്തനങ്ങൾക്കും ദുരന്ത നിവാരണത്തിനും ഉപയോഗിക്കുന്നത്. പുതിയ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ ഈ മോഡൽ അപ്ഡേറ്റ് ചെയ്യാൻ തീരുമാനിച്ചിട്ടുണ്ടെന്ന് നാച്ചുറൽ റിസോഴ്‌സസ് കാനഡ അറിയിച്ചു.
ട്രോൺഡെക് ഹ്വെച്ചിൻ, നാ-ചോ നൈയാക് ഡൺ ഫസ്റ്റ് നേഷൻസ് തുടങ്ങിയ തദ്ദേശീയ സമൂഹങ്ങളുടെ സഹകരണത്തോടെയാണ് ഈ പഠനങ്ങൾ നടത്തിയത്. ഭൂകമ്പങ്ങൾ എപ്പോൾ സംഭവിക്കുമെന്ന് കൃത്യമായി പ്രവചിക്കാൻ കഴിയില്ലെങ്കിലും, ടിന്റിന ഫോൾട്ട് ഒരു വലിയ ഭൂകമ്പത്തിന്റെ വക്കിലാണെന്ന് ഭൗമശാസ്ത്രപരമായ തെളിവുകൾ സൂചിപ്പിക്കുന്നുണ്ടെന്ന് ഡോ. ഫിൻലി പറയുന്നു. ഭീഷണിയെ നേരിടാൻ അടിയന്തരമായി അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Earthquake risk in Canada! Yukon fault shows signs of awakening after 12,000 years, threatening thousands



