ഒഷാവ: ഒഷാവയിൽ അക്രമാസക്തനായ യുവാവിനെ കീഴടക്കാനുള്ള ശ്രമത്തിനിടെ പോലീസ് ഉദ്യോഗസ്ഥന് സഹപ്രവർത്തകന്റെ വെടിയേറ്റു. ഞായറാഴ്ച രാവിലെ പതിനൊന്ന് മണിയോടെ ഒഷാവയിലെ സിംകോ സ്ട്രീറ്റിന് സമീപമാണ് സംഭവം നടന്നത്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച ഒരാൾ ആയുധവുമായി ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നു എന്ന പരാതിയെത്തുടർന്ന് എത്തിയതായിരുന്നു ഡർഹാം റീജിയണൽ പോലീസ് സംഘം.
സ്ഥലത്തെത്തിയ പോലീസ് സംഘം കണ്ടത് കത്തി വീശി ഭീഷണിപ്പെടുത്തുന്ന 27 വയസ്സുകാരനെയാണ്. ഇയാളെ തടയാനുള്ള ശ്രമത്തിനിടെ ഒരു പോലീസ് ഉദ്യോഗസ്ഥൻ വെടിയുതിർക്കുകയായിരുന്നു. എന്നാൽ വെടിയുണ്ടകൾ യുവാവിന് പുറമെ ഒപ്പമുണ്ടായിരുന്ന മറ്റൊരു ഉദ്യോഗസ്ഥനും കൂടി ഏൽക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഉദ്യോഗസ്ഥനെ ഉടൻ തന്നെ ടൊറന്റോയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
സംഭവത്തെത്തുടർന്ന് ഒന്റാറിയോയിലെ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് (SIU) അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോലീസ് ഉദ്യോഗസ്ഥർ തോക്ക് ഉപയോഗിക്കുന്ന സാഹചര്യങ്ങളിലോ ഗുരുതരമായ പരിക്കുകൾ സംഭവിക്കുമ്പോഴോ ആണ് ഇത്തരം അന്വേഷണങ്ങൾ നടക്കാറുള്ളത്. അക്രമാസക്തനായ യുവാവിനെതിരെ പോലീസിനെ ആക്രമിച്ചതിനും മാരകായുധങ്ങൾ കൈവശം വെച്ചതിനും കേസെടുത്തിട്ടുണ്ട്. ഡർഹാം പോലീസിന് പിന്തുണയുമായി ഒന്റാറിയോ പ്രീമിയർ ഡഗ് ഫോർഡും ടൊറന്റോ പോലീസ് ചീഫ് മൈറോൺ ഡെംകിവും രംഗത്തെത്തി. തങ്ങളുടെ സമൂഹത്തെ സംരക്ഷിക്കാൻ ഓരോ ദിവസവും ജീവൻ പണയപ്പെടുത്തി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടെ സുരക്ഷയിൽ അവർ ആശങ്ക രേഖപ്പെടുത്തി.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Durham police officer shot by fellow officer during mental health call



